ധാര്‍മികമൂല്യം ഉയര്‍ത്തുന്ന വിധി: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

കോഴിക്കോട് | സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബമെന്ന സങ്കല്‍പ്പത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സ്വവര്‍ഗവിവാഹം. അതിന് അനുമതി നല്‍കുക വഴി സമൂഹത്തില്‍ അരാജകത്വവും അസാന്മാര്‍ഗിക പ്രവണതകളും സൃഷ്ടിക്കും. നിയമസാധുതയില്ലെന്ന വിധി സാമൂഹിക മൂല്യങ്ങളുടെ വിളംബരവും ചരിത്രപരവുമാണ്.

രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ജനങ്ങളുടെ മൂല്യബോധവും വിധി ഉയര്‍ത്തിപ്പിടിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് ശ്ലാഘനീയമാണെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നത് ധാര്‍മികതക്കും മാനവിക മൂല്യങ്ങള്‍ക്കും എതിരാകുമെന്നും ഹരജിയെ എതിര്‍ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്ക് ഗ്രാന്‍ഡ് മുഫ്തി കത്തയച്ചിരുന്നു. ഗ്രാന്‍ഡ് മുഫ്തി അടക്കമുള്ള വിവിധ മതനേതാക്കളുടെ നിലപാട് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 



source https://www.sirajlive.com/moral-value-enhancing-judgment-grand-mufti-of-india.html

Post a Comment

Previous Post Next Post