വിമര്‍ശനത്തിന്റെ നാവരിയാനുള്ള ജനാധിപത്യവിരുദ്ധ നീക്കം

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഉദ്ഘോഷിക്കപ്പെടുന്നത് തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി മാത്രമല്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ സ്ഥാനം നല്‍കുന്ന രാഷ്ട്രീയ വ്യവസ്ഥ സാധ്യമാകുകയും ചെയ്യുമ്പോഴാണ് ജനാധിപത്യ ഭരണക്രമം ജീവസ്സുറ്റതാകുന്നത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവവായുവാണ്. ഭരണകൂടം വിമര്‍ശങ്ങള്‍ക്ക് അതീതമാണെന്ന യുക്തി മേല്‍ക്കൈ നേടുകയും വിമര്‍ശിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന സ്ഥിതി സംജാതമാകുകയും ചെയ്താല്‍ ജനാധിപത്യത്തിന്റെ ചില പ്രത്യക്ഷ അടയാളങ്ങള്‍ പേറുന്ന സ്വേച്ഛാധിപത്യമാകും അത്. അവിടെയൊക്കെ പൊതുവായി കാണുന്ന സവിശേഷത സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാകുന്നുവെന്നതാണ്. ഇന്ത്യയിലും അത്തരമൊരു സ്ഥിതിവിശേഷം കടന്നു വരുന്നുവെന്ന് ആശങ്കപ്പെടാവുന്ന സംഭവവികാസങ്ങളാണ് ന്യൂസ് ക്ലിക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത്. ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്നും ചൈനക്കു വേണ്ടിയുള്ള പ്രൊപ്പഗാണ്ടയിലേര്‍പ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ മാധ്യമ സ്ഥാപനത്തിലെ ഉന്നതര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

ഏതെങ്കിലും തരത്തില്‍ ഈ സ്ഥാപനം ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതും ആവശ്യമെങ്കില്‍ ശിക്ഷാ മുറകളിലേക്ക് നീങ്ങേണ്ടതുമാണ്. അത് ഈ സ്ഥാപനത്തിന്റെ മാത്രം കാര്യമല്ല. രാഷ്ട്രവിരുദ്ധ സംഘങ്ങളുടെ കളിപ്പാവയായി മാധ്യമങ്ങള്‍ മാറുന്നത് മാധ്യമ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ലെന്നാണ് ന്യൂസ് ക്ലിക്ക് വ്യക്തമാക്കുന്നത്. ന്യൂസ് പോര്‍ട്ടലിലൂടെ ചൈനീസ് പ്രൊപ്പഗാണ്ട ഉയര്‍ത്തിക്കൊണ്ട് വന്നിട്ടില്ല. നേരിട്ടോ അല്ലാതെയോ ചൈനയുടെ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് പ്രതികരണത്തില്‍ പറയുന്നു. ആര്‍ ബി ഐ നിയന്ത്രണത്തിലുള്ള ബേങ്കിംഗ് ഇടപാടുകള്‍ മാത്രമാണ് സ്ഥാപനത്തിനുള്ളത്. ഇതുവരെ നല്‍കിയ എല്ലാ വാര്‍ത്തയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കുന്നു. ഇവിടെ സര്‍ക്കാറാണ് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. രാജ്യത്തെ ഏറ്റവും പ്രതിഭാധനരും ആഴത്തില്‍ ഗവേഷണം നടത്തുന്നവരുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പേഴ്സനല്‍ പ്രോപ്പര്‍ട്ടീസ് പിടിച്ചെടുക്കാനും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യാനും മാത്രം എന്ത് കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളത്? ഈ കേസില്‍ എങ്ങനെയാണ് യു എ പി എ നിലനില്‍ക്കുന്നത്? തങ്ങള്‍ കൈക്കൊള്ളുന്നത് പ്രതികാര നടപടിയല്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ സാധിക്കുന്ന എന്ത് വസ്തുതയാണ് ഡല്‍ഹി പോലീസിന്റെ കൈയിലുള്ളത്? മീഡിയാ വണ്‍ കേസില്‍ സുപ്രീം കോടതി ഇതേ ചോദ്യങ്ങള്‍ ചോദിച്ചതാണല്ലോ. സംപ്രേഷണം തടയാന്‍ പോന്ന ഒന്നും മുന്നോട്ട് വെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈയിലുണ്ടായിരുന്നില്ല എന്നതുകൊണ്ടാണല്ലോ സുപ്രീം കോടതി മാധ്യമ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിക്കെട്ടുന്ന വിധിപ്രസ്താവം നടത്തിയത്. അതുകൊണ്ട് ന്യൂസ് ക്ലിക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിശദീകരണം മുന്നോട്ട് വെക്കാത്തിടത്തോളം കാലം ഇപ്പോള്‍ എടുത്ത നടപടികളെല്ലാം വിമര്‍ശനത്തിന്റെ നാവരിയാനുള്ള ജനാധിപത്യവിരുദ്ധ നീക്കമായി തന്നെ നിലനില്‍ക്കും. അടിയന്തരാവസ്ഥാ കാലത്ത് ഏര്‍പ്പെടുത്തിയ ക്രൂരമായ മാധ്യമ നിയന്ത്രണത്തെ തുറന്ന് കാട്ടിയവര്‍ ഭരണത്തിലേറിയപ്പോള്‍ അതിനേക്കാള്‍ ക്രൂരമായ പത്രമാരണത്തില്‍ ഏര്‍പ്പെടുകയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ യു എ പി എ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ന്യൂസ് ക്ലിക്ക് മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലടക്കം റെയ്ഡ് നടന്നത്. പോര്‍ട്ടലിന്റെ ഡല്‍ഹി ഓഫീസ് അടച്ചുപൂട്ടി. സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെയും സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെയും മുംബൈ പോലീസിന്റെയും സംഘം ജുഹുവിലെ ടീസ്റ്റ സെതല്‍വാദിന്റെ വസതിയിലും പരിശോധന നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷ സിംഗ്, ഊര്‍മിളേഷ്, പ്രബീഷ് പുര്‍കയസ്ത, ഔനിന്ദ്യോ ചക്രവര്‍ത്തി, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ ഹുസൈന്‍ സുഹൈല്‍ ഹാശ്മി, സ്റ്റാന്‍ഡപ് കൊമേഡിയന്‍ സഞ്ജയ് രജൗര തുടങ്ങിയവരുടെ വീടുകളില്‍ പരിശോധന നടന്നു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പോലീസ് കയറി.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളില്‍ മാത്രം ശ്രദ്ധയൂന്നുകയും യഥാര്‍ഥ പ്രശ്നങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുമ്പോള്‍ ബദല്‍ മാധ്യമങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികമാണ്. ഇത് ജനാധിപത്യത്തിന്റെ ആരോഗ്യമാണ് കാണിക്കുന്നത്. ഒരര്‍ഥത്തില്‍, കൂടുതല്‍ ശരിയായ തീരുമാനങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഓര്‍മപ്പെടുത്തലായി സര്‍ക്കാര്‍ ഇത്തരം മാധ്യമങ്ങളെ കണക്കിലെടുക്കുകയാണ് വേണ്ടത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരേ വിപരീത ദിശയിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 15ഉം, ആദായനികുതി വകുപ്പ് ഒമ്പതും, എന്‍ ഐ എ 20ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനനഷ്ട കേസുകള്‍ നിരവധി വേറെയുമുണ്ട്. ഈ മാധ്യമങ്ങള്‍ ഈ കേസിന് പിറകേ നടന്ന് വലയുകയാണ്. മിക്ക കേസുകളിലും കോടതികള്‍ അനുകൂലമായി നില്‍ക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം. ദി വയര്‍, ന്യൂസ് ലോണ്ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, ദി സ്‌ക്രോള്‍ തുടങ്ങിയ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മാധ്യമങ്ങള്‍ നടപടികള്‍ നേരിടുന്നുണ്ട്. ഇവയെല്ലാം മറ്റ് മാധ്യമങ്ങള്‍ക്കുള്ള സന്ദേശമാണ്.

ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്തയാണ് ന്യൂസ് ക്ലിക്കിനെതിരായ നടപടിയുടെ അടിസ്ഥാനമെന്നോര്‍ക്കണം. ചൈനീസ് പക്ഷപാതിത്വത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത് അപ്പടി വിഴുങ്ങണോ? തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന വലിയ വിഷയമായി ചൈനീസ് ഇടപെടല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് മാധ്യമങ്ങള്‍ക്കെതിരായ ഈ തിടുക്കപ്പെട്ട നടപടിയെന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങളെ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേരേയും ചോദ്യമുയരും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.

 



source https://www.sirajlive.com/an-undemocratic-move-to-avoid-criticism.html

Post a Comment

Previous Post Next Post