ബുള്‍ഡോസര്‍ രാജ് ഹരിയാനയിലും

ഭരണകൂട ഭീകരതയുടെ ആയുധമായി മാറിയിരിക്കുന്നു ബുള്‍ഡോസര്‍. രാഷ്ട്രീയ, വംശീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ഭരണവര്‍ഗം ബുള്‍ഡോസര്‍ ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ഉത്തര്‍ പ്രദേശിനും മധ്യപ്രദേശിനും അസമിനും ഗുജറാത്തിനും പിന്നാലെ ഇപ്പോള്‍ ഹരിയാനയിലും മുസ്‌ലിംകള്‍ക്കെതിരെ ബുള്‍ഡോസര്‍ പ്രയോഗം നടന്നു വരികയാണ്. യു പിയില്‍ കഴിഞ്ഞ വര്‍ഷം പ്രയാഗ് രാജ്, സഹാറന്‍പൂര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലെല്ലാം ബുള്‍ഡോസര്‍ രാജ് അരങ്ങേറി. മധ്യപ്രദേശില്‍ 2022 ഏപ്രിലിലും ഒക്ടോബറിലും നിരവധി മുസ്‌ലിം വീടുകള്‍ ബുള്‍ഡോസറുകള്‍ക്കിരയായി. രാമനവമി ആഘോഷത്തിനിടെയുണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടവരെന്നാരോപിച്ചായിരുന്നു ഇവിടെ ആദ്യത്തെ ബുള്‍ഡോസര്‍ രാജ്. നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന വേദിയിലേക്ക് കല്ലെറിഞ്ഞെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വീടുകളാണ് ഒക്ടോബറില്‍ തകര്‍ത്തത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടായതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്ത് ഹിമ്മത്ത് നഗറില്‍ പത്തോളം മുസ്‌ലിം വീടുകളും കെട്ടിടങ്ങളും മുനിസിപ്പല്‍ ഭരണകൂടം പൊളിച്ചത്.

ഹരിയാനയില്‍ നൂഹ് വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ മതന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ടൗരു മേഖലയിലെ ഇരുനൂറ്റമ്പതോളം കുടിലുകളും രണ്ട് ഡസനിലധികം മെഡിക്കല്‍ സ്റ്റോറുകളും അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അധികാരവര്‍ഗ ഭാഷ്യമെങ്കിലും മുസ്‌ലിംകളുടെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട്ട്. ശഹീദ് ഹസന്‍ ഖാന്‍ മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ നിന്നാണ് മെഡിക്കല്‍ സ്റ്റോറുകള്‍ പൊളിച്ചത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടിയെന്നാണ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അശ്വിനി കുമാര്‍ അറിയിച്ചത്.

അസമില്‍ നിന്നെത്തിയ മുസ്‌ലിംകളാണ് ടൗരുവിലെ താമസക്കാരിലേറെയും. സംസ്ഥാനത്തെ കഴിഞ്ഞ ദിവസത്തെ വര്‍ഗീയ കലാപത്തിന് പിന്നില്‍ ഇവരാണെന്നാണ് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിക്കുന്നത്. വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വേണ്ടിവന്നാല്‍ തുടര്‍ന്നും ബുള്‍ഡോസറുകള്‍ ഉപയോഗിക്കുമെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജിന്റെ ഭീഷണി. അതേസമയം, അന്വേഷണത്തില്‍ ഇതുവരെയും സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ പൊളിച്ച മേഖലകളില്‍ നിന്ന് അറസ്റ്റ് ഭയന്ന് ജനങ്ങള്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ സമീപകാലത്ത് നടന്ന പല ബുള്‍ഡോസര്‍ പ്രയോഗവും മുസ്‌ലിംകളെ ലക്ഷ്യമാക്കിയാണ് അരങ്ങേറിയതെന്നും രാജ്യത്ത് മുസ്‌ലിംകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെയുള്ള ആസൂത്രിത ഭരണകൂട നീക്കങ്ങള്‍ വര്‍ധിച്ചതായും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ട് വിലയിരുത്തുന്നുണ്ട്. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഇത്തരം ഭരണകൂട ഭീകരത രാജ്യത്ത് നോര്‍മലൈസ് ചെയ്യപ്പെടുന്നതായും ജനുവരി 12ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.

ഒരു കുടിലോ കെട്ടിടമോ അനധികൃതമെന്നു ബോധ്യപ്പെട്ടാല്‍ തന്നെ അത് പൊളിച്ചുനീക്കുന്നതിന് നിരവധി നടപടിക്രമങ്ങളുണ്ട്. ഒരു മാസം മുമ്പെങ്കിലും നോട്ടീസ് നല്‍കി വേണം പൊളിക്കാനെന്നാണ് ചട്ടം. യു പിയിലും മധ്യപ്രദേശിലും ഹരിയാനയിലുമൊന്നും ചട്ടം പാലിച്ചിട്ടില്ല. കോടതിയുടെ കണ്ണില്‍ പൊടിയിടാനായി കെട്ടിടം പൊളിക്കുന്നതിന്റെ തലേദിവസമാണ് നോട്ടീസ് പതിച്ചത്. അതും അര്‍ധരാത്രിയില്‍. ബുള്‍ഡോസര്‍ രാജിനെതിരെ ജുഡീഷ്യറിയില്‍ നിന്ന് പലപ്പോഴായി കടുത്ത വിമര്‍ശം ഉയര്‍ന്നതാണ്. വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തികച്ചും നീതിപൂര്‍വവും നിയമങ്ങളും ചട്ടങ്ങളും പാലിച്ചുമായിരിക്കണമെന്ന് കോടതികള്‍ പലതവണ ഭരണകൂടങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഗുവാഹത്തില്‍ കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന്, തീവെപ്പ് കേസുകളില്‍ പ്രതികളായ ചിലരുടെ വീടുകള്‍ സംസ്ഥാന ഭരണകൂടം പൊളിച്ചു നീക്കിയപ്പോള്‍, അധികാരികള്‍ നടപടിക്രമം പാലിക്കണമെന്നും അനുമതിയില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും വീടുകള്‍ പൊളിച്ചു നീക്കാന്‍ പോലീസിന് അധികാരമില്ലെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം. ജനാധിപത്യ സംവിധാനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പോലീസിനോ മറ്റു ഭരണകൂട ഉദ്യോഗസ്ഥര്‍ക്കോ അന്വേഷണത്തിന്റെ മറവില്‍ ആവശ്യമായ ചട്ടങ്ങള്‍ പാലിക്കാതെ ബുള്‍ഡോസര്‍ ഉപയോഗിക്കാനോ വീടുകള്‍ നിരപ്പാക്കാനോ ജനാധിപത്യ വ്യവസ്ഥ അനുവദിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രാം ഛയ്യ, ജസ്റ്റിസ് സൗമിത്ര സൈക്കിയ എന്നിവരടങ്ങിയ ബഞ്ച് ഓര്‍മപ്പെടുത്തി.

നടേപറഞ്ഞ ബുള്‍ഡോസര്‍ പ്രയോഗങ്ങളെല്ലാം അരങ്ങേറിയത് ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാല്‍ വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്നത് ഒരു വിഭാഗത്തിന്റേത് മാത്രവും. ഇതെന്ത് നീതി? മാത്രമല്ല, വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഭരണകൂടത്തിന് നേരിട്ട് അയാളെ ശിക്ഷിക്കാന്‍ അധികാരമില്ല. ജുഡീഷ്യറിയാണ് അത് നടപ്പാക്കേണ്ടത്. ജുഡീഷ്യറിയെ അവഗണിച്ചാണ് ബി ജെ പി സര്‍ക്കാറുകള്‍ ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും. തിരഞ്ഞെടുപ്പ് റാലികളിലും പ്രചാരണ വേദികളിലും ഒതുങ്ങി നിന്നിരുന്ന വിഭജന രാഷ്ട്രീയം അധികാരത്തിന്റെ പ്രയോഗത്തിലേക്ക് തന്നെ കടന്നുകയറുകയാണ്.



source https://www.sirajlive.com/bulldozer-raj-in-haryana-too.html

Post a Comment

Previous Post Next Post