പത്തനംതിട്ടയിൽ കനത്ത മഴ, മണ്ണിടിച്ചിൽ; കോന്നി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട | ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മണിയാർ ബാരേജിന്റെ രണ്ട് ഷട്ടറുകൾ രണ്ട് മീറ്റർ വീതം ഉയർത്തി.

കക്കാട്ടാറ്റിൽ മണിയാർ ബാരേജിനു മുകളിലുള്ള കാരിക്കയം ഡാമിൽ വിവിധ ഷട്ടറുകൾ ആകെ ആറര മീറ്റർ ഉയർത്തി 300 ക്യു.മീറ്റർ വെള്ളം തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ കൂടുതൽ വെള്ളം കാരിക്കയം, മണിയാർ ഡാമുകളിൽ നിന്നും പുറന്തള്ളേണ്ടി വരും. കാരിക്കയത്തും മണിയാർ കാർബറാണ്ടത്തിലും പരമാവധി വൈദ്യുതോത്പാദനം നടത്തുന്നുമുണ്ട്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം ഉയരും.

കഴിഞ്ഞ ദിവസം ഉൾവനത്തിൽ രണ്ട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇന്നലെ സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിലുണ്ടായി. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.

ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ഇനിയുള്ള മണിക്കൂറിലും ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ പ്രവചന സൂചികകൾ കാട്ടുന്നതായി ജില്ലാ കലക്ടർ പറഞ്ഞു.

ഇതും മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും ഇന്ന് കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല.


source https://www.sirajlive.com/heavy-rain-in-pathanamthitta-holiday-for-educational-institutions-in-konni-taluk-due-to-landslides.html

Post a Comment

أحدث أقدم