തിരുവനന്തപുരം| എ എ വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഇന്നലെ ഉച്ചയോടെ പൂർണമായി എത്തിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. ഇതുവരെ 2,10,000 കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകൾക്ക് പുറമെയാണിത്.
കിറ്റ് വാങ്ങാനെത്തുന്ന മുഴുവൻ മഞ്ഞ കാർഡുടമകൾക്കും കിറ്റ് വിതരണം ഉറപ്പുവരുത്തും. ഇന്ന് റേഷൻ കടകൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഇടവേളകളില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.ക്ഷേമ സ്ഥാപനങ്ങൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. മറ്റുള്ള ജില്ലകളിൽ ഇന്നലെ വൈകുന്നേരത്തോടെയും കിറ്റ് വിതരണം പൂർത്തിയാക്കി. 136 ആദിവാസി ഊരുകളിൽ കിറ്റുകൾ എത്തിച്ചു നൽകി. ഇന്നത്തോടെ കിറ്റ് വിതരണം പൂർത്തിയാകും. കിറ്റ് കൈപ്പറ്റാനുള്ള റേഷൻ കാർഡുടമകൾ ഇന്ന് കൈപ്പറ്റണം.
ഓണക്കിറ്റ് വിതരണം രണ്ട് ദിവസം മുമ്പേ ആരംഭിച്ചുവെങ്കിലും റേഷൻ കടകളിൽ എത്തിച്ച് നൽകുന്നതിലുണ്ടായ കാലതാമസം കാരണം വിവിധയിടങ്ങളിൽ വിതരണം ഭാഗികമായി നിലച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള മിക്ക ജില്ലകളിലും വിതരണത്തിന് ആവശ്യമായ കിറ്റുകൾ എത്തിക്കാൻ സപ്ലൈകോക്ക് കഴിഞ്ഞിരുന്നില്ല. ഓണത്തിന് ഒരു ദിനം ശേഷിക്കെ കിറ്റ് വിതരണം നടക്കാത്തതിൽ വലിയ വിമർശം ഉയരുകയും ചെയ്തു. പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ മുഴുവൻ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിച്ചത്. ആകെ അഞ്ചര ലക്ഷം മഞ്ഞ റേഷൻ കാർഡുടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ളത്.
source https://www.sirajlive.com/onkit-distribution-will-be-completed-today.html
Post a Comment