രക്ഷാ സമിതിയെ കാലോചിതമായി പരിഷ്‌കരിക്കണം

ഇന്ത്യ ഉള്‍പ്പെടെ പല അംഗ രാജ്യങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് ഐക്യരാഷ്ട്ര രക്ഷാ സമിതി പരിഷ്‌കരിക്കണമെന്നത്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ 78ാമത് സെഷനില്‍ സംസാരിക്കവെ, സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഇതിനെ പിന്തുണച്ചു. ലോകം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കെ അതിനനുസൃതമായി രക്ഷാ സമിതിയും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1945ലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപവത്കൃതമായതാണ് രക്ഷാ സമിതി. അതിനു ശേഷം ലോകഘടനയില്‍ സമൂല മാറ്റം വന്നു. കാലാവസ്ഥാ പ്രതിസന്ധി, വിനാശകരമായ സാങ്കേതിക വിദ്യകള്‍ തുടങ്ങി ലോകത്ത് പല പുതിയ പ്രശ്നങ്ങളും ഉടലെടുത്തു. അതിനെയൊക്കെ നേരിടാന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ സമൂല പരിഷ്‌കരണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

72 ദശലക്ഷം പേരുടെ ജീവന്‍ കവര്‍ന്ന രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍, 1945 ഒക്ടോബര്‍ 24നാണ് ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത്. സഭയുടെ കാര്യനിര്‍വഹണ വിഭാഗമാണ് രക്ഷാ സമിതി. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയികളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ സഖ്യകക്ഷി രാഷ്ട്രങ്ങളാണ് രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ക്ക് പുറമെ യു എന്‍ പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് പേരുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. 1945ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഐക്യരാഷ്ട്ര സഭയുടെ അംഗ സംഖ്യ ഇപ്പോള്‍ 193 ആയി ഉയര്‍ന്നു. നേരത്തേ വികസ്വരമായിരുന്ന പല രാഷ്ട്രങ്ങളും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വളര്‍ന്നു കഴിഞ്ഞു. എന്നിട്ടും യു എന്‍ രക്ഷാ സമിതിയുടെ ഘടനയില്‍ മാറ്റം വരികയോ വിപുലീകരിക്കുകയോ ചെയ്തിട്ടില്ല. വികസ്വര, ഇസ്ലാമിക രാജ്യങ്ങളെ രക്ഷാ സമിതി പ്രതിനിധാനം ചെയ്യുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ‘ലോകം അഞ്ചിനേക്കാള്‍ വലുതാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ യു എന്‍ രക്ഷാ സമിതിയുടെ നവീകരണത്തിനും വിപുലീകരണത്തിനുമായി ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരമാണ് രക്ഷാ സമിതി നേരിടുന്ന മറ്റൊരു പ്രശ്നം. അഞ്ച് സ്ഥിരാംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തെങ്കില്‍ മാത്രമേ രക്ഷാ സമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. ഇവരിലാരെങ്കിലും വീറ്റോ ചെയ്താല്‍ പ്രമേയം പരാജയപ്പെടും. ഇത് രക്ഷാ സമിതിയുടെ മുഖ്യ ലക്ഷ്യമായ സമാധാന സ്ഥാപനത്തിന് പലപ്പോഴും വിഘാതമാകുന്നു. ഫലസ്ഥീനിനെതിരെ ഇസ്റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ വരുന്ന പ്രമേയങ്ങളെല്ലാം അമേരിക്ക വീറ്റോ ചെയ്യുന്നതിനാല്‍ രക്ഷാ സമിതിയില്‍ പാസ്സാകാറില്ല. യുക്രൈയിനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും റഷ്യന്‍ സൈന്യം പിന്മാറണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സമിതിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ റഷ്യ അത് വീറ്റോ ചെയ്തു. ജയ്ശേ മുഹമ്മദ് തലവന്‍ മസൂദിനെ ആഗോള ഭീകര പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ചൈന വീറ്റോ ചെയ്തു.

വീറ്റോ അധികാരം പ്രയോഗിക്കുന്നതില്‍ റഷ്യയാണ് മുന്നില്‍. യു എന്‍ നിലവില്‍ വന്നതിന് ശേഷം 143 തവണയാണ് റഷ്യ വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്ക 86ഉം ബ്രിട്ടന്‍ 30ഉം ചൈനയും ഫ്രാന്‍സും 18ഉം തവണ പ്രയോഗിച്ചു. ഐക്യരാഷ്ട്ര പൊതുസഭ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സ്ഥിരാംഗങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു മുമ്പില്‍ പരാജയപ്പെടുകയാണ്. വംശഹത്യകള്‍, കൂട്ടക്കൊലകള്‍, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും 100ലേറെ രാജ്യങ്ങളും ചേര്‍ന്ന് 2015ല്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതും പ്രഖ്യാപനത്തിലൊതുങ്ങി. സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം രക്ഷാ സമിതിയുടെ രൂപവത്കരണ ലക്ഷ്യം തന്നെ തകിടം മറിക്കുകയാണ്. ഇത് പൊളിച്ചെഴുതാത്ത കാലത്തോളം രക്ഷാ സമിതി കേവലം നോക്കുകുത്തിയായി അവശേഷിക്കും. രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷമായ തീരുമാനമെടുക്കാനോ പ്രശ്നപരിഹാരത്തിനോ രക്ഷാ സമിതിക്കിതുവരെ ആയിട്ടില്ല.

ഏഷ്യയിലെ പ്രധാന രാജ്യമായ ഇന്ത്യ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനം, ലോക ജനസംഖ്യയുടെ 18 ശതമാനത്തിന്റെ പ്രാതിനിധ്യം, സമ്പദ് വ്യവസ്ഥയിലെ മികച്ച വളര്‍ച്ച, തുടക്കകാലം മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗം, ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്ന് തുടങ്ങി സ്ഥിരാംഗത്വത്തിന് ഐക്യരാഷ്ട്ര സഭ നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ മിക്കതും ഇന്ത്യക്കുണ്ട്. ബ്രസീല്‍, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വം ആവശ്യപ്പെടുന്നുണ്ട്. ‘അറ്റ് ലാന്റിക് കൗണ്‍സില്‍’ എന്ന സംഘടന അടുത്തിടെ നടത്തിയ സര്‍വേയില്‍ യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 26 ശതമാനം വോട്ടോടെ ഒന്നാമതെത്തിയിരുന്നു. ജപ്പാനും (11 ശതമാനം) ബ്രസീലു(ഒമ്പത് ശതമാനം)മാണ് തൊട്ടുപിറകെ. ചൈനയാണ് ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനോട് പ്രത്യക്ഷമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. വീറ്റോ പവറുള്ള മറ്റു സ്ഥിരാംഗങ്ങളും, ആഗോള തലത്തിലുള്ള തങ്ങളുടെ അധികാരങ്ങളെയും ആധിപത്യത്തെയും ദുര്‍ബലപ്പെടുത്തുമെന്ന കാരണത്താല്‍ ഉള്ളാലെ രക്ഷാ സമിതി വിപുലീകരണം ഇഷ്ടപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യക്ക് അംഗത്വം നല്‍കാനുള്ള നീക്കത്തെ യു എന്നില്‍ ചൈന വീറ്റോ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണ് പ്രത്യക്ഷത്തില്‍ അവര്‍ ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. സ്ഥിരമല്ലാത്ത 10 സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന, ആഫ്രിക്കക്കും അറബ് സമൂഹത്തിനും കൂടുതല്‍ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്നു

 

 



source https://www.sirajlive.com/the-raksha-samiti-should-be-reformed-in-time.html

Post a Comment

Previous Post Next Post