ന്യൂഡല്‍ഹി | കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ശിപാര്‍ശകളില്‍ കേന്ദ്രം വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ സഞ്ജ് കിഷന്‍ കൗള്‍, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ആശങ്ക ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ കൊളീജിയം നല്‍കിയ 70 ശിപാര്‍ശകളാണ് പരിഗണനയിലുള്ളതെന്ന് ബഞ്ച് ഓര്‍മിപ്പിച്ചു. ഇതില്‍ ഏഴ് പേരുകള്‍ കൊളീജിയം ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്തതാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം, 26 സ്ഥലംമാറ്റ ശിപാര്‍ശകള്‍, ഒമ്പത് പുതിയ പേരുകള്‍, ഹൈക്കോടതി കൊളീജിയം ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ളവയാണ് കെട്ടിക്കിടക്കുന്നത്. നാല് ദിവസം മുമ്പ് വരെ 80 ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയായിരുന്നു. പത്ത് ഫയലുകള്‍ അടുത്തിടെയാണ് തീര്‍പ്പാക്കിയതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയെ ജസ്റ്റിസ് കിഷന്‍ കൗള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരാഴ്ച സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്രം സമയക്രമം പാലിക്കാത്തതിന് കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കറ്റ്സ് അസ്സോസിയേഷന്‍, സന്നദ്ധ സംഘടനയായ കോമണ്‍ കോസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. കൊളീജിയം ആവര്‍ത്തിച്ച 16 പേരുകള്‍ കേന്ദ്രത്തിന് മുന്നിലുണ്ടെന്ന് കോമണ്‍ കോസിനായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നിയമനത്തിലെ കാലതാമസം കണക്കിലെടുത്ത്, പല അഭിഭാഷകരും ജഡ്ജിയാകാനുള്ള സമ്മതം പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായത്തോട് ജസ്റ്റിസ് സഞ്ജ് കിഷന്‍ കൗള്‍ യോജിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓരോ പത്ത് ദിവസം കൂടുമ്പോഴും ഈ വിഷയം പരിഗണിക്കുമെന്ന് കൗള്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ഇതേ പ്രശ്നത്തില്‍ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ കേന്ദ്രവുമായി ഏറ്റുമുട്ടലിന് സമാനമായ അന്തരീക്ഷം ഉടലെടുത്തിരുന്നു. പിന്നാലെ കൊളീജിയം സംവിധാനത്തിന്റെ സാധുത ചോദ്യം ചെയ്ത് അന്നത്തെ നിയമ മന്ത്രി കിരണ്‍ റിജിജു തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
source https://www.sirajlive.com/supreme-court-reiterates-collegium-concern.html
Post a Comment