ഇസ്റാഈലിന്റെ നാലാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായ ഗോള്‍ഡാ മെയ്റിനോട് 1969ല്‍ സണ്‍ഡേ ടൈംസ് ലേഖകന്‍ ചോദിച്ചു: ‘ഈ നിലയില്‍ ബലാത്കാരമായി അതിര്‍ത്തി വ്യാപിപ്പിച്ചാല്‍ ഒരു കാലത്ത് ലോകം ചോദിക്കില്ലേ, ഫലസ്തീന്‍ എവിടെയായിരുന്നുവെന്ന്. ഒരിത്തിരി മണ്ണു പോലും അവശേഷിപ്പിക്കാതെ സ്വന്തമാക്കാന്‍ തന്നെയാണോ പദ്ധതി?’ അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു: ‘അതിന് അന്ന് ഫലസ്തീന്‍ എന്ന പേര് ആര് ഉച്ചരിക്കും? ഫലസ്തീന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല’.
അത്യന്താധുനിക പ്രതിരോധത്തിന്റെ അയേണ്‍ ഡോമില്‍ വിള്ളല്‍ വീഴ്ത്തി ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഹമാസും അപ്രതീക്ഷിത പ്രഹരത്തിന്റെ ഞെട്ടലില്‍ നിന്നുണര്‍ന്ന് ക്രൂരമായ കൂട്ടക്കൊലയിലേക്ക് തുനിഞ്ഞിറങ്ങിയ ഇസ്റാഈലും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ വാചകമാണിത്. ഫലസ്തീന്‍ ഒരിക്കലും ഭൂമുഖത്ത് ഉണ്ടായിരുന്നില്ല, ഫലസ്തീന് ഒരു രാജ്യമായി നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്ന ആക്രോശം പതിറ്റാണ്ടുകളായി കേട്ടാണ് ഈ ഭൂവിഭാഗത്തിലെ കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നത്, വളരുന്നത്. അതുകൊണ്ട് ‘ഞങ്ങളിവിടെയുണ്ട്, മുച്ചൂടും മുടിഞ്ഞു പോയിട്ടില്ല’ എന്ന് വിളിച്ചു പറയാന്‍ ഒന്നുകില്‍ അവര്‍ മരണം വരിക്കുന്നു. അല്ലെങ്കില്‍ പട്ടാള ബുള്‍ഡോസറുകള്‍ക്ക് നേരേ ചെറുകല്ലെടുത്തെറിയുന്നു. അപ്പോള്‍ ചോദ്യമുയരും. ഇങ്ങനെയൊക്കെ പറഞ്ഞ് ഹമാസിനെ ന്യായീകരിക്കുകയാണോ? ഇസ്റാഈല്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി വണ്ടിയില്‍ കയറ്റുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം അയച്ചു തന്ന് ഇതൊക്കെ എന്തുതരം പ്രതിരോധമാണെന്ന് ചോദിക്കും. ഹമാസിന്റെ റോക്കറ്റാക്രമണത്തെ ന്യായീകരിക്കാനാകില്ല. സിവിലിയന്‍മാരെ കൊന്നുതള്ളുന്നത് ഒരു നിലക്കും ശരിയായ കാര്യമല്ല. നിരപരാധികളായ മനുഷ്യരെ ഇസ്റാഈല്‍ നിരന്തരം കൊല്ലുന്നുവെന്നത് ആ രാജ്യത്തിന്റെ അതിര്‍ത്തിക്കകത്ത് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെ കൊല്ലാനുള്ള കാരണവുമല്ല. ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് മാത്രമേ ജീവിക്കാനാകൂ.
എന്നാല്‍, ഹമാസിനെ തള്ളിപ്പറയാനും അവരെ ഭീകരവാദികളായി അടയാളപ്പെടുത്താനും പ്രൊട്ടക്റ്റ് ഇസ്റാഈല്‍, സ്റ്റാന്‍ഡ് വിത്ത് ഇസ്റാഈല്‍, ഇന്ത്യാ വിത്ത് ഇസ്റാഈല്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ വെക്കാനും വെമ്പല്‍ കൊള്ളുന്നവരില്‍ നല്ല പങ്കും ഒരു കാലത്തും ഫലസ്തീന്‍ അനുകൂല സമീപനം എടുക്കാത്തവരായിരുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദിനംപ്രതി ഇസ്റാഈല്‍ നടത്തുന്ന അധിനിവേശവും അതിക്രമവും അരുംകൊലകളും മനസ്സിനെ ഒട്ടും ഉലയ്ക്കാത്തവര്‍ക്ക് ഹമാസിനെ പഴിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? മനുഷ്യ ജീവന് വിലയിട്ട് തിരിക്കുന്ന ക്രൂരമായ ഏര്‍പ്പാടല്ലേ അത്. ഇക്കൂട്ടര്‍ക്ക് അവരുടെ സ്ഥായീഭാവമായ സയണിസ്റ്റ് പക്ഷപാതിത്വം തുറന്നുപ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം മാത്രമാണ് ഹമാസിന്റെ റോക്കറ്റ് വര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നോക്കൂ. ഇസ്റാഈലിനൊപ്പമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പുതിയതല്ല. എക്കാലത്തും അങ്ങനെ തന്നെയാണ്. ബെഞ്ചമിന്‍ നെതന്യാഹുവിനെ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ കൊണ്ടുവന്നയാളാണ് അദ്ദേഹം. താനും മോദിയും തമ്മിലുള്ള ബന്ധം ‘സ്വര്‍ഗത്തില്‍ എഴുതപ്പെട്ടു, ഭൂമിയില്‍ സാക്ഷാത്കരിച്ചു’വെന്ന് പ്രഖ്യാപിച്ചയാളാണ് നെതന്യാഹു. സയണിസ്റ്റ് സ്നേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്നത്തെ സിറിയയും സിനായി പെനിന്‍സുലയും ജോര്‍ദാനും ഫലസ്തീനുമെല്ലാം അടങ്ങുന്ന വിശാല ഇസ്റാഈലിനായി വാദിക്കുന്ന സയണിസം വിശാല ഹിന്ദുത്വ ആശയഗതികള്‍ക്ക് എന്നും പ്രചോദനമാണ്. ഇന്ത്യ ഹിന്ദുത്വരുടേതാണെന്ന് വാദിക്കുന്നവര്‍ അതിന്റെ പൂര്‍വ മാതൃകയായി കൊണ്ടാടുന്നത് ജൂത രാഷ്ട്രത്തെയാണ്. ഫലസ്തീന്‍ പോരാട്ടത്തോടൊപ്പം നിലകൊള്ളുന്നതില്‍ ഇന്ത്യന്‍ ദേശീയ സമരം മുതല്‍ തുടര്‍ന്നുവന്ന പാരമ്പര്യം മോദി സര്‍ക്കാര്‍ എന്നേ ബലികഴിച്ചതാണ്.
ഇസ്റാഈലിലെ മനുഷ്യര്‍ കൊല്ലപ്പെട്ടിരിക്കുന്നു, ഇനി ഫലസ്തീനെ കുറിച്ച് മിണ്ടരുത് എന്ന നരേഷന്‍ അങ്ങേയറ്റം ചരിത്രവിരുദ്ധമാണ്. ചരിത്രത്തില്‍ വേരാഴ്ന്നു നില്‍ക്കുന്ന ജനപഥം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതും ബലാത്കാരമായി പടച്ചുണ്ടാക്കിയ രാജ്യം എല്ലാ സംരക്ഷണങ്ങളോടെയും വാഴേണ്ടതുമാകുന്ന വിരോധാഭാസത്തിലാണ് ഈ നരേഷനുകള്‍ കാലൂന്നി നില്‍ക്കുന്നത്. ഈ ആഖ്യാനം നടത്തുന്നവര്‍ പ്രതീക്ഷിക്കുന്നത് ഗസ്സയില്‍ ഇസ്റാഈല്‍ ഭീകരമായ ബോംബിംഗ് ആരംഭിക്കുമെന്നാണ്. ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുമെന്നും ഒന്നാം പേജുകള്‍ അലങ്കരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ചേതനയറ്റ ചിത്രങ്ങള്‍ ലഭിക്കുമെന്നും ‘എലികളേ എന്തിനാണ് പേടിച്ച് വിറക്കുന്നത്, എവിടെപ്പോയി നിങ്ങളുടെ പടക്കങ്ങള്‍’ എന്ന് കളിയാക്കാമെന്നുമുള്ള കാത്തിരിപ്പിലാണ് അവര്‍. വീടിനുള്ളിലേക്ക് വിഷവാതകം അടിച്ചു കയറ്റുമ്പോള്‍ പ്രാണഭയത്താല്‍ പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ ബോംബിടും. യു എന്‍ പണിത സ്‌കൂളില്‍ അഭയത്തിന്റെ ഇത്തിരി ഇടം തേടി വിറച്ചിരുന്നവര്‍ക്ക് മേല്‍ ഉഗ്രസ്ഫോടനം നടക്കും. ഗസ്സ ഒരിക്കല്‍ കൂടി തകര്‍ന്ന് തരിപ്പണമാകും.
ഹമാസിനെ തള്ളിപ്പറയാനും ഇസ്റാഈലിന് വാക്കുകള്‍ കൊണ്ട് സംരക്ഷണ കോട്ടയൊരുക്കാനും വമ്പന്‍ ശക്തികള്‍ മത്സരിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. യു എസ്, യൂറോപ്യന്‍ യൂനിയന്‍, ജര്‍മനി, നാറ്റോ, ഫ്രാന്‍സ്… ആ നിര നീണ്ടതായിരുന്നു. ഇറാന്‍ മാത്രമാണ് വ്യത്യസ്തമായൊരു ശബ്ദം പുറപ്പെടുവിച്ചത്. ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നില്ലെന്ന പ്രതികരണം നടത്തിയ റഷ്യന്‍ മുന്‍ നേതാവ് ദിമിത്രി മെദ്വദേവിന്റെ ശബ്ദവും വേറിട്ട് നിന്നു. തുര്‍ക്കിയും ഈജിപ്തും അറബ് രാജ്യങ്ങളും റഷ്യയും സംയമനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തു.
ഇന്ത്യയടക്കമുള്ള സര്‍വ രാജ്യങ്ങളും ചില ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ലോക രാഷ്ട്രങ്ങള്‍ക്കോ യു എന്നിനോ സാധിച്ചിട്ടുണ്ടോ? ഫലസ്തീന്‍ സംബന്ധിച്ച് ഇക്കാലം വരെ വന്നിട്ടുള്ള ഏതെങ്കിലും അന്താരാഷ്ട്ര കരാറോ യു എന്‍ പ്രമേയമോ പാലിക്കപ്പെട്ടിട്ടുണ്ടോ? ഇസ്റാഈല്‍ നടത്തുന്ന ക്രൂരമായ അധിനിവേശത്തെ തള്ളിപ്പറയാന്‍ അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ? രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന പെരും നുണയുടെ പുറത്താണ് ജൂത രാഷ്ട്രം സ്ഥാപിതമായതെന്ന യാഥാര്‍ഥ്യം എന്തുകൊണ്ടാണ് മറന്നു പോകുന്നത്. 1881 വരെ അല്‍അഖ്സ സമുച്ചയത്തിന്റെ ഭിത്തിക്കടുത്ത് വന്ന് പ്രാര്‍ഥിച്ചു മടങ്ങുന്ന ചെറു ജൂത സംഘങ്ങളെ മാത്രമേ ഈ ഭൂവിഭാഗം കണ്ടിട്ടുള്ളൂ. ജ്യൂയിഷ് സ്റ്റേറ്റ് പുസ്തകം തിയോഡര്‍ ഹെര്‍സല്‍ എഴുതുമ്പോള്‍ നിര്‍ദിഷ്ട ജൂത രാജ്യം എവിടെയാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പിന്നീട് 1897ല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാഷ്ട്രങ്ങളിലെല്ലാം ജൂതര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പന്‍ മൂലധന ഉടമകള്‍, വ്യവസായികള്‍, വ്യാപാരികള്‍. ഈ സാമ്പത്തിക രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ജൂത സമ്മേളനം ആഹ്വാനം ചെയ്തു. ബ്രിട്ടനും ഫ്രാന്‍സും അറേബ്യയിലെ സഊദ് ഭരണകൂടവുമൊക്കെ ചേര്‍ന്നുള്ള ഭൗമ രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കൊടുവില്‍ ഇന്നു കാണുന്ന ഭൂവിഭാഗത്തില്‍ ജൂത സമൂഹത്തെ കുടിയിരുത്താന്‍ തീരുമാനിക്കുമ്പോള്‍ അവിടെ ഒരു ജനതയുണ്ടായിരുന്നു. ആ തദ്ദേശീയ ജനതയോട് അഭിപ്രായം ചോദിച്ചായിരുന്നില്ല കൊട്ടാരങ്ങളില്‍ കരാറുകള്‍ പിറന്നത്.
പിന്നെ അക്രമാസക്ത ജൂത കുടിയേറ്റത്തിന്റെ നാളുകളായിരുന്നു. പലയിടങ്ങളില്‍ നിന്നായി സ്വരൂപിച്ച പണവും ആയുധങ്ങളുമായി വന്നവര്‍ അറബ് സമൂഹത്തിന് മേല്‍ മരണം വിതച്ചു. എത്രയെത്ര നഖ്ബകള്‍. കൂട്ടക്കുരുതികള്‍. ഇന്നും തുടരുന്ന ഈ അതിക്രമങ്ങള്‍ തടയാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇസ്റാഈല്‍ എന്നെങ്കിലും അമേരിക്കന്‍ രക്ഷാകര്‍തൃത്വത്തിന് പുറത്തായിട്ടുണ്ടോ? യു എന്നിന്റെ ഏതെങ്കിലും പ്രമേയത്തിന് കടലാസ് വിലയുണ്ടോ? നാലാം ജനീവ കണ്‍വെന്‍ഷനില്‍ എഴുതിവെച്ചിട്ടുണ്ട്, അധിനിവേശ ഭൂമിയിലേക്ക് അക്രമി രാഷ്ട്രം ജനങ്ങളെ കയറ്റിവിടരുതെന്ന്. തര്‍ക്കം നിലനില്‍ക്കുന്നതോ യുദ്ധത്തില്‍ പിടിച്ചെടുത്തതോ ആയ ഭൂമിയില്‍ പരമ്പരാഗതമായി താമസിക്കുന്നവര്‍ക്കാണ് അവകാശമെന്നും അതിലുണ്ട്. 1949ലും 1967ലുമായി യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങള്‍ അധിനിവേശവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങളും കര്‍ശനമായി വിലക്കിയതാണ്. വലിയ ആഘോഷമായി എഴുന്നള്ളിക്കപ്പെട്ട ഓസ്ലോ കരാറും ക്യാമ്പ് ഡേവിഡ് കരാറും (ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ കൂടിയും) ദ്വിരാഷ്ട്ര സഹവര്‍ത്തിത്വമാണ് മുന്നോട്ട് വെക്കുന്നത്. ജോര്‍ദാന്റെ മധ്യസ്ഥതയില്‍ പിറന്ന നിരവധി ഉഭയകക്ഷി കരാറുകള്‍ വേറെയുമുണ്ട്. ഇതൊന്നും ഇസ്റാഈല്‍ അധിനിവേശം നിര്‍ബാധം തുടരുന്നതിന് തടസ്സമായിട്ടില്ല. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും തുടരുന്ന അധിനിവേശത്തെ ജൂത കുടിയേറ്റം (ജ്യൂയിഷ് സെറ്റില്‍മെന്റുകള്‍) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മറ്റൊരു കൂട്ടരുടെ സ്വാഭാവിക വാസസ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നതാണോ കുടിയേറ്റം?
ഇപ്പോള്‍ ഹമാസ് നടത്തിയ ‘എടുത്തുചാട്ടത്തില്‍’ അവര്‍ മസ്ജിദുല്‍ അഖ്സയെ കൂടി മുന്‍നിര്‍ത്തുന്നുണ്ട്. തീവ്രവലതുപക്ഷ ജൂത ഗ്രൂപ്പുകളുടെ പിന്തുണയോടെ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണം നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ രണ്ട് തന്ത്രങ്ങളാണ് പുറത്തെടുക്കുക, ഒന്ന് അല്‍ അഖ്സയില്‍ സംഘര്‍ഷമുണ്ടാക്കുക. രണ്ട് വെസ്റ്റ്ബാങ്ക് അധിനിവേശം ശക്തമാക്കുക. അഖ്സാ അതിക്രമത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത് ഇസ്റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗിവിറാണ്. തീവ്ര വലതുപക്ഷ നേതാവാണ് ഇതാമര്‍ ബെന്‍ ഗിവിര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓട്ട്സ്മാ യെഹുദിത് ലക്ഷണമൊത്ത സയണിസ്റ്റ് തീവ്ര സംഘടനയാണ്. നേരത്തേ നിരോധിച്ച സംഘടനയുടെ യുവ നേതാവായിരുന്നു ഇദ്ദേഹം. ആയിരത്തിലധികം തീവ്ര ദേശീയവാദി ജൂത കുടിയേറ്റക്കാരെ നയിച്ചാണ് ബെന്‍ ഗിവിര്‍ കഴിഞ്ഞ ആഗസ്റ്റില്‍ അല്‍അഖ്സ കോമ്പൗണ്ടിലെത്തിയത്. അല്‍അഖ്സ പരിസരത്ത് നിന്ന് അറബികളെ തുടച്ചുനീക്കുകയെന്നത് സയണിസ്റ്റ് ആശയഗതിയില്‍ രൂഢമൂലമായ കാര്യമാണ്. അറബ് വംശജരോടുള്ള അടങ്ങാത്ത പക സിരകളിലാവാഹിച്ച് ഒരു തരം ഭ്രാന്താവസ്ഥയില്‍ എത്തിയവര്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വെസ്റ്റ് ബാങ്കില്‍ ഇടതടവില്ലാതെ തുടരുന്ന ഫലസ്തീന്‍ കുരുതികള്‍, മസ്ജിദുല്‍ അഖ്സയിലെ സംഘര്‍ഷങ്ങള്‍, ലോക സമൂഹത്തിന്റെ നിസ്സംഗത. എന്തെങ്കിലും ചെയ്തേ തീരൂവെന്ന ബോധത്തിലേക്ക് ഫലസ്തീന്‍ ജനതയാകെ എത്തിച്ചേര്‍ന്നിരിക്കുന്നു. ആ വികാരത്തിന്റെ ചാമ്പ്യന്‍മാരായി ഹമാസ് മാറുന്നുവെന്നാണ് വായിക്കേണ്ടത്. മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവന വായിച്ചാല്‍ ഇത് മനസ്സിലാകും.
ഈ സാഹചര്യത്തില്‍ നാല് വസ്തുതകളെ അടിസ്ഥാനമാക്കി ഫലസ്തീന്‍ വിഷയത്തെ മനസ്സിലാക്കണമെന്ന് തോന്നുന്നു. ഒന്ന്, ഇസ്റാഈല്‍ അധിനിവേശ രാജ്യ(ഒകുപയര്‍ കണ്‍ട്രി)വും ഫലസ്തീന്‍ അധിനിവിഷ്ട ജനത (ഒക്കുപൈഡ് പീപ്പിള്‍)യുമാണ്. രണ്ട്, ഹമാസിന്റെ റോക്കറ്റാക്രമണവും ഫലസ്തീന്‍ ജനത നടത്തുന്ന ചെറുത്തുനില്‍പ്പും തീവ്രവാദപരമാണോ എന്ന് ഓഡിറ്റ് ചെയ്യേണ്ടത് ഇസ്റാഈലിന്റെ മനുഷ്യക്കുരുതി കൂടി കണക്കിലെടുത്താകണം. മൂന്ന്, ഇസ്റാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും തലമുണ്ട്. എന്നാല്‍ ഈ വിഷയത്തിന്റെ പരിഹാരം തത്കാലം മതപരമല്ല, രാഷ്ട്രീയവും നയതന്ത്രപരവുമാണ്. അഞ്ച്, ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചയിലൂടെയല്ല, അത്തരമൊരു പരിഹാരം സാധ്യമാകാത്തവിധം ഇരു കക്ഷികളും അകന്നിരിക്കുന്നു. ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടത്.
ഇറാന്റെ പിന്തുണയാണ് ഹമാസിന് ശക്തി പകരുന്നതെന്ന് ഇസ്റാഈല്‍ ആരോപിച്ചിട്ടുണ്ട്. റഷ്യയുടെ പിന്തുണയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുമുണ്ട്.
തുര്‍ക്കിയെയും ചില അറബ് രാജ്യങ്ങളും ഇക്കൂട്ടത്തില്‍ കൂടുമത്രേ. ഫലസ്തീനായി അങ്ങനെയൊരു സഖ്യം രൂപപ്പെടുന്നുവെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടാവുന്നതല്ലേ. ഇസ്റാഈലിനായി വന്‍ ശക്തികള്‍ക്ക് ഐക്യപ്പെടാമെങ്കില്‍ തിരിച്ചുമാകാമല്ലോ.
source https://www.sirajlive.com/do-you-want-to-stop-talking-about-palestine.html
إرسال تعليق