വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുമ്പോൾ മൂന്ന് പതിറ്റാണ്ട് നീണ്ട സ്വപ്‌നമാണ് സാക്ഷാത്കൃതമാകുന്നത്. അങ്ങേയറ്റം സന്തോഷം നിറഞ്ഞ സന്ദർഭമാണിത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വാണിജ്യ തുറമുഖമായി ദീർഘകാലം നിലനിന്ന വിഴിഞ്ഞം രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമെന്ന അധിക മേൻമയോടെയാണ് ആദ്യ ചരക്കു കപ്പലിനെ വരവേറ്റിരിക്കുന്നത്. തുറമുഖത്തു സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി എത്തിയ “ഷെൻഹുവ 15′ എന്ന ചൈനീസ് കപ്പലിനെ ഇന്ന് കേരളം ഔദ്യോഗികമായി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ, വി മുരളീധരൻ, തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാർ തുടങ്ങി ഭരണതലപ്പത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരും വ്യവസായികളും നാട്ടുകാരും സംഘടനാ പ്രതിനിനിധികളും ചേർന്ന് ഉത്സവ ഛായയിലുള്ള ചടങ്ങുകൾക്കാണ് തുറമുഖം സാക്ഷിയാകുക. വിവാദങ്ങൾക്കും അനാവശ്യ അവകാശവാദങ്ങൾക്കും അവധി നൽകി ഈ വികസന കുതിപ്പിന് കൈയടിക്കാം. സമുദ്രമാർഗം വിദേശത്തുനിന്ന് ഇന്ത്യയിലേക്കെത്തുന്ന ചരക്ക് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ദുബൈ, കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ്. വലിയ കപ്പലുകൾക്ക് അടുക്കാൻ സൗകര്യമുള്ള തുറമുഖമില്ലാത്തതിനാലാണിത്.
അന്താരാഷ്ട്ര കപ്പൽ ചാലിനോട് കേവലം 11 നോട്ടിക്കൽ മൈൽ അടുത്തും പ്രകൃതി ദത്തമായ 20 മീറ്റർ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റർ നീളമുള്ള അഞ്ച് ബർത്തുകളും മൂന്ന് കിലോമീറ്ററുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയതിനെ തുടർന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റൻ ക്രെയിനുമായി ലോഡ് കാരിയർ ഷിപ്പ് വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യ ഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം ടി ഇ യു കണ്ടെയ്നർ കൈകാര്യം ചെയ്യുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ൽ പുലിമുട്ടിന്റെ നീളം ലാൻഡ് മോഡിൽ, കേവലം 650 മീറ്റർ മാത്രമാണ് ഭാഗികമായി തയ്യാറാക്കാൻ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. തമിഴ്‌നാട് സർക്കാറുമായി, മന്ത്രി അഹ്മദ് ദേവർകോവിൽ ചർച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കുകയായിരുന്നു. ഇത്തരം പലതരം പ്രതിസന്ധികൾ മറികടന്നാണ് ഒന്നാം ഘട്ടം യാഥാർഥ്യമായിരിക്കുന്നത്.
2022 ജൂൺ 30ന് ഗ്യാസ് ഇൻസുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും ഈ വർഷം ഏപ്രിൽ 26ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്‌സും സെക്യൂരിറ്റി കെട്ടിടവും 2023 മെയ് 16ന് വർക്്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്തു. പുലിമുട്ടിന്റെ നിർമാണം അതിവേഗം പൂർത്തിയാക്കാൻ സാധിച്ചെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. പുലിമുട്ട് നിർമാണത്തിന്റെ 30 ശതമാനം പൂർത്തിയാക്കിയാൽ നൽകേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നൽകിക്കഴിഞ്ഞു. കേന്ദ്രത്തിൽ നിന്ന് 817 കോടി രൂപ ലഭിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ മന്ത്രിതലത്തിൽ നടക്കുന്നുണ്ട്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ റെയിൽവേ ലൈനിന് കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ഡി പി ആറിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരുന്നതോടെ, അനുബന്ധമായി വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 5,000 കോടി രൂപ ചെലവ് വരുന്ന ഇടനാഴി യാഥാർഥ്യമാകുന്നതോടെ ആദ്യഘട്ടത്തിൽ 60,000 കോടി രൂപയുടെ വികസന പദ്ധതികൾ വരുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.
പദ്ധതി യാഥാർഥ്യമാകുമ്പോൾ അതിന്റെ ക്രെഡിറ്റ് ആർക്ക് എന്നൊരു ചർച്ച ചൂടുപിടിക്കുന്നുണ്ട്. കേരളത്തിന്റെ ഭരണം കൈയാളിയ ഇരു പക്ഷത്തിനും അതിൽ പങ്കുണ്ടെന്ന തീർപ്പിലെത്തുന്നതാകും ഇപ്പോൾ കരണീയം. വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, ഇപ്പോൾ പണിറായി വിജയൻ തുടങ്ങിയ നേതാക്കൾക്കെല്ലാം ഈ പദ്ധതിയുടെ പല ഘട്ടങ്ങളിൽ നേതൃപരമായ പങ്കുണ്ട്. ആദ്യം പൊതുമേഖലയിലും പിന്നീട് പി പി പി മോഡലിലും വിഭാവനം ചെയ്ത പദ്ധതിയിൽ ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പിന് നിർമാണ കരാർ നൽകുകയായിരുന്നു. 2015ലായിരുന്നു ഇത്. അദാനിക്ക് കരാർ നൽകിയതോടെ കോടികളുടെ അഴിമതി ആരോപിച്ച് എൽ ഡി എഫ് പ്രചാരണം നടത്തുകയും ഉപതിരഞ്ഞെടുപ്പിൽ അത് വലിയ വിഷയമായി ഉയർത്തുകയും ചെയ്തു. പി പി പി മോഡൽ ഒഴിവാക്കിയതിലായിരുന്നു അവരുടെ ഊന്നൽ. അന്നും പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാട് അവരെടുത്തിരുന്നില്ല. പിന്നീട് പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ ആ നിലപാടുമായി മുന്നോട്ട് പോകുകയും അദാനി ഗ്രൂപ്പിന് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ പ്രത്യേകം പരമാർശിക്കേണ്ടത് പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ്. ഉപജീവന മാർഗം നഷ്ടപ്പെടുമെന്ന അവരുടെ ആധി ന്യായമാണ്. സമര രൂപത്തെയും അതിന് നേതൃത്വം നൽകിയവരെയും വിമർശിക്കാമെങ്കിലും അവർ മുന്നോട്ടുവെച്ച ആശങ്കകൾ അവഗണിക്കാനാകില്ല. അവർക്കുള്ള പുനരധിവാസ പാക്കേജ് ഫലപ്രദമായി നടപ്പാക്കുകയും തീര ശോഷണമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും വേണം. 7,525 കോടി ചെലവു വരുന്ന പദ്ധതിക്കു 2,454 കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്. ബാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്നു. അതുകൊണ്ട് ഈ മുതൽ മുടക്കിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കണം. അദാനി കമ്പനിക്ക് ഗുണം കിട്ടുന്ന ഒന്നായി അത് അധഃപതിക്കരുത്. തുടർ വികസനങ്ങൾ നടക്കണം. ചരക്കു നീക്കം സജീവമായ രാജ്യാന്തര തുറമുഖമായി വിഴിഞ്ഞം പ്രവർത്തിക്കണം. അപ്പോൾ മാത്രമേ അതിനെ സ്വപ്‌ന സാഫല്യമെന്ന് വിളിക്കാനാകുകയുള്ളൂ.
ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ കൂടുതൽ വികസനത്തിലേക്ക് കുതിക്കാനുള്ള ആത്മവിശ്വാസമാണ് കൈവരുന്നത്. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.
source https://www.sirajlive.com/when-taking-the-ship-of-dream-come-true-in-vizhinjam.html
Post a Comment