പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കലാശക്കൊട്ട് ഗംഭീരമാക്കാൻ മുന്നണികൾ

കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് വൈകീട്ട് കൊട്ടിക്കലാശം. വൈകീട്ട് ആറിന് പ്രചാരണം അവസാനിക്കും. അഞ്ചിനാണ് തിരഞ്ഞെടുപ്പ്. കൊട്ടിക്കലാശം വർണാഭമാക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ മുന്നണികൾ.

ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ മണ്ഡലപര്യടനം ഇന്ന് പൂർത്തിയാകും. 300 ബൈക്കുകളുടെ അകമ്പടിയോടെ 12-ന് കൂരോപ്പടനിന്ന് പാമ്പാടിവരെ പര്യടനം പര്യടനം നടത്തും. സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എന്നിവര്‍ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുന്നുണ്ട്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ എല്ലാ മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം നടത്തും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കലാശക്കൊട്ടിന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പാമ്പാടിയിലാണ് പ്രധാന പരിപാടി നടക്കുക. കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബി.ജെ.പി.സ്ഥാനാര്‍ഥി ലിജിന്‍ലാലിന്റെ കലാശക്കൊട്ടും പാമ്പാടിയില്‍ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.

1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,277 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 86,131 പുരുഷവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും.

2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും നേടിയിരുന്നു.



source https://www.sirajlive.com/advertising-campaign-in-pudupally-will-end-today-fronts-to-make-the-grand-finale.html

Post a Comment

أحدث أقدم