ഹുബ്ബുന്നബിയുടെ അകം പൊരുള്‍

ക്കയില്‍ സൈദ്ബ്‌നു ദുസ്ന(റ)യെ ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലക്കയറില്‍ ബന്ധിച്ച് ശത്രു പ്രമുഖന്‍ അബൂ സുഫ്‌യാന്‍ സൈദിനോട് പറഞ്ഞു: “നിന്റെ ഈ സ്ഥാനത്ത് മുഹമ്മദാകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി; വെറുതെ വിടാം’. ഓരോ ശത്രുവിനെയും നോക്കി സൈദ്(റ) പറഞ്ഞു: “ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബിയുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല.’ സൈദിനെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്‌നേഹത്തിന് ക്ഷതം പറ്റില്ല. ചരിത്രത്തില്‍ എക്കാലവും ഇതുപോലെ പരകോടി സൈദുമാരെ നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും.

ഉര്‍വത്ബ്‌നു മസ്ഊദ് ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാന്‍ കിസ്‌റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു പോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല’. ഇന്നും ആ ജനത മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്നതുപോലെ ലോകത്തൊരാളും ആരെയും സ്‌നേഹിക്കുന്നില്ല. സ്വന്തം ഉമ്മയേക്കാളും ഉപ്പയേക്കാളും സ്വന്തത്തേക്കാള്‍ തന്നെയും പരിശുദ്ധ റസൂല്‍ ഓരോ വിശ്വാസിയുടെയും മനസ്സിലുമുണ്ട്. ഒരിക്കലും മായാതെ പ്രസരിച്ചു നില്‍ക്കുന്നുണ്ട്. അവിടുത്തെക്കുറിച്ച് ചെറിയൊരു ആരോപണം പോലും വിശ്വാസിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകുന്നത് അതുകൊണ്ടാണ്.

മുഹമ്മദ് എന്ന് ഏത് മുസ്‌ലിം കേട്ടാലും സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് പറയും. അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അവരുടെ മേല്‍ ഉണ്ടാകട്ടെ എന്ന ബഹുമാന വചനമാണിത്. ഇങ്ങനെ ഒരു പദവി ലോകത്ത് ഒരു മനുഷ്യനോ വ്യക്തിക്കോ മറ്റു മതങ്ങളുടെ ആരാധ്യപുരുഷര്‍ക്കോ ഇല്ലെന്നത് ഈ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ആരാധ്യരാകാനുള്ള മനുഷ്യരുടെ ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എല്ലാവരും മറ്റുള്ളവരുടെ, ഒരുകൂട്ടം ആളുകളുടെയെങ്കിലും ആരാധ്യപാത്രങ്ങളാകാനാണ് ശ്രമിക്കാറുള്ളത്. മുഹമ്മദ് നബി (സ) നേരേ വിപരീതമായാണ് സംസാരിച്ചത്. നിങ്ങളില്‍ ആരെങ്കിലും എനിക്ക് ഒരു നിമിഷം ആരാധനയുടെ ഒരു ലാഞ്ചന തന്നാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ പ്രസ്ഥാനത്തില്‍ പെട്ടയാളല്ല എന്ന് അവിടുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങളെയും എന്നെയും പടച്ചത് ഒരു അല്ലാഹുവാണെന്നും ഞാനും ആ അല്ലാഹുവിന്റെ അടിമയാണെന്നും അവിടുന്ന് നിരന്തരം ഉത്‌ബോധിപ്പിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ. ഞാന്‍ നിരന്തരം അവന് മാത്രമാണ് ആരാധന നടത്തുന്നത്… തുടങ്ങിയ അടിമത്തത്തെ വിളംബരപ്പെടുത്തുന്ന, ആരാധ്യനാകാനുള്ള മുഴുവന്‍ ശ്രമങ്ങളെയും പൂര്‍ണമായും നിഷ്‌കാസനം ചെയ്യുന്നുണ്ട് പ്രവാചകര്‍ (സ). ഇന്നും മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. മറ്റെല്ലാത്തിനേക്കാളും മുകളിലായി മുഹമ്മദ് നബി (സ)യെ സ്‌നേഹിക്കുന്നു. ഈ മഹാപ്രതിഭാസത്തിന്റെ കാരണമാണ് ഓരോരുത്തരും പഠിക്കേണ്ടതും ചിന്തിക്കേണ്ടതും. തീര്‍ച്ചയായും ഈ തിരുപ്പിറവിയാഘോഷിക്കുന്ന മാസത്തില്‍ ഈ രഹസ്യം നാം ചുഴിഞ്ഞന്വേഷിക്കണം. ഒരുകാര്യമപ്പോള്‍ മനസ്സിലാകും. മുഹമ്മദ് നബി(സ)യെന്ന അതുല്യ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ സ്‌നേഹം ആര്‍ക്കും അണപൊട്ടിയൊഴുകും. കാരണം ലോകം കണ്ട അതുല്യനായ, അസാധാരണ മനുഷ്യനാണ് അവിടുന്ന്.



source https://www.sirajlive.com/hubbunnabi-39-s-inner-struggle.html

Post a Comment

Previous Post Next Post