370ാം വകുപ്പും ഭരണകൂട നുണകളും

പ്രദേശത്തെ തീവ്രവാദ ആക്രമണത്തിന് അറുതി വരുത്തി സമാധാനം പുനഃസ്ഥാപിക്കാനെന്ന അവകാശവാദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തിന്റെ സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ് കേന്ദ്രം ഭരണം ഏറ്റെടുക്കുകയും ചെയ്തത്. ഈ നടപടി ഫലം ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാന്‍ അവിടെ സമാധാനാന്തരീക്ഷം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ ഇടക്കിടെ പ്രസ്താവന നടത്തി വരികയും ചെയ്യുന്നു. എന്നാല്‍ കശ്മീരില്‍ സ്ഥിതി കൂടുതല്‍ മോശമാകുകയാണെന്ന് അനന്ത്‌നാഗ് ഉള്‍പ്പെടെ സമീപകാല സംഭവങ്ങള്‍ വിളിച്ചോതുന്നു. രൂക്ഷമായ സൈനിക-തീവ്രവാദ ഏറ്റുമുട്ടലാണ് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്നത്. കേണല്‍ മന്‍പ്രീത് സിംഗ്, രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ മേജര്‍ ആശിഷ് ധോനാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരടക്കം നാല് ജവാന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

അനന്ത്‌നാഗ് ജില്ലയിലെ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായതും സൈനികര്‍ കൊല്ലപ്പെട്ടതുമെന്നാണ് സൈനിക വിശദീകരണം. സൈനിക നീക്കം ദുഷ്‌കരമായ ഈ മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സൈനികര്‍ തിരച്ചിലും ബോംബിംഗും നടത്തുന്നത്. ബോംബിംഗില്‍ വനത്തിലെ തീവ്രവാദികളുടെ താവളം പൂര്‍ണമായി തകര്‍ത്തതായി സൈന്യം അവകാശപ്പെടുന്നു. ബോംബിംഗിലും ഗ്രനേഡ് വര്‍ഷത്തിലും എത്ര തീവ്രവാദികള്‍ വധിക്കപ്പെട്ടുവെന്ന് ഇനിയും കണക്കെടുത്തിട്ടില്ല. മുഴുവന്‍ പേരെയും കീഴ്‌പ്പെടുത്തിയ ശേഷമേ കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡങ്ങള്‍ സൈന്യം പരിശോധിക്കുകയുള്ളൂവെന്നും സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.
കശ്മീരില്‍ തീവ്രവാദം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുമെന്ന് 2014ല്‍ അധികാരമേറ്റെടുത്ത ഉടനെ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തില്‍ പ്രദേശത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും തിരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. ഈ ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കനത്ത പരാജയമാണെന്ന് 2018 ജനുവരിയില്‍ കണക്കുകള്‍ നിരത്തി മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശത്ത് 2014ല്‍ ഏറ്റുമുട്ടലില്‍ 28 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ട സ്ഥാനത്ത് 2017ല്‍ 57 പേര്‍ കൊല്ലപ്പെടുകയുണ്ടായി. 2014 മുതല്‍ 2018 വരെയുള്ള പത്ത് വര്‍ഷക്കാലത്തിനിടെ കശ്മീരിലെ ഭീകരാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2018ലാണെന്ന് 2019 ഫെബ്രുവരി അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടിലും പറയുന്നു. 451 പേരാണ് 2018ല്‍ കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ആക്രമണം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിക്കുകയാണ്.

സൈനിക നടപടികളും 370ാം വകുപ്പ് റദ്ദാക്കിയതും കശ്മീരില്‍ അശാന്തി വര്‍ധിപ്പിക്കാനല്ലാതെ സമാധാന സ്ഥാപനത്തിന് ഒട്ടും സഹായകമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നു. ഈ ഭരണ പരാജയവും വീഴ്ചയും മറച്ചുവെക്കാന്‍ പെരും നുണകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബി ജെ പിയും സംഘ്പരിവാര്‍ സൈബര്‍ പോരാളികളും. കശ്മീര്‍ ഫയല്‍സ് സിനിമയും ഇതിന്റെ ഭാഗമാണ്. കശ്മീരിന്റെ സ്വയംഭരണാവകാശവും പ്രത്യേക പദവിയും എടുത്തുകളഞ്ഞ കേന്ദ്ര നടപടിയെ ന്യായീകരിക്കുന്ന ഈ സിനിമ എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആഹ്വാനം ചെയ്തതും ബി ജെ പി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ സിനിമക്ക് നികുതിയിളവ് നല്‍കിയതും ഇതിന്റെ പിന്നിലെ കരങ്ങളാരെന്നതിലേക്ക് വ്യക്തമായ സൂചനയാണ്.

കശ്മീരില്‍ പണ്ഡിറ്റുകള്‍ കടുത്ത ദുരിതവും പീഡനവുമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്, 1990 കാലഘട്ടത്തില്‍ അവിടെ നാലായിരം പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു, അഞ്ച് ലക്ഷം പേരെ ആട്ടിയോടിച്ചു തുടങ്ങിയ സംഘ്പരിവാര്‍ നുണകളെ ഏറ്റുപിടിക്കുകയാണ് “കശ്മീര്‍ ഫയല്‍സ്’. എന്നാല്‍, 219 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നത്. പണ്ഡിറ്റുകളുടെ പലായനം നടന്നതായി പറയുന്ന 1990കളില്‍ കേന്ദ്ര ഭരണം കൈയാളിയിരുന്നത് ബി ജെ പി പിന്തുണയോടെ വി പി സിംഗ് ആയിരുന്നുവെന്നും സംഘ്പരിവാര്‍ സഹയാത്രികനായ ജഗ്്മോഹന്‍ ആയിരുന്നു ജമ്മു കശ്മീരിലെ ഗവര്‍ണറെന്നും ഇതോട് കൂട്ടിവായിക്കേണ്ടതുണ്ട്. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് ഭരണം കേന്ദ്രം ഏറ്റെടുത്ത സന്ദര്‍ഭവുമായിരുന്നു അത്.

കശ്മീര്‍ പ്രശ്‌നത്തെ ഗവര്‍ണര്‍ ജഗ്‌മോഹന്റെ കീഴിലുള്ള ഭരണകൂടം വര്‍ഗീയവത്കരിച്ചതാണ് അക്കാലത്ത് അവിടെ കശ്മീര്‍ മുസ്‌ലിംകളും പണ്ഡിറ്റുകളും തമ്മിലുള്ള ഭിന്നത വര്‍ധിക്കാനും പണ്ഡിറ്റുകളുടെ പലായനം വര്‍ധിക്കാനും കാരണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. “ഹിന്ദു പണ്ഡിറ്റുകളെല്ലാം സ്ഥലം വിട്ട് പോയിക്കഴിഞ്ഞാല്‍ പട്ടാളത്തിന് ബോംബിട്ട് എല്ലാ തീവ്രവാദികളെയും കൊല്ലാമല്ലോ’ എന്നായിരുന്നു അന്ന് പണ്ഡിറ്റുകള്‍ക്ക് ഭരണകര്‍ത്താക്കളില്‍ നിന്ന് കിട്ടിയ ആജ്ഞയെന്നാണ് പ്രസ്തുത റിപോര്‍ട്ടില്‍ പറയുന്നത്. കശ്മീര്‍ പ്രശ്‌നം വഷളാകാനും രൂക്ഷമാകാനും കാരണക്കാരാരാണെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇങ്ങനെ ഭരണകൂടവും അതിര്‍ത്തി കടന്നെത്തിയ ചില തീവ്രവാദികളും ഊതിക്കത്തിച്ച സംഘര്‍ഷത്തിന് ഒടുവില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത് നിരപരാധികളായ പാവപ്പെട്ട കശ്മീരികളാണ്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന് അന്നത്തെ ഇന്ത്യാ ഭരണകൂടം പകരം നല്‍കിയ പ്രത്യേക അവകാശങ്ങളാണ് ഇതുവഴി അവര്‍ക്ക് നഷ്ടമായത്. ഇത്തരം കൊടിയ വാഗ്ദത്ത ലംഘനങ്ങള്‍ കൊണ്ടോ വര്‍ഗീയ വിദ്വേഷ നടപടികള്‍ കൊണ്ടോ പുനഃസ്ഥാപിക്കാനാകുമോ കശ്മീരില്‍ സമാധാനാന്തരീക്ഷം? പ്രദേശത്ത് തീവ്രവാദവും ഏറ്റുമുട്ടലുകളും കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണവും പൂര്‍വോപരി വര്‍ധിച്ചുവരികയാണെന്ന യാഥാര്‍ഥ്യത്തെ അടിസ്ഥാനപ്പെടുത്തി വേണം ഇതിന് മറുപടി കണ്ടെത്താന്‍.



source https://www.sirajlive.com/section-370-and-state-lies.html

Post a Comment

Previous Post Next Post