കഴിഞ്ഞ ദിവസം ചേരാന്‍ നിശ്ചയിച്ച സംസ്ഥാന നിയമസഭാ സമ്മേളനം ചേരാതിരുന്നതിലൂടെ മണിപ്പൂരിന്റെ ഭീകരാവസ്ഥ ഒരിക്കല്‍ കൂടി തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍, മണിപ്പൂര്‍ സമാധാനത്തിന്റെ പാതയിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും സത്യം അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കുക്കികള്‍ക്കും മെയ്തെയ്ള്‍ക്കും തങ്ങളുടെ പ്രദേശങ്ങള്‍ വിട്ട് യാത്ര ചെയ്യാനാകാത്ത അവസ്ഥനിലനില്‍ക്കുകയാണെന്നുള്ള വാര്‍ത്തകള്‍ ഇതോടൊപ്പം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ആഗസ്റ്റ് നാലിന് ചേര്‍ന്ന മണിപ്പൂര്‍ മന്ത്രിസഭാ യോഗത്തിലാണ് 21ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഈ വിവരം ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുകൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചില്ല. മണിപ്പൂര്‍ നിയമസഭ അവസാനമായി ചേര്‍ന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. ആറ് മാസം തികയുന്നതിനു മുമ്പ് അടുത്ത നിയമസഭ ചേരേണ്ടതുണ്ട്. സെപ്തംബര്‍ ആറിന് കാലാവധി അവസാനിക്കും.
സംസ്ഥാനത്തെ ക്രമസമാധാനനില കണക്കിലെടുത്താണ് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതെന്ന വിശദീകരണം പുറത്തുവന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് എം എല്‍ എമാര്‍ക്ക് തലസ്ഥാനമായ ഇംഫാലില്‍ എത്തിച്ചേരാനുള്ള സ്ഥിതിയല്ല നിലവിലുള്ളത്. അതിനിടെ കുക്കി വിഭാഗത്തിലെ പത്ത് എം എല്‍ എമാര്‍ നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബഹിഷ്‌കരണ പ്രഖ്യാപനം നടത്തിയ എം എല്‍ എമാരില്‍ ഏഴ് പേര്‍ ഭരണകക്ഷിയായ ബി ജെ പി അംഗങ്ങളാണ്. സംസ്ഥാന നിയമസഭയിലെ അംഗസംഖ്യ 60 ആണ്. ഇവരില്‍ 40 എം എല്‍ എമാര്‍ മെയ്തെയ് വിഭാഗക്കാരാണ്. ബാക്കിയുള്ളവര്‍ കുക്കി, നാഗാ വിഭാഗക്കാരും. നിയമസഭ ചേരാതിരുന്നത് വിവാദമായതിനെ തുടര്‍ന്ന് അവസാനം ഈ മാസം 29ന് നിയമസഭ വിളിച്ചു ചേര്‍ത്തുകൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
നേരത്തേ ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. സെപ്തംബര്‍ രണ്ടിനകം നിയമസഭ ചേര്‍ന്നില്ലെങ്കില്‍ സ്വാഭാവികമായും മുഖ്യമന്ത്രി ബിരേന്‍ സിംഗിന് താഴെയിറങ്ങേണ്ടി വരും. കുക്കികളും പ്രതിപക്ഷവും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ബിരേന്‍ സിംഗ് മന്ത്രിസഭയെ ദയാവധത്തിനു വിട്ടുകൊടുത്തു കൊണ്ട് പ്രതിഷേധത്തിന്റെ ശക്തി കുറക്കാമെന്ന് കേന്ദ്ര സര്‍ക്കാറും ബി ജെ പിയും ആഗ്രഹിച്ചതായിരുന്നു. നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള ഉത്തരവ് ഒടുവില്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ചത് മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു. മെയ്തെയ് വിഭാഗം ശക്തമായി പിന്തുണക്കുന്ന നേതാവാണ് ബിരേന്‍ സിംഗ്. അദ്ദേഹത്തിന്റെ അപ്രീതി മണിപ്പൂരില്‍ ബി ജെ പിക്ക് ദോഷം ചെയ്യും.
മണിപ്പൂരിലെ സാമുദായിക കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വനിതാ ജഡ്ജിമാരുടെ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ മണിപ്പൂരില്‍ അനിവാര്യമായിരിക്കുകയാണ്. കലാപത്തിനിരയായവര്‍ക്ക് ആശ്വാസം പകരുന്നതാണ് സമതിയുടെ റിപോര്‍ട്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം മണിപ്പൂരിന്റെ പ്രശ്‌നം പരിഹരിക്കാനിടയില്ല. കുക്കികള്‍ അനര്‍ഹമായത് അനുഭവിക്കുകയും അര്‍ഹതപ്പെട്ടത് തങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നുവെന്ന വികാരം മെയ്തെയ്കള്‍ക്കുണ്ട്. പതിറ്റാണ്ടുകളായി മെയ്തെയ്കളുടെ മനസ്സില്‍ പുകയുന്ന വികാരമാണിത്. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങള്‍ പരിഹരിക്കുമ്പോള്‍ തങ്ങള്‍ ഒാരോ തവണയും ബലിയാടുകളാകുകയാണെന്ന് മെയ്തെയ്കള്‍ കരുതുന്നു.
മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനം മെയ്തെയ്കളാണ്. കുക്കികള്‍ 40.8 ശതമാനവും. മെയ്തെയ്കള്‍ താമസിക്കുന്നതിന്റെ ഒമ്പത് മടങ്ങ് പ്രദേശം കുക്കികളുടെ നിയന്ത്രണത്തിലാണ്. കുക്കികളുമായുള്ള മെയ്തെയ്കളുടെ കാതലായ പ്രശ്‌നവും ഇതാണ്. അതായത് ഭൂപ്രശ്‌നം. ഭൂരിപക്ഷമായ തങ്ങള്‍ ചുരുങ്ങിയ സ്ഥലത്ത് ഒതുക്കപ്പെടുമ്പോള്‍ ന്യൂനപക്ഷമായ കുക്കികള്‍ ഭൂമിയുടെ സിംഹഭാഗവും കൈയടക്കി വെച്ചിരിക്കുന്നുവെന്നാണ് പരാതി. മലയോര സംസ്ഥാനമായ മണിപ്പൂരില്‍ ആദിവാസി വിഭാഗമെന്ന പരിഗണനയിലാണ് കുക്കികള്‍ വനപ്രദേശം നിയമപരമായി കൈയടക്കിയിരിക്കുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി മെയ്തെയ്കള്‍ തങ്ങളെ എസ് ടി വിഭാഗത്തില്‍ പെടുത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്.
കഴിഞ്ഞ മെയ് മൂന്നിന് മണിപ്പൂര്‍ ഹൈക്കോടതി മെയ്തെയ്കളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധം നാല് മാസമായിട്ടും കലാപമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ജീവാപായവും വസ്തു വകകളുടെ നഷ്ടവും നേരിട്ടത് കുക്കികള്‍ക്കാണ്. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ നടപടി ഉള്‍ക്കൊള്ളാൻ മെയ്തെയ്കള്‍ തയ്യാറായിട്ടില്ല. തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ മെയ്തെയ്കള്‍ പല കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവിധ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി മണിപ്പൂരിലെ ജനങ്ങള്‍ അഗ്‌നിപരീക്ഷണങ്ങളുടെ നടുവിലാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ തുടര്‍ച്ചയായി രണ്ട് മാസം മണിപ്പൂരില്‍ ബോംബ് വര്‍ഷിക്കുകയുണ്ടായി. അതിനു മുമ്പും പിമ്പും ഗോത്രത്തിന്റെയും അതിരുകളുടെയും സ്വയംഭരണ അവകാശത്തിന്റെയും പേരില്‍ മണിപ്പൂരില്‍ കലഹങ്ങള്‍ നടന്നു. വിഘടനവാദികളും തീവ്രവാദികളും മണിപ്പൂരിനെ വളക്കൂറുള്ള മണ്ണായാണ് കണ്ടിരുന്നത്. ഗോത്രവര്‍ഗക്കാരായ മണിപ്പൂരികള്‍ മതപരമായി വിഭജിക്കപ്പെടുന്നത് 1709-1750 കാലത്താണ്. ഈ കാലയളവില്‍ രാജാവായിരുന്ന മെയ്തെയ് വര്‍ഗക്കാരനായ രാജാവ് ഹിന്ദുമതം സ്വീകരിക്കുകയും തന്റെ വര്‍ഗത്തെ ഹിന്ദുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പ്രദേശത്തിന് മണിപ്പൂര്‍ എന്ന പേര് നല്‍കിയതും ഈ രാജാവായിരുന്നു. 1891ല്‍ ബ്രിട്ടന്‍ മണിപ്പൂരിനെ ആക്രമിച്ചു കീഴടക്കി. സംസ്ഥാനത്തെ ആദിവാസികളായ കുക്കികള്‍, നാഗാ വിഭാഗങ്ങള്‍ ക്രിസ്തുമതത്തില്‍ ചേരുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. തുടര്‍ന്ന് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെ മണിപ്പൂരില്‍ ക്രിസ്തു മതം പ്രബല സമുദായമായി മാറി.
1947ല്‍ ബ്രിട്ടീഷുകാര്‍ മണിപ്പൂരിന്റെ ഭരണം മഹാരാജ ബുദ്ധ ചന്ദ്രയെ ഏല്‍പ്പിച്ചു. 1949 ഒക്ടോബര്‍ 15ന് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായി. 1956 മുതല്‍ 1972 വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു. 1972ല്‍ സംസ്ഥാന പദവി ലഭിച്ചതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ മുഹമ്മദ് അലീമുദ്ദീന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഭരണ പ്രദേശമായതു മുതല്‍ വിവിധ കാരണങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്ത് കലാപങ്ങള്‍ നടന്നുവരികയാണ്.
വിവിധ പേരുകളില്‍ നിരവധി തീവ്രവാദ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങി. 80കളുടെ അവസാനം പൂര്‍ണമായും മണിപ്പൂര്‍ തീവ്രവാദ സംഘടനകളുടെ പിടിയിലായി. സംസ്ഥാനത്ത് അസം റൈഫിള്‍സിനെ നിയോഗിച്ചതും സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നടപ്പാക്കിയതും വിഘടനവാദം ശക്തിപ്പെട്ട സന്ദര്‍ഭത്തിലാണ്. സായുധ സേനകളില്‍ നിന്ന് മണിപ്പൂരികള്‍ക്ക് ഏറെ ദുരന്തങ്ങള്‍ നേരിടേണ്ടിവന്നു. അഫ്‌സ്പ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള 16 വര്‍ഷം തുടര്‍ച്ചയായി നിരാഹാരം അനുഷ്ഠിച്ചത് ചരിത്രത്തിന്റെ ഭാഗമായി കിടപ്പുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വവും മണിപ്പൂരിന്റെ കൂടപ്പിറപ്പായിരുന്നു. ഒരു ദിവസവും മൂന്ന് ദിവസവും പത്ത് ദിവസവും മുഖ്യമന്ത്രിയായിരുന്നവര്‍ സംസ്ഥാനത്തുണ്ട്. പത്തിലേറെ തവണ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി.
1891 മുതല്‍ 1931 വരെ ബ്രിട്ടീഷുകാര്‍ നടത്തിയ സെന്‍സസില്‍ മെയ്തെയ് വിഭാഗത്തെ ആദിവാസികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 1951 സെപ്തംബര്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട സെന്‍സസ് പട്ടികയില്‍ തങ്ങളെ ആദിവാസി വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്തതായി മെയ്തെയ്കള്‍ കുറ്റപ്പെടുത്തുന്നു. നാഗാ വിഭാഗത്തെയും കുക്കികളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ, മണിപ്പൂര്‍ ലാന്‍ഡ് ആക്ട് പ്രകാരം വനപ്രദേശങ്ങളില്‍ ആദിവാസികളല്ലാത്ത മെയ്തെയ്കള്‍ ഭൂമി കൈവശം വെക്കരുതെന്ന ഉത്തരവും പുറത്തുവന്നു. ഇതോടെ മണിപ്പൂരിലെ ഭൂമിയുടെ 90 ശതമാനം പ്രദേശവും മെയ്തെയ്കള്‍ക്ക് കടന്നു ചെല്ലാനാകാത്ത ഇടമായി മാറി. ഇതുകാരണം ഭൂരഹിതരായ മെയ്തെയ്കളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മണിപ്പൂര്‍ 1949ല്‍ ഇന്ത്യയുടെ ഭാഗമാകുന്നത് വരെ ഈ വിവേചനം ഉണ്ടായിരുന്നില്ല. 1949ന് മുമ്പുള്ള അവസ്ഥ വീണ്ടെടുക്കണമെന്നാണ് മെയ്തെയ്കള്‍ ആവശ്യപ്പെടുന്നത്. മണിപ്പൂരിനെ ഹില്‍ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ച് എല്ലാ തദ്ദേശീയര്‍ക്കും സംസ്ഥാനത്ത് എവിടെയും സ്ഥിരതാമസമാക്കാനുള്ള അവകാശം വേണമെന്ന മെയ്തെയ്കളുടെ ആവശ്യം പരിഗണിക്കപ്പെടുമ്പോഴേ മണിപ്പൂരില്‍ പൂര്‍ണ സമാധാനം കൈവരികയുള്ളൂ.
source https://www.sirajlive.com/mayteis-should-also-be-heard-to-achieve-peace.html
إرسال تعليق