ആഗോളതലത്തിൽ ഫലസ്തീന് പിന്തുണയേറുന്നു

ന്യൂയോർക്ക് | ഹമാസിനെ തുരത്താൻ ഗാസയിൽ  രക്തപുഴയൊഴുക്കി ഇസ്റാഈൽ നടത്തുന്ന ക്രൂരമായ ആക്രമണത്തിൽ ബലിയാടാക്കപ്പെടുന്ന ഫലസ്തീൻ ജനതക്ക് ആഗോളതലത്തിൽ പിന്തുണയേറുന്നു. ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യങ്ങൾ മുഴക്കി വിവിധ രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. യുദ്ധത്തിൽ ഇസ്റാഈലിന് പൂർണ പിന്തുണയും സൈനിക സഹായവും നൽകുന്ന അമേരിക്കയിൽ അടക്കം ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ചിക്കാഗോയിലും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലും നൂറുകണക്കിന് ആളുകളാണ് ഫലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തത്. മധ്യപൂർവേഷ്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഫലസ്തീനികൾ ഉള്ള രാജ്യമാണ് ചിലി.

ഫലസ്തീനിലെ 75 വർഷത്തെ ഇസ്‌റാഈലി അധിനിവേശത്തെ ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാർക്ക് അനുഭവിക്കേണ്ടി വന്ന അനീതിയോട് താരതമ്യപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. “ഫ്രീ ഫലസ്തീൻ”  ആവശ്യമുന്നയിച്ച് ജോഹന്നാസ്ബർഗ്, കേപ്ടൗൺ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധത്തിനിടെ  ഇസ്‌റാഈൽ അനുകൂലികൾ എതിർപ്രകടനം നടത്തിയതിനെ തുർന്ന് ചെറിയ സംഘർഷവുമുണ്ടായി. കേപ് ടൗണിൽ നിരവധി  പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി ജൂത മ്യൂസിയത്തിന് പുറത്ത് തടിച്ചുകൂടി ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തു.

ബംഗ്ലാദേശ് മുതൽ ലാസ് വെഗാസ് വരെയും ബ്രസീൽ മുതൽ റോം വരെയും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. റോം, ബാഴ്‌സലോണ, ബ്രസീലിയ, ബ്യൂണസ് അയേഴ്‌സ്, വാൻകൂവർ, മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും നിരപരാധികളായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് പ്രകടനക്കാർ തെരുവിലിറങ്ങി. അയർലാൻഡ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും ഐക്യദാർഢ്യ പ്രകടനങ്ങൾ അരങ്ങേറി.

സാൻ ഫ്രാൻസിസ്കോയിൽ പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. പാരീസിലെ ഈഫൽ ടവറിൽ ഇസ്റാഈലി പതാക പ്രദർശിപ്പിച്ചപ്പോൾ  ഇസ്‌റാഈലിനെ പിന്തുണക്കുന്ന ആളുകൾ ഇവിടെ ഒത്തുകൂടി. റോമിൽ ടിറ്റോ ചക്രവർത്തിയുടെ കമാനത്തിലും നിരവധിപേർ തടിച്ചുകൂടി. പാകിസ്താനിലെ കറാച്ചിയിൽ ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പതാകകൾ പ്രകടനക്കാർ കത്തിച്ചപ്പോൾ ലണ്ടനിൽ ഇസ്‌റാഈലി ഇരകൾക്കായി മെഴുകുതിരി കത്തിച്ചു. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും തലസ്ഥാനങ്ങളിലും റാലികൾ നടന്നു.

ഇന്നലെ മുതൽ ഏഷ്യാ-പസഫിക് മേഖലയുടെ ചില ഭാഗങ്ങളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകരുടെ  വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇന്ന് ജുമുഅ നിസ്കാരനാന്തരം പ്രകടനം നടത്താനും ചിലർ ആഹ്വാനം ചെയ്യുന്നുണ്ട്.  അതേദിവസം തന്നെ ആഗോള ഐക്യദാർഢ്യ റാലികൾക്ക് ഹമാസും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് നയതന്ത്ര കെട്ടിടങ്ങൾക്കും മതപരമായ സ്ഥലങ്ങൾക്കും സമീപം കനത്ത സുരക്ഷയാണ് വിവിധ രാജ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

‘ഇത് സംഘട്ടനമല്ല, വംശഹത്യയാണ്, ഫലസ്തീനൊപ്പം നിൽക്കൂ’ എന്നിങ്ങനെയെഴുതിയ ബാനറുകളുമായാണ് പലയിടങ്ങളിലും  പ്രതിഷേധക്കാർ പ്രകടനം നടത്തുന്നത്. ഗസ്സയിലെ ഇസ്‌റാഈൽ ബോംബാക്രമണം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഭക്ഷണത്തിനും കുടിവെള്ളത്തിനും അവശ്യ മരുന്നുകൾക്കും ബുദ്ധിമുട്ട് നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക ഇടനാഴി ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.



source https://www.sirajlive.com/support-for-palestine-is-increasing-globally.html

Post a Comment

أحدث أقدم