നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

ഗൂഡല്ലൂര്‍ | തമിഴ്നാട്ടിൽ ഊട്ടി-മേട്ടുപാളയം ദേശീയ പാതയിലെ ബര്‍ളിയാറിനടുത്ത മരപ്പാലത്തില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് 50 അടി കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത കടയനല്ലൂര്‍ സ്വദേശികളായ മുരുകേശന്‍ (65), കൗസല്യ (29), ജയ (50), മുപ്പുടാതി (67), തങ്കം (40), ഇളങ്കോ (64), ദേവികല (42), നിതിന്‍ (15) തുടങ്ങിയവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് അപകടം.

54 പേരാണ് ബസില്‍ യാത്ര ചെയ്തിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിസാര പരുക്കേറ്റവരെ കുന്നൂര്‍, മേട്ടുപാളയം ഗവ. ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നൂര്‍ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പരുക്കേറ്റവരെ പുറത്തെത്തിച്ചത്.

ഒമ്പത് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ പത്ത് ആംബുലന്‍സുകളിലായി ആശുപത്രികളിലെത്തിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഊട്ടി സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിസ്മയ കാഴ്ചകള്‍ കണ്ട് ആനന്ദിച്ചുള്ള മടക്ക യാത്ര അവസാന യാത്രയാവുകയായിരുന്നു.

വിവരമറിഞ്ഞ് തമിഴ്‌നാട് ടൂറിസം മന്ത്രി കെ രാമചന്ദ്രൻ, ജില്ലാ കലക്ടർ എം അരുണ, ഡി ആർ ഒ കീർത്തി പ്രിയദർശിനി, നീലഗിരി എസ് പി. ഡോ. കെ പ്രഭാകരൻ എന്നിവർ ഊട്ടി, കുന്നൂർ, മേട്ടുപാളയം ആശുപത്രികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ മന്ത്രി ഉത്തരവിട്ടു. കുന്നൂർ താലൂക്ക് ആശുപത്രിയിലെ അവധിയിൽ പ്രവേശിച്ച ജീവനക്കാരോട് ഉടനെ തിരികെ ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അപകടം കാരണം ഊട്ടി- മേട്ടുപാളയം ദേശീയ പാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. മരണപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപയും സാരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് 50,000 രൂപയും തമിഴ്‌നാട് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായ ധനം പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചിച്ചു.



source https://www.sirajlive.com/tourist-bus-falls-into-koka-in-nilgiris-nine-dead.html

Post a Comment

أحدث أقدم