തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പുതിയ നിരീക്ഷണമല്ല. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ ആ നിരീക്ഷണത്തിന് വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തിയുണ്ട്. ഒരു രാഷ്ട്രീയ പ്രതിനിധി എന്ന അര്‍ഥത്തില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പൂര്‍ണമായും രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. ഇന്ത്യയില്‍ ഇന്ന് നടന്നുവരുന്ന വംശീയ രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ ശ്രേണിബന്ധിതമായ ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിന്റെ സാമൂഹിക ഉത്പന്നമായ ജാതി കൃത്യമായ രീതിയില്‍ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. അത് അധികാരത്തിന്റെ ശക്തമായ അടയാളമായി തീരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റേണ്ടതാണ് സനാതന ധര്‍മം എന്ന പ്രഖ്യാപനത്തിന്റെ പ്രാധാന്യം.
വിശ്വാസികളെ സംബന്ധിച്ച് അവരുടെ ആചാര പരികല്‍പ്പനകള്‍ നൂറ്റാണ്ടുകളായി തുടരുന്നതാണ്. വിശ്വാസങ്ങളും അതിന്റെ ആചാരങ്ങളും യാതൊരു പുനര്‍വിചിന്തനത്തിനും സാധ്യത നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ കൃത്യമായ വര്‍ണ വ്യവസ്ഥ നിലനില്‍ക്കുമ്പോഴും ജാതി ഹിന്ദുക്കള്‍ അതിന്റെ ഭാഗമായി തുടരുകയാണ്. എന്നാല്‍ അതുണ്ടാക്കുന്ന സാമൂഹിക വിഭജനം വിശ്വാസ തലങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതല്ല. ഒരു പൗരന്‍ എന്ന അര്‍ഥത്തില്‍ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലേക്ക് ഇന്ന് വര്‍ണ വ്യവസ്ഥയുടെ അധികാര രൂപം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇന്ത്യയില്‍ തുടര്‍ന്ന് വരുന്ന ദളിത് ആക്രമണങ്ങളും കൊലപാതകങ്ങളും ഈ വര്‍ണ വ്യവസ്ഥയുടെ അധികാരത്തില്‍ നിന്നും ശത്രുതാ മനോഭാവത്തില്‍ നിന്നും രൂപപ്പെട്ടതാണ്. ഇതിന്റെയെല്ലാം ആദി ഘടന മനുസ്മൃതിയില്‍ നിന്നാണ്. സര്‍വ മനുഷ്യരെയും സമാധാനത്തോടും ശാന്തിയോടും കാണാനുള്ള മൂല്യബോധം സനാതന ചിന്തയുടെ ഭാഗമാണെന്നാണ് സാധാരണ ഹിന്ദു വിവക്ഷ. എന്നാല്‍ ഹിന്ദു ധര്‍മത്തിന്റെ ജ്ഞാന വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നത് വര്‍ണ വ്യവസ്ഥയാണ്. എവിടെയാണ് വര്‍ണ ശുദ്ധി നിരാകരിക്കപ്പെടുന്നത് അവിടുത്തെ രാജ്യം തന്നെ നശിക്കുമെന്ന് മനു പറയുന്നു. ഇത് മനുഷ്യനെന്ന അര്‍ഥത്തില്‍ നൂറ്റാണ്ടുകളായി ജാതി ഹിന്ദുക്കളെ പിന്തുടരുന്ന വിവേചനമാണ്. ഈ വിവേചനത്തെ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങള്‍ സനാതന ധര്‍മത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മനുസ്മൃതിയും ബ്രാഹ്മണ്യവും മനുഷ്യത്വ വിരുദ്ധതയുടെ അടയാളമായി തീരുന്നത്. ഈ മനുഷ്യത്വ വിരുദ്ധത മനുസ്മൃതിയുടെ തത്ത്വസംഹിതയില്‍ പിറന്നതാണ്. ആ യാഥാര്‍ഥ്യം നിലനില്‍ക്കുന്നതു കൊണ്ടാണ് സനാതന ധര്‍മത്തിന്റെ മൂല്യബോധത്തെ ചോദ്യം ചെയ്യേണ്ടി വരുന്നത്. മതത്തിനും ജാതിക്കും അതീതമായി മനുഷ്യനെ കാണാനുള്ള പൗരബോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നത്. അത് തീവ്ര ഹിന്ദുത്വ നിലപാടിന് വിരുദ്ധമായതുകൊണ്ട് അതിനോടുള്ള എതിര്‍പ്പ് ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിനോടും മനുബന്ധിത അധികാര വ്യവസ്ഥയോടുമുള്ള എതിര്‍പ്പ് തന്നെയാണ്.
ജ്ഞാനശാസ്ത്രപരമായും ഭൗതികമായും നേടിയ അറിവിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം ഹിന്ദുത്വത്തെ പുണരുന്നുണ്ട്. തങ്ങളില്‍ ഉണ്ടാകുന്ന യുക്തി ചിന്തയെയും ജ്ഞാന ബോധത്തെയും മുറുക്കെ പിടിച്ചുകൊണ്ട് തന്നെ ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് ജാതി മനുഷ്യരെ സാമൂഹിക വ്യവഹാരങ്ങളില്‍ നിന്ന് എടുത്തു മാറ്റുക എന്ന ദൗത്യമാണ്. അടുത്ത കാലത്തായി തീവ്ര ഹിന്ദുത്വവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിവാദങ്ങളില്‍ ഒക്കെ ഹിന്ദു എന്ന അര്‍ഥത്തില്‍ മാത്രം അതിനെ പിന്തുണക്കുന്നവര്‍ ഹിന്ദുത്വത്തിന്റെ വര്‍ണ വ്യവസ്ഥയെ തള്ളി പറയുന്നില്ല. അത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത വിധം സവര്‍ണ ജാതി ബോധം ശക്തമായി കഴിഞ്ഞു. പാരമ്പര്യമായി തുടര്‍ന്ന് വരുന്ന ഇത്തരം ആചാരങ്ങള്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഒരു തരത്തിലും വിചാരണക്ക് വിധേയമാക്കാത്ത വിധം മുന്നോട്ട് പോകുന്നു. മനുസ്മൃതിയും അതിന്റെ ഉത്പന്നമായ ബ്രാഹ്മണിക്കല്‍ തിയറിയും മുന്നോട്ട് വെക്കുന്നതിനെ അംഗീകരിക്കാന്‍ തീവ്ര ഹിന്ദുത്വ ബോധം സാമൂഹിക മണ്ഡലത്തെ പാകപ്പെടുത്തിക്കഴിഞ്ഞു. ഈ അവസ്ഥ നിലനില്‍ക്കെ കീഴ്ജാതിയില്‍പ്പെട്ട മനുഷ്യനായാലും ജാതിയുടെ മേല്‍വിലാസത്തെ നിഷേധിച്ചു കൊണ്ട് അയാള്‍ക്ക് ഹിന്ദു മതത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഈ ജാതി ഉത്പാദിപ്പിക്കുന്ന ചിന്താധാരയെ ആണോ സനാതന ധര്‍മമായി അംഗീകരിക്കേണ്ടത് എന്ന ചോദ്യം ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയ പ്രസ്താവനക്ക് പിന്നിലുണ്ട്.
വിശ്വാസത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്ന സാധാരണ മനുഷ്യര്‍ക്ക് സനാതന മൂല്യത്തിന്റെ ആന്തരികമായ അര്‍ഥത്തെ തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നില്ല. കാരണം, അത് വര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. അപമാനവീകരണത്തിന്റെ അടയാളമായി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരികല്‍പ്പനകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അവിടെ ജാതിക്കെതിരെയുള്ള ഏതൊരു വിമര്‍ശനവും ഹിന്ദുവിനെതിരെയുള്ള വിമര്‍ശനമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നത് ഹിന്ദുത്വ ദേശീയതയുടെ ഭാഗമായിട്ടാണ്. ഹിന്ദുത്വ എന്ന ചട്ടക്കൂട്ടിനുള്ളില്‍ ജാതി മനുഷ്യരെ ബന്ധിച്ചുനിര്‍ത്താന്‍ നൂറ്റാണ്ടുകളായി സവര്‍ണ ബോധത്തിന് കഴിഞ്ഞതുകൊണ്ടാണ് ഇതൊക്കെ സാധ്യമായത്. ഇതൊരു തരം സാംസ്‌കാരിക ജഡത്വമാണ്. ഈ ജഡത്വത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യരുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കഴിയുന്നില്ല. അവിടെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ധീരമായ രാഷ്ട്രീയ നിലപാടായി മാറുന്നത്.
ചൈനീസ് തീര്‍ഥാടകനായ ഐഷിംഗ് ഇന്ത്യയില്‍ എത്തുന്നത് ഏഴാം നൂറ്റാണ്ടിലാണ്. അദ്ദേഹം രേഖപ്പെടുത്തിയ ഒരു പ്രസ്താവനയുണ്ട്. ‘മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും വേര്‍തിരിച്ച ഏക സംസ്‌കാരം ഹിന്ദുയിസമാണ്.’ ഈ നിരീക്ഷണം നിലനില്‍ക്കെ സനാതന ധര്‍മം എങ്ങനെയാണ് ജാതി മനുഷ്യരുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുക എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
source https://www.sirajlive.com/questions-raised-by-udayanidhi-stalin.html
Post a Comment