ഇസ്റാഈലിലെ വടക്കൻ ടെൽ അവീവിനെ ലക്ഷ്യമാക്കി ഹമാസ് അയച്ച ആയ്യായിരത്തോളം വരുന്ന റോക്കറ്റ് പതിച്ച് 100 പേരും ഇസ്‌റാഈൽ പ്രത്യാക്രമണത്തിൽ ഗസ്സയിൽ 198 പേരും മരിച്ചുവെന്നാണ് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തത്. ഹമാസ് ആയുധധാരികളിൽ ചിലർ അതിർത്തി ഭേദിച്ച് ഇസ്‌റാഈൽ ഭാഗത്ത് ചെന്ന് വെടിവെപ്പ് നടത്തിയതായും ചില ഇസ്‌റാഈലികളെ ബന്ദികളാക്കിയതായും വാർത്തയുണ്ട്. അങ്ങേയറ്റം വേദനാജനകവും ഭീതിയുളവാക്കുന്നതുമണ് ഈ വാർത്തകളെല്ലാം.
കഴിഞ്ഞ ഏതാനും മാസമായി അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും അൽ അഖ്‌സക്ക് ചുറ്റും അരങ്ങേറുന്ന ഇസ്‌റാഈൽ അതിക്രമങ്ങളിൽ നിരവധി ഫലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടിരുന്നു. യുവാക്കളെയും കൗമാരക്കാരെയും തിരഞ്ഞ് പിടിച്ച് വകവരുത്തുന്നത് നിർബാധം തുടരുകയായിരുന്നു ഇസ്‌റാഈൽ സൈന്യവും പോലീസും. ബെഞ്ചമിൻ നെതന്യാഹു തീവ്രവലതുപക്ഷ സയണിസ്റ്റ് പാർട്ടികളുമായി കൈകോർത്ത് ഒരിക്കൽ കൂടി അധികാരത്തിലേറുകയും ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കുന്ന നിയമനിർമാണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ഇസ്‌റാഈലിൽ അരങ്ങേറുന്ന ഐതിഹാസികമായ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ഈ ഫലസ്തീൻ കുരുതിയും ഫലസ്തീൻ മണ്ണിലേക്കുള്ള ജൂത അധിനിവേശവും.
ഈ പശ്ചാത്തലത്തിൽ, അന്തിമ പോരാട്ടത്തിന് സമയമായെന്ന് പ്രഖ്യാപിച്ചാണ് ഹമാസ് അവർ ഭരണം കൈയാളുന്ന ഗസ്സയിൽ നിന്ന് റോക്കറ്റ് വർഷം നടത്തിയിരിക്കുന്നത്. അൽ- അഖ്സയിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെയും ഇസ്‌റാഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്കെതിരെ സ്വീകരിച്ച മനുഷ്യത്വവിരുദ്ധ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഹമാസ് നീക്കം വിലയിരുത്തപ്പെടുന്നത്. ഓപറേഷൻ അൽ- അഖ്‌സ ഫ്ലഡ് ദൗത്യമെന്ന് പേരിട്ട ഹമാസിന്റെ റോക്കറ്റാമക്രണം അപ്രതീക്ഷിതവും അതുകൊണ്ട് തന്നെ ഇസ്‌റാഈലിനെ ഞെട്ടിക്കുന്നതുമായിരുന്നു. ലോകോത്തരമായ പ്രതിരോധ സംവിധാനമുള്ള ഇസ്‌റാഈലിന് സൈനികമായ വൻ പാളിച്ചയും തിരിച്ചടിയുമാണ് ഈ മിന്നലാക്രമണം. ലോകത്തെ മിക്ക രാജ്യങ്ങളും സംഘടനകളും ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിരിക്കുകയാണ്. ഭീകരമായ മറുപടി നൽകുമെന്നും യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നും ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ്ജനറൽ ഹെർസി ഹലേവി പ്രഖ്യാപിക്കുന്നു. ഗസ്സയെ നാമാവശേഷമാക്കുമെന്നാണ് നെതന്യാഹുവിന്റെ ആക്രോശം. അക്രമം കൊണ്ടും ചോരക്കളി കൊണ്ടും ഒരു പ്രശ്‌നവും പരിഹരിക്കാനാകില്ല. ജീവിക്കാൻ അനുവദിച്ചു കൊണ്ടു മാത്രമേ ജീവിക്കാനാകുകയുള്ളൂ.
ഈ കൂട്ടക്കുരുതിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഇന്ത്യയടക്കം ഒരു രാജ്യത്തിനും വിട്ടു നിൽക്കാനാകില്ല. ഫലസ്തീൻ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ ലോക രാഷ്ട്രങ്ങൾക്കോ യു എന്നിനോ സാധിച്ചിട്ടുണ്ടോ? ഫലസ്തീൻ സംബന്ധിച്ച് ഇക്കാലം വരെ വന്നിട്ടുള്ള ഏതെങ്കിലും അന്താരാഷ്ട്ര കരാറോ യു എൻ പ്രമേയമോ പാലിക്കപ്പെട്ടിട്ടുണ്ടോ? ഇസ്‌റാഈൽ നടത്തുന്ന ക്രൂരമായ അധിനിവേശത്തെ തള്ളിപ്പറയാൻ അമേരിക്കയടക്കമുള്ള വൻ ശക്തികൾ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ? ഇസ്‌റാഈൽ രാഷ്ട്രം സ്ഥാപിക്കുന്നതിന് അടിത്തറയൊരുക്കിയ ബാൽഫർ പ്രഖ്യാപനം മുതൽ എത്രയെത്ര പ്രമേയങ്ങളും ഉടമ്പടികളുമാണ് പിറന്നിട്ടുള്ളത്. നാലാം ജനീവ കൺവെൻഷനിൽ എഴുതി വെച്ചിട്ടുണ്ട്, അധിനിവേശ ഭൂമിയിലേക്ക് അക്രമി രാഷ്ട്രം ജനങ്ങളെ കയറ്റി വിടരുതെന്ന്. തർക്കം നിലനിൽക്കുന്നതോ യുദ്ധത്തിൽ പിടിച്ചെടുത്തതോ ആയ ഭൂമിയിൽ പരമ്പരാഗതമായി താമസിക്കുന്നവർക്കാണ് അവകാശമെന്നും അതിലുണ്ട്.
1949ലും 1967ലുമായി യു എൻ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങൾ അധിനിവേശവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങളും കർശനമായി വിലക്കിയതാണ്. ഫലസ്തീൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിലും ഓസ്‌ലോ കരാറും ക്യാമ്പ് ഡേവിഡ് കരാറും ദ്വിരാഷ്ട്ര സഹവർത്തിത്വമാണ് മുന്നോട്ട് വെക്കുന്നത്. ജോർദാന്റെ മധ്യസ്ഥതയിൽ പിറന്ന നിരവധി ഉഭയകക്ഷി കരാറുകൾ വേറെയുമുണ്ട്. ഇതൊന്നും ഇസ്‌റാഈൽ അധിനിവേശം നിർബാധം തുടരുന്നതിന് തടസ്സമല്ല. അൽ അഖ്‌സ സമുച്ചയത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് നേതൃത്വം നൽകുന്ന ഇത്മർ ബെൻ ഗിവിറിനെപ്പോലുള്ളവർ ഇരിക്കുന്ന മന്ത്രിസഭ ഇസ്‌റാഈലിന്റെ അധികാരം കൈയാളുമ്പോൾ ഫലസ്തീൻവിരുദ്ധ നടപടികൾക്ക് ആക്കം കൂടുമല്ലോ.
യു എൻ വരച്ച അതിർത്തിയിൽ ഒതുങ്ങി നിൽക്കാൻ ഇസ്‌റാഈൽ ഒരിക്കലും തയ്യാറായിട്ടില്ല. 1967ലെ യുദ്ധത്തിൽ കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പിൻമാറിയില്ലെന്ന് മാത്രമല്ല, കൂടുതലിടങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു കൊണ്ടേയിരുന്നു. ഇന്നും ഇസ്‌റാഈൽ അതിന്റെ അതിർത്തി നിശ്ചയിച്ചിട്ടില്ല. അധിനിവേശം തടയാൻ ഒരു കരാറിനും സാധിച്ചിട്ടില്ല. നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട ജറൂസലമിനെ ഇസ്‌റാഈൽ തലസ്ഥാനമായി പ്രഖ്യാപിച്ചത് യു എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപാണ്. മറ്റെല്ലാ പ്രസിഡന്റുമാരും മാറ്റിവെച്ച ആ ഫയലിൽ ഒപ്പുവെക്കുക വഴി, ബരാക് ഒബാമയുടെ കാലത്ത് സാധ്യമായ അയവേറിയ സമീപനം ഉപേക്ഷിക്കുകയാണ് ട്രംപ് ചെയ്തത്. ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനും അതേ നയം തുടരുന്നു. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്‌റാഈൽ സദാസമയവും അരക്ഷിതമാണെന്ന ആഖ്യാനമാണ് യു എസും കൂട്ടാളികളും ലോകത്തിന് മുമ്പിൽ വെക്കാറുള്ളത്. ആ നരേഷന് ശക്തി പകരാൻ ഹമാസിന്റെ റോക്കറ്റുകളും കൂടിയാകുമ്പോൾ ആ നുണ വലിയ സ്വീകാര്യത നേടുന്നു. ഇതൊന്നും കണക്കിലെടുക്കാതെയായിപ്പോയി നമ്മുടെ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഡേവിഡ് ബൻഗൂറിയന്റെയും ഏരിയൽ ഷാരോണിന്റെയും ഇങ്ങേത്തലക്കൽ ബെഞ്ചമിൻ നെതന്യാഹവിന്റെയുമൊക്കെ “അപ്രത്യക്ഷമാക്കൽ’ തന്ത്രത്തെ ചെറുക്കാൻ മറ്റൊരു വഴിയും കാണാത്തതിനാൽ ഫലസ്തീൻ കുഞ്ഞുങ്ങൾ കല്ലെടുത്തെറിയുന്നു. ഫലസ്തീൻ ഭൂപടം ചുരുച്ചുരുങ്ങി പൊട്ടുപോലും കണ്ടു പിടിക്കാനാകാത്ത വിധം മാഞ്ഞു പോകുമെന്ന സയണിസ്റ്റ് പ്രഖ്യാപനത്തെയാണ് ചരിത്രത്തിന് ഇപ്പുറത്ത് വെച്ച് ഫലസ്തീനിലെ മനുഷ്യർ സ്വന്തം ജീവൻ കൊണ്ട് പ്രതിരോധിക്കുന്നത്. ഹമാസിനെ നമുക്ക് തള്ളിപ്പറയാം. പക്ഷേ, ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ട ഈ മനുഷ്യരോട് എന്ത് മറുപടി പറയും? ഒറ്റക്കോളത്തിലൊതുങ്ങുമെങ്കിലും ദിനംപ്രതി വെടിയേറ്റ് മരിച്ചു വീഴുന്ന ഫലസ്തീനിലെ കൗമാരക്കാരും മനുഷ്യരല്ലേ. ഗസ്സയിലെ 20 ലക്ഷം മനുഷ്യർക്കു ജീവിക്കാൻ അവകാശമില്ലേ?
source https://www.sirajlive.com/all-share-in-this-blood.html
Post a Comment