സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥയെ ആഴത്തില്‍ പഠന വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പല കാലങ്ങളിലായി വിവിധ കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. അവര്‍ സമര്‍പ്പിച്ച പഠന റിപോര്‍ട്ടുകളുടെ വെളിച്ചത്തില്‍ രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് സ്‌കോളര്‍ഷിപ്പുകള്‍. കാലാകാലങ്ങളില്‍ വിവിധ സര്‍ക്കാറുകള്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകളിലൂടെ ന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ആശാവഹമായ മുന്നേറ്റമാണ് സാധ്യമാക്കിയത്.
പക്ഷേ, സ്വാതന്ത്ര്യം നേടി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുസ്ലിംകളും ദളിതുകളുമടക്കം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോഴും വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയില്‍ തന്നെയാണെന്ന കാര്യം ഏറെ ദുഃഖകരമാണ്. അതുകൊണ്ട് തന്നെ കുറവുകളും അപര്യാപ്തതകളും പരിഹരിച്ചുകൊണ്ട് സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ള പദ്ധതികള്‍ പൂര്‍വോപരി കാര്യക്ഷമമായി നടത്തുകയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, നേരത്തേ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകളില്‍ പലതും പൂര്‍ണമായും നിര്‍ത്തലാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷകാര്യ മന്ത്രാലയം നടപ്പാക്കിയ ആദ്യ വിദ്യാഭ്യാസ സഹായ പ്രോഗ്രാമുകളിലൊന്നാണ് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികളാണ് ഇതിന്റെ ഉപഭോക്താക്കള്‍. കൃത്യമായ മാനദണ്ഡ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ഥിക്കും 1,000 രൂപ മുതല്‍ 10,700 രൂപ വരെയാണ് ലഭിക്കുക. ഇതിന്റെ 30 ശതമാനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. ഇത്രയുമാണ് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ ശരിയായ ചിത്രം.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനു മേല്‍ നിര്‍ദാക്ഷിണ്യം കത്രിക വെച്ചിരിക്കുന്നു. ഇതിന്റെ പരിഷ്‌കരിച്ച ഫോമില്‍ 9, 10 ക്ലാസ്സുകള്‍ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ധനമന്ത്രാലയം ബജറ്റില്‍ സ്‌കോളര്‍ഷിപ്പിനായി 1,425 കോടി രൂപ വകയിരുത്തിയപ്പോള്‍ 2023-24 ബജറ്റില്‍ 433 കോടി മാത്രമാണുള്ളത്.
അതേസമയം പതിനൊന്നാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കീമിനുള്ള ഫണ്ട് ഈ സാമ്പത്തിക വര്‍ഷം 515 കോടി രൂപയില്‍ നിന്ന് 1,065 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്
ബിരുദ, ബിരുദാനന്തര തലങ്ങളിലെ പ്രൊഫഷനല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. 2008ല്‍ ആരംഭിച്ച ഈ സ്‌കീമിന്റെ 30 ശതമാനം പെണ്‍കുട്ടികള്‍ക്കായി റിസര്‍വ് ചെയ്തിട്ടുമുണ്ട്. സ്‌കീമിന് കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 85 സ്ഥാപനങ്ങളിലെ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കോഴ്‌സ് ഫീയും മറ്റ് സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 20,000 രൂപയുമാണ് ലഭിക്കുക.
ഈ സ്‌കോളര്‍ഷിപ്പും ഇപ്പോള്‍ വലിയ രീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ വിഹിതം 365 കോടി രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം 44 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 321 കോടി രൂപയുടെ കുറവ്.
മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ്പ്
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികള്‍ക്കായി യു പി എ സര്‍ക്കാര്‍ ആരംഭിച്ച ധനസഹായമാണ് മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ്പ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു ജി സി) അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്ന് ഗവേഷണം നടത്തുന്നവര്‍ക്കുള്ളതാണിത്. ഈ സ്‌കീമിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോകള്‍ക്ക് (ജെ ആര്‍ എഫ്) ആദ്യ രണ്ട് വര്‍ഷത്തേക്ക് 31,000 രൂപയും സീനിയര്‍ റിസര്‍ച്ച് ഫെലോകള്‍ക്ക് (എസ് ആര്‍ എഫ്) ശേഷിക്കുന്ന കാലയളവിലേക്ക് പ്രതിമാസം 35,000 രൂപയും ലഭിക്കും.
2014-15 അധ്യയന വര്‍ഷം മുതല്‍ 2020-21 വരെ 6,722 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ്പ് നല്‍കിയെന്നും ഇതിനായി 738.85 കോടി രൂപ ചെലവഴിച്ചെന്നും ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ ഫെലോഷിപ്പ് കഴിഞ്ഞ വര്‍ഷത്തോടുകൂടി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്.
നയ് ഉദാന്‍
യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി), സ്റ്റാഫ് സെലക് ഷന്‍ കമ്മീഷന്‍ (എസ് എസ് സി), സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ (എസ് പി എസ് സി) എന്നിവ നടത്തുന്ന പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതിയാണ് നയ് ഉദാന്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്ക് ഫണ്ടുകള്‍ ഒന്നും അനുവദിച്ചിട്ടില്ല.
നയ സവേര പദ്ധതി
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നും അര്‍ഹരായവര്‍ക്ക് ടെക്നിക്കല്‍, പ്രൊഫഷനല്‍ കോഴ്സുകളുടെ എന്‍ട്രന്‍സിന് സൗജന്യ കോച്ചിംഗ് നല്‍കുന്ന നയ സവേര പദ്ധതിയുടെ ഫണ്ടിംഗില്‍ 60 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 79 കോടി അനുവദിച്ചിരുന്നിടത്ത് പുതിയ ബജറ്റില്‍ 30 കോടി മാത്രമാണുള്ളത്. 1.19 ലക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇനിയുമുണ്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ള
ന്യൂനപക്ഷ വിദ്യാഭ്യാസ സാമ്പത്തിക സഹായങ്ങള്‍
കാലങ്ങളായി മാറ്റിനിര്‍ത്തപ്പെടുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെടുന്നത് ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ മുന്നേറ്റത്തിന് തടയിടാന്‍ ഭരണകൂട നേതൃത്വത്തില്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും നിരവധി ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് സ്‌കോളര്‍ഷിപ്പുകളിലെ ഈ വെട്ടിക്കുറക്കലുകളുമെന്ന് ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ന്യൂനപക്ഷങ്ങളെ പലരീതിയിലും വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ മറ്റൊരു നീക്കമായി വേണം ഇതിനെ മനസ്സിലാക്കാന്‍. ഇത്തരം ന്യൂനപക്ഷ വിരുദ്ധ, നിഷേധാത്മക നീക്കങ്ങളെ ചെറുക്കാന്‍ മതേതര, ജനാധിപത്യവാദികള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
source https://www.sirajlive.com/who-will-protect-minority-students.html
Post a Comment