ലയാള സിനിമയുടെ കാരണവര്‍ മധു നവതിയുടെ നിറവില്‍

കോഴിക്കോട് | ലയാള സിനിമയുടെ കാരണവര്‍ മധു നവതിയുടെ നിറവില്‍. വിസ്മയകരമായ ആറുപതിറ്റാണ്ടിന്റെ സിനിമാ ജീവിതത്തെ മലയാളികള്‍ ആദരിക്കുകയാണ്. ആറു പതിറ്റാണ്ട് കൊണ്ട് മുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തുനിന്നു സിനിമ നടന്നു തീര്‍ത്ത ദൂരങ്ങളില്‍ അഗ്രഗാമിയായി നിറഞ്ഞുനിന്നു.

സത്യനും നസീറും താരപ്രഭ ചിതറിനിന്ന സിനിമാ സങ്കല്‍പ്പങ്ങളിലേക്ക് ഉറച്ച ചുവടുകളുമായി മധു കടന്നു വന്നു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മധുവിനെ തേടി പിന്നീട് സിനിമകളുടെ പ്രവാഹമായിരുന്നു.

വിഷാദ ഛായയുടെ ആവിഷ്‌കാരത്തിലൂടെ മധുവിന്റെ മുഖം മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞു. ചെമ്മീനിലെ പരീക്കുട്ടിയിലൂടെ തലമുറകള്‍ ആ ഭാവാഭിനയത്തെ ഏറ്റുവാങ്ങി. കുട്ടിക്കുപ്പായം, ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, കാട്ടുപൂക്കള്‍, ഈറ്റ, തീക്കനല്‍ അങ്ങിനെ മലയാളികള്‍ തലമുറയിലൂടെ കൈമാറി ആസ്വദിച്ച ഭാവ കാവ്യങ്ങളില്‍ മധുവിന്റെ മുഖം തിളങ്ങി നിന്നു. നിരാശാ കാമുകന്റെ മുഖമായി മധു പ്രണയ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നിന്നു.

ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നു കളറിലേക്കുള്ള സിനിമയുടെ പരിണാമത്തില്‍ തന്റെ ഇടം മധു സുരക്ഷിതമാക്കി. ഓളവും തീരത്തിലെ ബാപ്പുട്ടി, ഉമ്മാച്ചുവിലെ മായന്‍, ഇതാ ഇവിടെ വരെയിലെ പൈലി, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ്, തീക്കനലിലെ കള്ളക്കടത്തുകാരന്‍ തുടങ്ങി നരനിലെ വലിയ നമ്പ്യാരും കാര്യസ്ഥനിലെ മുത്തച്ഛനുമെല്ലാം മധുവില്‍ കാലം തീര്‍ത്ത പരിണാമങ്ങളെ അടയാളപ്പെടുത്തി. സവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഘാടകന്‍ എന്നീ നിലകളിലെല്ലാം മധു നിറഞ്ഞു നിന്നു. അധ്യാപക ജീവിതം ഉപേക്ഷിച്ചു വെള്ളിത്തിരയിലെത്തിയ മധു മലയാള സിനിമയുടെ മുത്തച്ഛനായി ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.



source https://www.sirajlive.com/madhu-navathi-is-the-reason-behind-the-movie-layala.html

Post a Comment

أحدث أقدم