ന്യൂഡൽഹി | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ് കുറിപ്പിൽ പറഞ്ഞു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ എട്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പാർലിമെന്ററി പാർട്ടി നേതാവ് അധിർരഞ്ജൻ ചൗധരിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.
source https://www.sirajlive.com/one-country-one-election-39-39-attack-on-indian-union-and-states-rahul-gandhi.html
إرسال تعليق