പശ്ചിമേഷ്യയുടെ ആകാശത്ത് വെടിപ്പുകയുടെ കനത്ത ചുരുളുകള്‍ കനം മൂടുമ്പോള്‍ താഴെ നിസ്സഹായരായ മനുഷ്യരുടെ രക്തവും മാംസവും ചിതറി തെറിച്ചു കൊണ്ടിരിക്കുന്നു. എവിടെയും നിലവിളികളാണുയരുന്നത്. മതവും രാഷ്ട്രീയവും ചരിത്രവും വംശീയതയുമെല്ലാം ചേര്‍ന്ന വിഷയം രമ്യമായി പരിഹരിക്കാന്‍ യു എന്നിന് കഴിഞ്ഞില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവസാനിക്കാത്ത പരസ്പര വൈരത്തിന് അടിത്തറ പാകിയ അപരാധത്തില്‍ നിന്ന് കൈകഴുകാന്‍ ഐക്യരാഷ്ട്ര സംഘടനക്കും വന്‍ ശക്തികള്‍ക്കും സാധ്യമല്ല.
1948 മെയ് 14നാണ് ഇസ്റാഈല്‍ പ്രഖ്യാപനം നടന്നത്. പ്രകോപനപരമായ തീരുമാനമായിരുന്നുവത്. സഹസ്രാബ്ദങ്ങളോളം വേട്ടയാടപ്പെട്ട ജനത എന്ന നിലയില്‍ ജൂതരോടുള്ള സഹതാപമാണ് ന്യായമായി ബന്ധപ്പെട്ടവര്‍ നിരത്താറുള്ളത്.
ആധുനിക ലോക ചരിത്രത്തില്‍ വിശ്വാസത്തിന്റെ പേരില്‍ ജൂതന്‍മാരോളം വേട്ടയാടപ്പെട്ട മറ്റൊരു മതാനുയായികളില്ല. രണ്ട് സഹസ്രാബ്ദം നീണ്ട പീഡന കാലത്ത് രക്ഷ തേടി ലോകം മുഴുവന്‍ അലയാന്‍ ജൂതര്‍ വിധിക്കപ്പെട്ടു. ആട്ടിയോടിക്കലും കൂട്ടക്കൊലയും ജൂതര്‍ അര്‍ഹിക്കുന്നുവെന്ന ധാരണ പരത്താന്‍ സംഘടിത പൗരോഹിത്യത്തിനും അവരെ പിന്തുണക്കുന്ന സാമ്രാജ്യങ്ങള്‍ക്കും കഴിഞ്ഞു. പില്‍ക്കാലത്ത് ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയ ഹോളോകോസ്റ്റ് ഇതിന്റെ ഉപസംഹാരമായിരുന്നു. പ്രതിയോഗിയായ ഹിറ്റ്ലര്‍ക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ആയുധമായി ജൂത ഉന്‍മൂലനത്തെ അവതരിപ്പിക്കാമെന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടനും സഖ്യകക്ഷികളും തിരിച്ചറിഞ്ഞു. അതുവഴി ആയിരം കൊല്ലത്തിലധികമായി തങ്ങള്‍ നടത്തിപ്പോന്ന ജൂത പീഡനത്തിന്റെ പാപത്തില്‍ നിന്ന് പിലാത്തോസിനെ പോലെ കൈ കഴുകി ശുദ്ധി പ്രാപിക്കാമെന്നും അവര്‍ കണക്കുകൂട്ടി.
ജൂതര്‍ ഒറ്റപ്പെടുന്നു
ജൂതമതം പ്രബലമായ ഘട്ടത്തിലാണ് യേശു (ഈസാ നബി) ജനിക്കുന്നത്. ജൂത പുരോഹിതരുടെ റബ്ബി കോടതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും കുരിശിലേറ്റുകയും (അവരുടെ സങ്കല്‍പ്പ പ്രകാരം) ചെയ്തു. ഇതിന്റെ വിശദമായ പ്രതിപാദനങ്ങള്‍ മത്തായി സുവിശേഷം 27: 24-25ലും ജോണ്‍ സുവിശേഷം 5: 16-18ലും കാണാം. കുരിശു മരണത്തിന്റെ പ്രത്യാഘാതങ്ങള്‍ നൂറ്റാണ്ടുകള്‍ ജൂതന്‍മാരെ വിടാതെ പിന്തുടര്‍ന്നു.
യേശു ക്രിസ്തുവിനെ ക്രൂശിച്ചതുമായി ബന്ധപ്പെട്ട ദൈവം മരിച്ചു എന്ന പ്രയോഗം എ ഡി 167ല്‍ ദൈവം കൊല്ലപ്പെട്ടു എന്ന തരത്തില്‍ വ്യാഖ്യാനിച്ചു തുടങ്ങി. എ ഡി 347ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ജോണ്‍ ക്രിസോസ്റ്റം കുരിശേറിയതിനെ ജൂത തീരുമാനം എന്ന വാക്ക് കൊണ്ട് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് മധ്യകാലഘട്ടത്തില്‍ യഹൂദ തത്ത്വചിന്തകനായ മോസസ് മൈമോനിഡസ് ‘ദ ബുക്ക് ഓഫ് മോര്‍മോന്‍’ എന്ന പുസ്തകം എഴുതിയിരുന്നു. ജീസസ് കാലുമാറ്റക്കാരനാണെന്നും മതം തൂക്കിക്കൊന്നെന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്താബ്ധാരംഭത്തിനു ശേഷം യൂറോപ്പ് ഭരിച്ച സാമ്രാജ്യങ്ങള്‍ പകയോടെയാണ് ജൂതന്‍മാരെ നേരിട്ടത്. മനുഷ്യന്റെ പാപമാണ് യേശുവിനെ കുരിശേറ്റിയതെന്നും, ആ പാപഭാരം ചുമക്കുന്നത് ജൂതരാണെന്നും, അതുകൊണ്ട് അവര്‍ അതിക്രമത്തിന് അര്‍ഹരാണെന്നുമുള്ള പ്രത്യയശാസ്ത്രം പുരോഹിതര്‍ രൂപപ്പെടുത്തി. എ ഡി രണ്ടാം നൂറ്റാണ്ടില്‍ ഹെറോദ് രാജാവും കയാഫസ് ചക്രവര്‍ത്തിയും ജൂതന്‍മാരെ പീഡിപ്പിച്ചു നാടുകടത്താന്‍ ആരംഭിച്ചു. എ ഡി 380ല്‍ തിയോഡിസ് ചക്രവര്‍ത്തി ജൂത വിശ്വാസത്തിന് നിരോധനം കല്‍പ്പിച്ചു. എ ഡി 600ല്‍ ജോര്‍ജ് ഒന്നാമന്‍ ജൂതന്‍മാരെ ബലം പ്രയോഗിച്ച് മതം മാറ്റി. എതിര്‍ത്ത ആളുകളെ കൊന്നു വീഴ്ത്തി. ദാഗോബര്‍ട്ട് രാജാവിന്റെ കാലത്ത് അടിമത്തം അല്ലെങ്കില്‍ മതപരിവര്‍ത്തനം എന്ന പദ്ധതി ജൂതന്‍മാരെ ലക്ഷ്യമിട്ട് നടപ്പാക്കി. കിഴക്കന്‍ യൂറോപ്പില്‍ എ ഡി 800-1000 കരോലിഗ്യന്‍ കാലം ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യക്കും പലായനത്തിനും ജൂതര്‍ ഇരയായ കാലഘട്ടം കൂടിയാണ്. കുരിശു യുദ്ധങ്ങളില്‍ പതിനായിരക്കണക്കിന് ജൂതര്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടു. മതദ്രോഹ വിചാരണ നടത്തി സ്പെയിനും പോര്‍ച്ചുഗലും സമാനമായി ഇംഗ്ലണ്ടും ഫ്രാന്‍സും ജൂതന്‍മാരെ കൊള്ളയടിച്ച് ആട്ടിപ്പായിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പ് ജൂത വിരോധത്താല്‍ തിളച്ചു മറിയുകയായിരുന്നു. പോളണ്ടും ജര്‍മനിയുമായിരുന്നു ജൂത ജനസംഖ്യയില്‍ മുന്നിലുണ്ടായിരുന്ന രാജ്യങ്ങള്‍. ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന് വിഷാദത്തിലേക്ക് കൂപ്പു കുത്തിയ ജര്‍മനിയില്‍ ഹിറ്റ്ലര്‍ നായക സ്ഥാനത്തേക്ക് ഉയര്‍ന്നു. ജര്‍മനിയെ നശിപ്പിക്കുന്ന വെട്ടുകിളികളാണ് ജൂതരെന്ന് പരസ്യമായി ആക്ഷേപിച്ച് അവരെ രണ്ടാം കിട പൗരന്‍മാരാക്കി മാറ്റി. പതിനായിരങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മത പൗരോഹിത്യം ഭരണകൂടത്തിന് പിന്തുണ നല്‍കി. രണ്ടാം ലോക മഹായുദ്ധാനന്തരം രാഷ്ട്രീയം അടിമുടി മാറി. ജൂതരുടെ ദൈന്യത ലോക മനസ്സാക്ഷിയുടെ നൊമ്പരമായി പരിണമിച്ചു. സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികളുടെ ശത്രുപ്പട്ടികയില്‍ പുതിയ പേരുകള്‍ വന്നു. ജൂതര്‍ പതിയെ സഖ്യകക്ഷി പരിവേഷത്തിലേക്കുള്ള പ്രയാണമാരംഭിച്ചു. 1969 ഒക്ടോബറില്‍ നോസ്ട്ര എയ്റ്റേറ്റ് എന്ന പേരില്‍ വത്തിക്കാന്‍ പ്രഖ്യാപനം വന്നു. പോപ്പ് പോള്‍ ആറാമന്‍ ജൂതരോടുള്ള ശത്രുത അവസാനിപ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തു. അതിന്റെ ചുവടു പിടിച്ച് യൂറോപ്പിലുടനീളം സഭാ നേതൃത്വങ്ങള്‍ നിലപാടുകള്‍ അഴിച്ചു പണിതു. 1998 നവംബര്‍ 16ന് ഇവാഞ്ചലിക്കല്‍ ലൂതറന്‍ ചര്‍ച്ച് ഓഫ് അമേരിക്കയും സ്നേഹ ഹസ്തം നീട്ടി പ്രഖ്യാപനം നടത്തി. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ 2011ലെ ജീസസ് ഓഫ് നസറേത്ത് പുസ്തകത്തിലും ജൂതരോടുള്ള ക്രൂരതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഇസ്ലാമും ജൂതരും
മനുഷ്യര്‍ ദൈവികാരാധനക്ക് അര്‍ഹരല്ല എന്ന് വിശ്വസിക്കുമ്പോഴും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം യഹൂദര്‍ അംഗീകരിച്ചിരുന്നില്ല. മര്‍ദിത ജനത എന്ന സഹാനുഭൂതി അറബ് ലോകം എല്ലാ കാലത്തും ജൂതരോട് കാണിച്ചതായി ചരിത്രം നിരീക്ഷിച്ചാല്‍ മനസ്സിലാകും. സ്പെയിന്‍ കേന്ദ്രമായ ലൈബീരിയന്‍ ഉപദ്വീപിലെ മുസ്ലിം ഭരണ കാലം കിഴക്കന്‍ യൂറോപ്പിലെ ജൂതന്‍മാരുടെ സുവര്‍ണ കാലമായി എണ്ണപ്പെടുന്നു. പ്രവാചകന്റെ മദീനാ ഉടമ്പടിയില്‍ ജൂതന്‍മാര്‍ക്ക് തുല്യാവകാശം ഉറപ്പ് വരുത്തിയിരുന്നു. അബ്ബാസിയ ഖിലാഫത്ത് കാലത്ത് യഹൂദ വ്യക്തി നിയമമായ ഹലാഖ പിന്തുടരാന്‍ ജൂതര്‍ക്ക് അവകാശമുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ തിരിച്ചടി നേരിട്ട ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൗശലങ്ങളാണ് അറബികളെയും ജൂതരെയും തമ്മിലകറ്റിയത്. അത് ഇന്നും ലോകത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് 75 വയസ്സ് പിന്നിട്ടു കഴിഞ്ഞു.
(തുടരും)
source https://www.sirajlive.com/zionism-has-a-tainted-history-and-present.html
Post a Comment