ഇന്ന് ഗാന്ധി ജയന്തി ദിനം. സമാധാനപരമായ മാര്‍ഗത്തിലൂടെ ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുകയും അക്രമരാഹിത്യത്തിന്റെയും അഹിംസയുടെയും സമരമാര്‍ഗം ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്ത മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ 154ാം ജന്മദിനം. ഇന്ത്യന്‍ ജനത അനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം മഹാത്മാ ഗാന്ധിയുള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും കഷ്ടപ്പാടുമാണ്. ഐക്യരാഷ്ട്രസഭ ഗാന്ധി ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുമ്പോള്‍ പ്രാര്‍ഥനാ ചടങ്ങുകളും സേവന പ്രവര്‍ത്തനങ്ങളും കൊണ്ടാണ് ഇന്ത്യന്‍ ജനത രാഷ്ട്രപിതാവിന്റെ ജന്മദിനത്തെ അടയാളപ്പെടുത്തുന്നത്.
ഇത്തരം പതിവു ചടങ്ങുകള്‍ക്കപ്പുറം ഗാന്ധിജി ആഗ്രഹിച്ച ഇന്ത്യയെ കെട്ടിപ്പടുക്കുകയും അതിന് വിഘാതം നില്‍ക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഗാന്ധിജിയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും കടമ. മത, ജാതി, വര്‍ണ വിവേചനമില്ലാതെ മുഴുവന്‍ പേരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയായിരുന്നു ഗാന്ധിജി വിഭാവനം ചെയ്തത്. എല്ലാവര്‍ക്കും തുല്യാവകാശങ്ങളുള്ള ഇന്ത്യയിലേക്കുള്ള സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രതിബദ്ധത ആവര്‍ത്തിക്കണമെന്നായിരുന്നു 1947 നവംബറിലെ, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയിലെയും അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയിലെയും ഗാന്ധിജിയുടെ ആഹ്വാനം. ഇക്കാര്യത്തില്‍ നെഹ്‌റു, പട്ടേല്‍ തുടങ്ങി മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഭരണഘടനയില്‍ ഈ ആശയം ഉള്‍പ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ ഫലം ഓരോ ഇന്ത്യക്കാരനും അനുഭവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വാതന്ത്ര്യം അപൂര്‍ണമാണെന്നാണ് ഹിന്ദ് സ്വരാജില്‍ അദ്ദേഹം എഴുതിയത്.
എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന, മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഇന്ത്യയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. എന്നാല്‍ ഈ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ നയിക്കുന്നവര്‍. രണ്ടാഴ്ച മുമ്പ് നടന്ന പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം എം പിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ കോപ്പിയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും അപ്രത്യക്ഷമാകുകയുണ്ടായി. അബദ്ധവശാല്‍ സംഭവിച്ചതല്ല, ബോധപൂര്‍വമാണ് അത് ഒഴിവാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ തന്നെ വ്യക്തമാക്കുന്നു. മതേതരത്വമെന്ന ആശയത്തോട് സംഘ്പരിവാര്‍ പലപ്പോഴും പ്രകടിപ്പിച്ച അസഹിഷ്ണുതയാണ് ഈ സംഭവത്തിലും വെളിപ്പെട്ടത്. 2015ല്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ പരസ്യങ്ങളില്‍ കൊടുത്ത ഭരണഘടനയുടെ ആമുഖത്തിലും “മതേതരത്വം’ നീക്കം ചെയ്യപ്പെട്ടിരുന്നു.
വിഭജനം ബഹുഭൂരിപക്ഷം ഇന്ത്യന്‍ ജനതയെ പോലെ ഗാന്ധിജിയെയും അങ്ങേയറ്റം വേദനിപ്പിച്ച സംഭവമായിരുന്നു. ദേശീയ സമരത്തില്‍ മത, വര്‍ണ, ജാതി ഭേദമന്യേ ഇന്ത്യന്‍ ജനത അണിനിരന്നത് അഖണ്ഡ ഭാരതത്തിന്റെ മോചനത്തിനു വേണ്ടിയാണ്. വെട്ടിമുറിച്ച രാജ്യത്തിനു വേണ്ടിയായിരുന്നില്ല. എങ്കിലും ചില സങ്കുചിത താത്പര്യങ്ങള്‍ക്കായി 1947 ജൂണില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതി തയ്യാറാക്കിയപ്പോള്‍ അത് അംഗീകരിക്കാന്‍ ഗാന്ധിജിയടക്കം ദേശീയ നേതൃത്വം നിര്‍ബന്ധിതമായി. വിഭജനാനന്തരം ഹിന്ദു- മുസ്‌ലിം കലാപങ്ങളും കൂട്ടക്കുരുതികളും അരങ്ങേറിയപ്പോള്‍ ഹിന്ദു- മുസ്‌ലിം മതമൈത്രിക്ക് വേണ്ടി അഹോരാത്രം പരിശ്രമത്തിലായിരുന്നു ഗാന്ധി. നവഖാലി ഗ്രാമത്തിലൂടെയും ടിപ്പേറ ഗ്രാമത്തിലൂടെയും നഗ്‌നപാദനായി നടന്നാണ് ബിഹാറിലും കിഴക്കന്‍ ബംഗാളിലും ഐക്യവും സമാധാനവും തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചത്. വിഭജനത്തിന്റെ ഫലമായി ഇന്ത്യയിലും പാകിസ്താനിലും ഒരാള്‍ക്ക് പോലും മുറിവോ പോറല്‍ പോലുമോ ഏല്‍ക്കരുതെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. പാകിസ്താന് കൊടുക്കാനുള്ള വിഹിതത്തെ ചൊല്ലി നിരാഹാരം കിടക്കുക പോലും ചെയ്തു അദ്ദേഹം. രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും പരസ്പരം പോരടിക്കുന്ന രാഷ്ട്രങ്ങളെയല്ല അദ്ദേഹം ആഗ്രഹിച്ചത്, ഊഷ്മളമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന സൗഹൃദ രാജ്യങ്ങളെയാണ്. പിന്നീട് ഇരു രാജ്യങ്ങളും കൊടിയ ശത്രുക്കളായി മാറിയതും അതിര്‍ത്തികളില്‍ സ്ഥിരം സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നതും ഇരു രാജ്യങ്ങളെയും നയിക്കുന്നവരുടെ രാഷ്ട്രീയ കുബുദ്ധിയുടെ ഫലമാണ്. മാനവികതക്കും മതസൗഹാര്‍ദത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ കാരണവും.
അധികാര വികേന്ദ്രീകരണമായിരുന്നു ഗാന്ധിജി മുന്നോട്ടുവെച്ച മറ്റൊരു ആശയം. “ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്’ എന്ന ഗാന്ധിയന്‍ വാക്കുകള്‍ പ്രസിദ്ധമാണ്. രാജ്യത്ത് അധികാരം കുറച്ചു പേരില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്, വികേന്ദ്രീകൃതമാകണം. താഴെത്തട്ടില്‍ നിന്ന് മുകളിലേക്കുള്ള വികസന മാതൃകയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. താഴെത്തട്ടിലുള്ളവര്‍ക്ക് രാഷ്ട്രീയ അധികാരം നല്‍കുന്നതിനൊപ്പം സാമ്പത്തിക അധികാരവും നല്‍കണം. നിലവില്‍ രാജ്യത്ത് വികസനം മുകളില്‍ നിന്ന് താഴേക്കാണ്. ഗ്രാമങ്ങളിലെ ഭൂമിയും വിഭവങ്ങളും വന്‍കിട കമ്പനികള്‍ കൈയടക്കാനിടയായതും ജോലി തേടി ജനങ്ങള്‍ നഗരങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നതും ഇതിന്റെ ഫലമാണ്. വന്‍കിട കമ്പനികള്‍ ഗ്രാമങ്ങളിലെ വിഭവങ്ങള്‍ തട്ടിയെടുക്കുന്നത് പ്രദേശവാസികളുടെ സാമ്പത്തിക അധികാരം നഷ്ടമാക്കുകയാണ്. സ്വയംപര്യാപ്തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമെന്ന ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ ഇത് തകര്‍ക്കുന്നു.
ഫെഡറല്‍ സംവിധാനങ്ങളുടെ ഗളച്ഛേദം, ജനാധിപത്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ വ്യവസ്ഥിതികളെ തകര്‍ത്തെറിഞ്ഞ് ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി എന്നിങ്ങനെ ഏകശിലാത്മകതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള നീക്കം, പാര്‍ലിമെന്റിലേക്കു വരെ കടന്നെത്തിയ വിദ്വേഷ പ്രചാരണം തുടങ്ങി ഗാന്ധിജിയുടെ ആശയങ്ങളെ നിരാകരിക്കുന്ന വേദനാജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈയൊരിടത്തില്‍ നിന്നാണ് മഹാത്മാ ഗാന്ധിയെ പുനര്‍വായിക്കേണ്ടത്.
source https://www.sirajlive.com/the-india-envisioned-by-gandhi-should-not-be-foreign.html
إرسال تعليق