ഇന്നു മുഖ്യമന്ത്രിയുടെ 44 ാം വിവാഹ വാര്‍ഷികം

തിരുവനന്തപുരം | സെപ്റ്റംബര്‍ രണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ 44ാം വിവാഹ വാര്‍ഷിക ദിനം. 1979ല്‍ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എം എല്‍ എ ആയിരുന്ന പിണറായി വിജയന്റെയും തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപികയായിരുന്ന കമലയുടെയും വിവാഹം.

മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് വരെ പിണറായി വിജയന്റെ ജീവിതത്തിലെ ഇത്തരം ആഹ്ലാദ മുഹൂര്‍ത്തങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടിയില്‍ കമലയെ പിണറായി വിജയന്‍ വിവാഹം കഴിക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ പീഡനങ്ങള്‍ക്കും ശേഷം പുറത്തിറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം.

അടിയന്തിരാവസ്ഥയില്‍ പോലീസില്‍ നിന്നു നേരിടേണ്ടിവന്ന ക്രൂരമായ പീഡനത്തിന്റെ അടയാളമായി ചോര പുരണ്ട ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു അന്നു പിണറായി. ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആവേശകരമായ പ്രസംഗം നാടെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂത്തുപറമ്പ് എം എല്‍ എയും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം.

അന്നു സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ചടയന്‍ ഗോവിന്ദനായിരുന്നു കല്ല്യാണത്തിന് കത്തടിച്ച് അതിഥികളെ ക്ഷണിച്ചത്. വര്‍ഷങ്ങള്‍കഴിഞ്ഞു ചടയന്റെ വേര്‍പാടിനു പിന്നാലെയാണു പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്.

തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന വിവാഹത്തില്‍ അതിഥികള്‍ക്ക് നല്‍കിയത് ചായയും ബിസ്‌കറ്റുമായിരുന്നു. പരസ്പരം മാലയിട്ടായിരുന്നു വിവാഹം.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരായിരുന്നു മുഖ്യ കാര്‍മികന്‍. എം വി രാഘവന്‍ ഉള്‍പ്പെടെ അന്നത്തെ സി പി എം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.

 



source https://www.sirajlive.com/today-is-the-chief-minister-39-s-44th-wedding-anniversary.html

Post a Comment

أحدث أقدم