മൂന്ന് പതിറ്റാണ്ടിലേറെയായി കോഴിക്കോട്ടെ ഒരു വീട്ടിൽ ആദിവാസി യുവതിയെ അടിമവേല ചെയ്യിക്കുന്നുവെന്ന പരാതിയിൽ വിശദീകരണം തേടിയിരിക്കുകയാണ് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറോടും പോലീസിനോടും ഹൈക്കോടതി. പാലക്കാട് കോട്ടത്തറ പളനി സ്വാമിയുടെ മകൾ ശിവയാണ് കോഴിക്കോട് പന്നിയങ്കരയിലെ ഒരു വ്യാപാരിയുടെ വീട്ടിൽ അടിമപ്പണി ചെയ്യുന്നതായി ആരോപിക്കപ്പെടുന്നത്. രണ്ടാനച്ഛന്റെ കൂടെ താമസിക്കുകയായിരുന്ന ശിവയെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് കോഴിക്കോട്ടെ വ്യാപാരിയുടെ വീട്ടിൽ എത്തിച്ചതെന്നും അന്ന് മുതൽ വേതനമൊന്നും നൽകാതെ ശിവയെക്കൊണ്ട് അടിമക്കു തുല്യം ദാസ്യവേല ചെയ്യിക്കുകയാണെന്നും പിതാവ് പളനി സ്വാമി കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ പരാതിപ്പെടുന്നു.
ഒറ്റപ്പെട്ട സംഭവമല്ല ഇത്. കാസർകോട് നായന്മാർമൂല പെരുമ്പള റോഡിലെ ഒരു ഹോട്ടലിൽ ജോലിക്ക് നിയോഗിച്ച ഉത്തർ പ്രദേശ് സ്വദേശിയായ കുട്ടിയെ രണ്ട് വർഷം മുമ്പ് ജില്ലാ ബാലവേല വിരുദ്ധ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. സാംസ്‌കാരിക കേരളം, പുരോഗമന കേരളം തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ചില സമ്പന്ന വീടുകളിൽ ഇന്നും നടക്കുന്നുണ്ട് അടിമപ്പണി. ആദിവാസി ഊരുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വീട്ടുജോലിക്കായി കുട്ടിത്തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുമുണ്ട്. നിത്യവൃത്തിക്ക് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്ക് നിസ്സാര തുക നൽകി കുട്ടികളെ ഏറ്റെടുക്കുന്ന ഏജന്റുമാർ സമ്പന്നരായ വീട്ടുകാരിൽ നിന്ന് നല്ല തുക വാങ്ങിയാണ് കുട്ടികളെ അവരെ ഏൽപ്പിക്കുന്നത്. രക്ഷിതാക്കൾക്ക് വായ്പയായി തുക നൽകി, ഈടായി കുട്ടികളെ സ്വീകരിക്കുന്ന ഏജന്റുമാരുമുണ്ട്. പുലർച്ചെ മുതൽ പാതിരാവോളം എല്ലുമുറിയെ പണിയെടുക്കുന്ന ഈ തൊഴിലാളികൾക്ക് നൽകുന്ന വേതനം തുച്ഛമാണ്. ചില വീട്ടുകാർ വേതനവും നൽകാറില്ല. ഭക്ഷണവും താമസവും മാത്രമാണ് ഈ ദാസ്യവേലക്കാർക്ക് പലർക്കും ലഭിക്കുന്ന ആനുകൂല്യം.
ഇപ്പോൾ ഹൈക്കോടതി ഇടപെട്ട ശിവക്ക് വീട്ടുകാർ വേതനം നൽകാറുണ്ടായിരുന്നില്ല. നാല് വർഷം മുമ്പ് ജില്ലാ കലക്ടറും വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെടുകയും ശിവക്ക് മാന്യമായ ശമ്പളവും കുടിശ്ശികയും ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയുമടക്കം പ്രതിമാസം 12,534 രൂപയും ശമ്പള കുടിശ്ശികയായി 8,86,172 രൂപയും നൽകാനായിരുന്നു ഉത്തരവ്. എന്നാൽ ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിൽ പിടിപാടുള്ള വീട്ടുടമ ഈ സ്വാധീനത്തിന്റെ ബലത്തിൽ കലക്ടറുടെ ഉത്തരവുകൾ നടപ്പാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശിവയുടെ ബന്ധുക്കൾ കഴിഞ്ഞ മാസം 25ന് ഡി ജി പിക്കും പോലീസിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
ബാലവേലയും ബാലചൂഷണവും അവസാനിപ്പിക്കാനും തെരുവു ബാല്യമുക്ത കേരളവും ലക്ഷ്യമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് 2018 നവംബറിൽ ശരണബാല്യം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. 2021 വരെയുള്ള മൂന്ന് വർഷക്കാലത്തിനിടെ ഈ പദ്ധതിക്കു കീഴിൽ 565 കുട്ടികളെ അടിമപ്പണിയിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുകയുണ്ടായി. ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാൽ 2,500 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട് വനിതാ ശിശുവികസന വകുപ്പ.് എങ്കിലും കുട്ടിത്തൊഴിലാളികളെ ജോലിക്കു നിർത്തുന്ന പ്രവണതയും ബാലചൂഷണവും ഇപ്പോഴും നടക്കുന്നുണ്ട് സംസ്ഥാനത്ത്. ഉത്സവ സീസണുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമാണ്. ഏജന്റുമാർ മുഖേന രഹസ്യമായാണ് ഇത്തരം അടിമക്കച്ചവടങ്ങൾ നടക്കുന്നതെന്നതിനാൽ ഇവരുടെ എണ്ണത്തെക്കുറിച്ച് ആർക്കും ശരിയായ ധാരണയില്ല.
രക്ഷിതാക്കൾക്ക് കുറഞ്ഞ സംഖ്യ നൽകി ആദിവാസി ഊരുകളിലെ കുട്ടികളെ ചെറുപ്രായത്തിലെ വീട്ടുജോലിക്കായി ഏജന്റുമാർ കൊണ്ടുപോകുന്നത് പതിവാണെന്നും ഇങ്ങനെ കടത്തുന്ന കുട്ടികളിൽ പലരെക്കുറിച്ചും പിന്നീട് യാതൊരു വിവരവും ഉണ്ടാകാറില്ലെന്നും, കുട്ടിക്കാലത്ത് അടിമപ്പണിയിലേക്ക് വലിച്ചിഴക്കപ്പെട്ട് പിന്നീട് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ രാഷ്ട്രീയ പ്രവർത്തക കൂടിയായ തിരുനെല്ലിയിലെ ഗൗരി പറയുന്നു. വർഷങ്ങൾ ജോലി ചെയ്ത ശേഷം അച്ഛൻ ആരെന്നറിയാത്ത കുട്ടികളുമായി തിരിച്ചെത്തുന്ന പെൺകുട്ടികൾ ആദിവാസി ഊരുകളിൽ നിരവധിയുണ്ടത്രെ.
സ്വന്തമായി കൃഷിയിടമോ കിടപ്പാടമോ ഇല്ലാത്ത ആദിവാസികളെ പ്രത്യേകിച്ചും പണിയ വിഭാഗക്കാരെ ജന്മിമാർ പരസ്യമായി തന്നെ അടിമപ്പണിക്കായി വിലക്ക് വാങ്ങുന്ന പ്രവണത സമീപകാലം വരെയുണ്ടായിരുന്നു. മാനന്തവാടിക്കടുത്ത വള്ളിയൂർകാവ് ദുർഗാ ക്ഷേത്രത്തിലെ ഉത്സവ കാലത്താണ് പ്രധാനമായും ഈ അടിമക്കച്ചവടം നടന്നിരുന്നത്. ഒരു വർഷത്തെ പ്രാബല്യമുള്ള അടിമക്കരാർ ഉണ്ടാക്കിയ ശേഷം ദുർഗാ ക്ഷേത്രത്തിനു മുമ്പിൽ വെച്ച് ജന്മി അടിമത്തൊഴിലാളിക്ക് നിൽപ്പുപണം നൽകിയാണ് കരാർ ഉറപ്പിക്കുന്നത്. നിൽപ്പുപണം സ്വീകരിച്ചു കഴിഞ്ഞാൽ അടിമപ്പണിക്കാരൻ കരാർ ലംഘിക്കരുതെന്നാണ് അലിഖിത ചട്ടം. അടിമപ്പണി നിരോധിക്കുകയും അതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തതോടെ പരസ്യമായ അടിമക്കച്ചവടത്തിന് അറുതിവന്നെങ്കിലും രഹസ്യമായ അടിമക്കച്ചവടത്തിനും അടിമവൃത്തിക്കും ഇന്നും അറുതിയായിട്ടില്ലെന്നാണ് ‘ശിവ’യുടെ അനുഭവവും തത്തുല്യ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. നിയമത്തിനുപരി സമൂഹത്തിൽ സാംസ്‌കാരികമായ ഉണർവും മാനുഷിക ചിന്തയും കാരുണ്യബോധവും സഹജീവി സ്‌നേഹവും വളർന്നുവന്നെങ്കിൽ മാത്രമേ ഇത്തരം പ്രവണതകൾ പൂർണമായും ഉന്മൂലനം ചെയ്യാനാകുകയുളളൂ.
source https://www.sirajlive.com/slave-labor-still-exists-in-quot-progressive-quot-kerala.html
إرسال تعليق