താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം; നാട്ടുകാരന് വെട്ടേറ്റു 

താമരശ്ശേരി (കോഴിക്കോട്) | അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിനും നേരെ ലഹരി മാഫിയയുടെ അക്രമം. ഇന്നലെ വൈകിട്ടും രാത്രിയിലുമാണ് പതിനഞ്ചോളം വരുന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ട് പോലീസ് ജീപ്പും ഒരു കാറും വീടിന്റെ ചില്ലുകളും തകർത്തു. സ്ഥലത്തെത്തിയ ഒരാൾക്ക് വെട്ടേറ്റു. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അമ്പലമുക്ക് കൂരിമുണ്ട ഭാഗത്ത് ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിൽ പ്രകോപിതരായ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അക്രമങ്ങളുടെ തുടക്കം. കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം സി സി ടി വി സ്ഥാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെ പോലീസിന് നേരെയും സംഘം തിരിഞ്ഞു. പിന്നീട് എട്ട് മണിയോടെ വീടിന് നേരെ കല്ലേറുണ്ടായി.

ഇതിനിടയിൽ താമരശ്ശേരി ഡിവൈ എസ് പി അശ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ഇതോടെ പോലീസ് ജീപ്പിന് നേരെയും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസിക്ക് നേരെയും അക്രമമുണ്ടായി. നാട്ടുകാരനായ ഇർശാദിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരി ഇൻസ്‌പെക്ടറുടെയും എസ് ഐയുടെയും വാഹനങ്ങളും മൻസൂറിന്റെ കാറും അടിച്ചു തകർത്തു. മൻസൂറിന്റെ വീടിന്റെ ജനൽ ചില്ലുകളും എറിഞ്ഞ് തകർത്തു. പോലീസിന് നേരെ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശി സക്കീർ എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

കുടുക്കിലുമ്മാരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് സ്ഥലത്ത് ഷെഡ് നിർമിച്ചാണ് ലഹരി മാഫിയാ സംഘം ക്യാമ്പ് ചെയ്യുന്നത്. ഇവിടെ ദൂരെ ദിക്കുകളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതായും നാട്ടുകാർ പറയുന്നു. അക്രമി സംഘത്തിന്റെ ഒരു കാർ പോലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.



source https://www.sirajlive.com/drug-mafia-attack-in-thamarassery-the-native-was-cut.html

Post a Comment

Previous Post Next Post