ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍: കണക്കുകള്‍ പറയുന്നത്

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു സി എഫ്) കഴിഞ്ഞയാഴ്ച ഒരു റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചാണ് പ്രസ്തുത അന്വേഷണ റിപോര്‍ട്ട്. 2023ലെ ആദ്യ എട്ട് മാസത്തില്‍ മാത്രം ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരേ 525 ആക്രമണങ്ങള്‍ നടന്നുവെന്നാണ് യു സി എഫിന്റെ കണ്ടെത്തല്‍. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ അടുത്ത കാലത്തായി ക്രിസ്ത്യന്‍ സമൂഹം ഇത്രയേറെ അതിക്രമങ്ങള്‍ക്ക് ഇരയായ വര്‍ഷം 2023 ആയിരിക്കും. മുസ്ലിംകള്‍ക്കും ദളിതുകള്‍ക്കും നേരേ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത് പോലെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരേയും അതിക്രമം വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ഏറ്റവും അവസാനം ക്രിസ്ത്യന്‍ സമുദായം ക്രൂരമായ ആക്രമണത്തിന് ഇരകളായത് സംഘര്‍ഷവും കലാപവും വംശഹത്യയും നടമാടിയ മണിപ്പൂരിലായിരുന്നു. മണിപ്പൂരില്‍ മാത്രം നൂറുകണക്കിന് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ നാല് മാസത്തെ മാത്രം കണക്കാണിത്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസനുസരിച്ച്, 642 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ഈ കാലയളവില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇംഫാലിലെ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടിയത് പോലെ, ഇവയില്‍ 249 ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടത് വെറും 36 മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് അധികാരത്തിലിരിക്കുന്നവരുടെ പിന്‍ബലമുണ്ടെന്ന് യു സി എഫ് പത്രപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2012നും 2022നും ഇടയിലെ 11 വര്‍ഷങ്ങള്‍ക്കിടെ ക്രിസ്ത്യന്‍ സമുദായത്തിന് നേരേയുണ്ടായ അതിക്രമങ്ങളുടെ വിവരങ്ങള്‍ യു സി എഫ് റിപോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. 2016ല്‍ 247 അനിഷ്ട സംഭവങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരേ അരങ്ങേറി. തൊട്ടടുത്ത വര്‍ഷങ്ങളിലെല്ലാം ഇത്തരം അതിക്രമ സംഭവങ്ങള്‍ കൂടുകയല്ലാതെ കുറവ് വന്നില്ല. 2021ല്‍ മാത്രം 505 അതിക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2022ല്‍ എണ്ണം 599ലെത്തി. ഉത്തര്‍ പ്രദേശിലാണ് ക്രിസ്ത്യന്‍ സമൂഹം ഏറ്റവും വലിയ അതിക്രമങ്ങള്‍ നേരിട്ടത്. 2014ല്‍ 18 അതിക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2017ല്‍ അത് 50 ആയി കുത്തനെ ഉയര്‍ന്നു. 2018ല്‍ ഉത്തര്‍ പ്രദേശില്‍ മാത്രം 132 അതിക്രമങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരേ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശിന് പിറകെ കൂടുതല്‍ അക്രമണം അരങ്ങേറിയത് തമിഴ്നാട്ടിലായിരുന്നു.

രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ക്രിസ്ത്യന്‍ സമൂഹത്തിന് നേരേയും മറ്റു ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്ക് നേരേയും അരങ്ങേറുന്ന അതിക്രമങ്ങള്‍ ഹിന്ദുത്വ ദേശീയതയുടെ വളര്‍ച്ചക്കനുസരിച്ച് കൂടിവരികയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് പുറമെ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതുകളും ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയും അടുത്ത കാലത്തായി അതിക്രമങ്ങളും കൈയേറ്റങ്ങളും വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഭരണകൂട പിന്തുണയുള്ള രാഷ്ട്രീയ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങളിലൂടെയും ആഹ്വാനങ്ങളിലൂടെയും ഇത്തരം ആക്രമണങ്ങള്‍ക്ക് തീ പകരുകയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഏഷ്യാ എഡിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് അവരിഷ്ടപ്പെടുന്ന ആരാധനകളും ആചാരങ്ങളും നടത്താന്‍ അവകാശം നേടുമ്പോള്‍ തന്നെ ഹിന്ദുത്വ പാര്‍ട്ടിയുടെ പിന്തുണയോടെ ചില ഹിന്ദു ദേശീയ വാദികള്‍ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരേ കൈയേറ്റം നടത്തുകയും ചെയ്യുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യാനികളും മുസ്ലിംകളും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ അത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇരകള്‍ പലപ്പോഴും ഭീതി മൂലം കേസ് പോലും രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ പ്രവണത ശക്തമാണ്. പലപ്പോഴും ഇരകളെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. യഥാര്‍ഥ പ്രതികള്‍ അന്വേഷണങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെട്ട് സ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുന്നു. ഹിന്ദു ദേശീയവാദികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ഗ്രാമവാസികളാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ബജ്റംഗ് ദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ അരങ്ങേറുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം നിലവില്‍ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാനും പീഡിപ്പിക്കാനുമാണ് ഇത്തരം നിയമങ്ങള്‍ അധികാരികള്‍ ഉപയോഗപ്പെടുത്തുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വലിയ പിഴയീടാക്കാനും ജയിലിലടക്കാനും ഇത്തരം നിയമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ഇതിന് തടയിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് ആകുന്നില്ല. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുമ്പോഴും രാജ്യം ഭരിക്കുന്നവര്‍ ഈ വിഷയത്തില്‍ മൗനമവലംബിക്കുന്നത് തുടരുകയാണ്.

കടപ്പാട്: ദി വയര്‍

 



source https://www.sirajlive.com/anti-minority-attacks-what-the-numbers-say.html

Post a Comment

Previous Post Next Post