സര്‍ക്കാര്‍ അവലോകനം: ചില നിര്‍ദേശങ്ങള്‍

ഏഴ് വര്‍ഷത്തെ ഭരണത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ആ അവലോകനം വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കുക തന്നെ വേണം. അവലോകന യോഗങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തയ്യാറാകണം.
ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്. ഇത്തരം ഒരു അവലോകന യോഗം നടക്കുമ്പോള്‍ ഈ വസ്തുത സര്‍ക്കാര്‍ വിശദമായി വിലയിരുത്തുക തന്നെ വേണം. ചിലര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുകയും മറ്റു ചിലര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട് വിമുഖത കാണിക്കുകയും ചെയ്യുന്നത് ആശാസ്യമല്ല. അവതരിപ്പിക്കുന്ന പ്രശ്‌നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് നടപ്പാക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് ആരാണ് എന്ന് വിലയിരുത്തി ആ പ്രശ്‌നങ്ങളോട് സ്വീകരിക്കുന്ന സമീപനം ശരിയായ മാര്‍ഗത്തിലുള്ളതല്ല. അത് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം തയ്യാറാകണം. എങ്കില്‍ മാത്രമേ ഈ അവലോകന യോഗങ്ങള്‍ക്ക് പ്രസക്തിയുള്ളൂ.

അവലോകന യോഗങ്ങള്‍ നടത്തുമ്പോള്‍ തീരുമാനങ്ങള്‍ നടപ്പാക്കണം എന്നുണ്ടെങ്കില്‍ സാമ്പത്തിക സുസ്ഥിരത ഉണ്ടായിരിക്കണം. കേരളത്തിന്റെ പൊതു കടം നാല് ലക്ഷം കോടി കടന്നിരിക്കുന്നു. ഇതുകൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍, പട്ടികജാതി, ഒ ഇ സി, വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍, ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍, സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക, ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ എന്നിങ്ങനെ ഇവയെല്ലാം കൂടി കണക്കാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ബാധ്യത അഞ്ച് ലക്ഷം കോടി രൂപയെങ്കിലുമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം ഭീമമായ ഒരു തുക സി എ ജിയുടെ റിപോര്‍ട്ട് പ്രകാരം വന്‍കിടക്കാരില്‍ നിന്ന് നികുതി കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാന്‍ ഉണ്ട്. അവലോകന യോഗങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നിയമാനുസരണം കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കുന്നതിനെ സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

സംഘടിത വിഭാഗങ്ങളോട് ഒരു സമീപനവും അല്ലാത്തവരോട് മറ്റൊരു സമീപനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോഎന്ന് അവലോകനം ചെയ്യണം. കേരളത്തില്‍ പല സാമൂഹിക പ്രസ്ഥാനങ്ങളുമുണ്ട്. അവരുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഉണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ എല്ലാവരോടും നീതിപുലര്‍ത്തിയിട്ടുണ്ടോ എന്ന് യോഗം അവലോകനം ചെയ്യണം. ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും അസംതൃപ്തി ഉണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്ത് അവരുടെ അസംതൃപ്തി മാറ്റിയെടുക്കാനുള്ള തീരുമാനം ഉണ്ടാകണം. സര്‍ക്കാര്‍ പല സന്ദര്‍ഭങ്ങളിലും പല വിഭാഗങ്ങളുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതേസമയം ചിലര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം. വിവിധ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും അത് കൃത്യമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ 103ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് കേരളത്തില്‍ സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട 50 ശതമാനം സംവരണം ലഭിക്കുന്നുണ്ടോ എന്ന് യോഗം വിലയിരുത്തുകയും അത് ലഭിക്കുന്നില്ല എങ്കില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണം. കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയിലുള്ള തൊഴിലാളികള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ അവലോകനയോഗം ചര്‍ച്ച ചെയ്യണം. വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടാണോ നടത്തുന്നത് എന്ന് അവലോകന യോഗങ്ങള്‍ പരിശോധിക്കണം. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ദ്രോഹകരമായിട്ടുള്ള കരിമണല്‍ ഖനനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കുന്നതിനെ കുറിച്ച് അവലോകന യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. പരമ്പരാഗത തൊഴില്‍ മേഖലകളായ മത്സ്യമേഖലയിലെയും കയര്‍, കശുവണ്ടി മേഖലകളിലെയും പ്രശ്‌നങ്ങള്‍ നിരവധിയാണ്. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ദ്രോഹകരമായി വന്നിട്ടുണ്ടെങ്കില്‍ ആ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തക്ക തീരുമാനങ്ങള്‍ ഈ അവലോകന യോഗങ്ങളില്‍ ഉണ്ടാകണം. കേരളത്തിന്റെ കടല്‍ത്തീരവും നമ്മുടെ രാജ്യാതിര്‍ത്തി തന്നെയാണ്. അങ്ങനെയുള്ള കടല്‍ത്തീരം ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കണം.

കാര്‍ഷിക മേഖല വളരെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യമുള്ളതിനാല്‍ ഇത്തരം പ്രശ്‌നങ്ങളും അവലോകന യോഗം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണം. പൊതു മേഖലാ സ്ഥാപനങ്ങള്‍ പലതും ഇന്ന് നഷ്ടത്തിലാണ്. ഈ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനെ കുറിച്ചും കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ അനിവാര്യമായിരിക്കുന്നു. 43 ലക്ഷം അഭ്യസ്തവിദ്യര്‍ തൊഴില്‍രഹിതരായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.

നമ്മുടെ സഹകരണ മേഖല ഇന്ത്യക്ക് തന്നെ മാതൃകയായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് ഉണ്ടായ ചില സംഭവ വികാസങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നു. ഇത് ഒഴിവാക്കി സഹകാരികളുടെ വിശ്വാസം ആര്‍ജിച്ച് സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ലഹരി ഉപയോഗം അമിതമായതിനാല്‍ ക്രമസമാധാന പാലനത്തിനു പോലും വിഘാതം സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് വിദ്യാര്‍ഥികളില്‍ അടക്കമുള്ള ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത് അഭികാമ്യമാണ്.
സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളുണ്ട്. അത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ അനിവാര്യമായിരിക്കുന്നു. കാരുണ്യ സഹായ പദ്ധതി, മെഡിസിപ് എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നത് നമ്മുടെ ആരോഗ്യരംഗം ശക്തിപ്പെടുത്താന്‍ സഹായിക്കും. ആരോഗ്യ രംഗത്ത് സ്വകാര്യ ആശുപത്രികള്‍ ക്രമവിരുദ്ധമായി രോഗികളില്‍ നിന്ന് ചികിത്സാ തുക ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ അവലോകന യോഗങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള സന്ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും.



source https://www.sirajlive.com/government-review-some-suggestions.html

Post a Comment

أحدث أقدم