അനായാസം; നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ, സൂപ്പര്‍ ഫോറില്‍

പല്ലേക്കലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ആധികാരിക ജയവുമായി ഇന്ത്യ. മഴ നിറം കെടുത്തിയ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ഇതോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു.

ഡി എല്‍ എസ് പ്രകാരം 23 ഓവറില്‍ 145 റണ്‍സായിരുന്നു വിജയ ലക്ഷ്യം. രണ്ട് ഓവറും അഞ്ച് പന്തും ശേഷിക്കേ തന്നെ ഇന്ത്യയുടെ ഓപണിങ് കൂട്ടുകെട്ടായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ലക്ഷ്യം മറികടന്നു. സ്‌കോര്‍: നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്ത്. ഇന്ത്യ: 20.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 147.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയെ ഞെട്ടിക്കുന്ന തുടക്കമാണ് ഓപണിങിനിറങ്ങിയ ആസിഫ് ഷെയ്ഖും സോംപാല്‍ കാമിയും ചേര്‍ന്ന് നേപ്പാളിന് നല്‍കിയത്. 97 പന്ത് നേരിട്ട ആസിഫ് 58 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ 48 റണ്‍സായിരുന്നു സോംപാലിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീടെത്തിയ ബാറ്റര്‍മാരില്‍ മൂന്ന് പേര്‍ക്കു മാത്രമേ രണ്ടക്കം കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എന്നിട്ടും സ്‌കോര്‍ 230ല്‍ എത്തിക്കാന്‍ ക്രിക്കറ്റിലെ ശിശുക്കളായ നേപ്പാളിനു കഴിഞ്ഞു.

കുശല്‍ ബര്‍ടല്‍ 25ല്‍ 38ഉം ഗുല്‍സന്‍ ഷാ 35ല്‍ 23ഉം ദിപേന്ദ്ര സിങ് ഐറി 25ല്‍ 29ഉം റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങില്‍ നായകന്‍ രോഹിത് ശര്‍മ 59 പന്തില്‍ 74 റണ്‍സും ശുഭ്മാന്‍ ഗില്‍ 62ല്‍ 67ഉം റണ്‍സ് നേടി ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു.



source https://www.sirajlive.com/ease-india-beat-nepal-by-10-wickets-in-super-four.html

Post a Comment

Previous Post Next Post