യു ഡി എഫിന്റെ പോലും കണക്കുകൂട്ടലുകളെ മറികടക്കുന്ന വന്‍ വിജയമാണ്, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,225നെയും കവച്ചു വെച്ച് 37,719 വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മന്‍. ജെയ്ക് സി തോമസിനു ലഭിച്ച വോട്ടിനേക്കാള്‍ (42,425) ഇരട്ടിയോളം വോട്ടുകള്‍ നേടിയിട്ടുണ്ട് അദ്ദേഹം. 2021ലെ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടായിരുന്നു ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54,328ഉം.
കഴിഞ്ഞ 53 വര്‍ഷമായി ഒരു തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയെ കൈവിടാതെ അദ്ദേഹത്തോടൊപ്പം നിന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ പുതുപ്പള്ളിയും പുതുപ്പള്ളിയെന്നാല്‍ ഉമ്മന്‍ ചാണ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം വരെയും. 1970 മുതല്‍ 2021 വരെയുള്ള 12 തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിയെയല്ലാതെ യു ഡി എഫിന് മറ്റൊരു സ്ഥാനാര്‍ഥിയെ തിരയേണ്ടി വന്നിട്ടില്ല. 53 വര്‍ഷക്കാലം ഒരേ മണ്ഡലത്തിന്റെ പ്രതിനിധിയായതിന്റെയും 12 തവണ തുടര്‍ച്ചയായി വിജയം നേടിയതിന്റെയും ചരിത്രം മറ്റാര്‍ക്കും അവകാശപ്പെടാനുമില്ല. ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയുമായുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതും. സഹതാപ തരംഗത്തില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വാരിപ്പുണരുമെന്ന കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍ തെറ്റിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പുതുപ്പള്ളിക്കാര്‍ തങ്ങളുടെ കുഞ്ഞൂഞ്ഞിന് അത്യപൂര്‍വമായ അന്ത്യ യാത്രാമൊഴി നല്‍കി ഒരു മാസം മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പ്രചാരണത്തിലുടനീളം ഉമ്മന്‍ ചാണ്ടി സ്മരണ നിലനിര്‍ത്തിയ യു ഡി എഫ് തന്ത്രവും ചാണ്ടി ഉമ്മന്റെ മികച്ച വിജയത്തിന് വഴിതെളിയിച്ചു.
ജനപ്രതിനിധികളുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അവരുടെ അടുത്ത ബന്ധുക്കളെ രംഗത്തിറക്കി സഹതാപ തരംഗം മുതലെടുക്കുന്ന രാഷ്ട്രീയ തന്ത്രം സംസ്ഥാനത്ത് മുമ്പും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ജി കാര്‍ത്തികേയന്റെ മരണാനന്തരം 2015ല്‍ അരുവിക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത് കാര്‍ത്തികേയന്റെ മകനും രാഷ്ട്രീയത്തില്‍ പുതുമുഖവുമായിരുന്ന ശബരീനാഥിനെയായിരുന്നു. ശക്തമായ അന്നത്തെ ത്രികോണ മത്സരത്തില്‍ ശബരീനാഥ് പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിച്ചു. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം ശബരീനാഥിനെ കൈവിടുകയും ചെയ്തു. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സഹതാപ തരംഗമാണ് ഇവിടെയും വിധി നിര്‍ണയിച്ചത്.
കുടുംബ പാരമ്പര്യമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുക്കിയതെങ്കിലും രാഷ്ട്രീയത്തില്‍ പുതുമുഖമല്ല അദ്ദേഹം. തന്റെ പിതാവിനു തണലേകി പുതുപ്പള്ളി നിയോജക മണ്ഡലത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ച പാരമ്പര്യം ചാണ്ടി ഉമ്മനുണ്ട്. കോളജ് കാലം മുതല്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണദ്ദേഹം. 2013ല്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായിരുന്ന ചാണ്ടി ഉമ്മന്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ ഔട്ട്റീച്ച് സെല്‍ ചെയര്‍മാനും കെ പി സി സി അംഗവുമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ മുഴുസമയ പങ്കാളിയുമായിരുന്നു.
ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ പരാജയപ്പെടുന്നത്. 2016ലും 2021ലും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഇത്തവണയും വിജയ പ്രതീക്ഷയോടെയല്ല ഇടതുപക്ഷം അദ്ദേഹത്തെ രംഗത്തിറക്കിയത്. എങ്കിലും വികസന അജന്‍ഡ ഉയര്‍ത്തിക്കാണിച്ച് യു ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. അത് പാളി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ 9,044 വോട്ടുകളുടെ കുറവേ ജെയ്ക്കിനുണ്ടായിരുന്നുള്ളൂ. ആ സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ 37,000ത്തില്‍ പരം വോട്ടുകള്‍ക്ക് അടിയറവ് പറഞ്ഞത്.
പിണറായി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുപക്ഷത്തിനും സര്‍ക്കാറിനും വീണ്ടുവിചാരത്തിന് ഈ പരാജയം അവസരമൊരുക്കേണ്ടതുണ്ട്. അടുത്തിടെ ഉയര്‍ന്ന ചില അഴിമതിയാരോപണങ്ങളും കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിനെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് സംജാതമായ കടുത്ത പ്രതിസന്ധി ജനക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിച്ചതും വോട്ട് ചോര്‍ച്ചക്ക് കാരണമായോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ബി ജെ പിയുടെ സ്ഥിതിയാണ് അതിദയനീയം. 2021ല്‍ പുതുപ്പള്ളിയില്‍ 11,694 വോട്ടുകളും അതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ 16,000 മുതല്‍ 19,000 വരെ വോട്ടുകളും നേടിയ പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 6,558 വോട്ടുകള്‍. 2021ലെ 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി വോട്ട് ശതമാനം. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ബി ജെ പി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലെത്തിയത്. പ്രമുഖ ബി ജെ പി നേതാക്കള്‍ ക്രിസ്തീയ അരമനകള്‍ സന്ദര്‍ശിച്ചും ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍ ക്രിസ്തീയ ഭവനങ്ങള്‍ കയറിയിറങ്ങിയും ക്രിസ്തീയ സമുദായത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടി നടത്തിയ തന്ത്രങ്ങളെല്ലാം നിഷ്ഫലമായി. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കണ്ട് പ്രചാരണ രംഗം കൊഴുപ്പിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ദേശീയ നേതൃത്വത്തോട് മറുപടി പറയാന്‍ സംസ്ഥാന നേതാക്കള്‍ നന്നായി വിയര്‍ക്കേണ്ടി വരും.
source https://www.sirajlive.com/chandi-oommen-wakes-up-and-goes-to-pudupally.html
إرسال تعليق