പെട്ടെന്നുള്ള മരണങ്ങളും കൊവിഡും തമ്മില്‍?

ഏതാനും ദിവസം രോഗശയ്യയില്‍ കിടന്നുള്ള മരണങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ കൂടുതല്‍. പെട്ടെന്നുള്ള മരണങ്ങള്‍ കുറവായിരുന്നു. ഇന്ന് പക്ഷേ അപ്രതീക്ഷിത മരണങ്ങള്‍ ധാരാളമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ യാതൊരു രോഗലക്ഷണവുമില്ലാത്ത ആരോഗ്യദൃഢഗാത്രരായ വ്യക്തികള്‍ വഴിയരികിലോ ഓഫീസിലോ കളിസ്ഥലത്തോ പ്രസംഗ പീഠത്തിലോ വാഹനത്തിലോ കുഴഞ്ഞുവീണു മരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നവയില്‍ നല്ലൊരു പങ്കും. സമൂഹം വിശിഷ്യാ യുവത കടുത്ത ആശങ്കയോടെയും ഉത്കണ്ഠയോടെയുമാണ് ഇത്തരം മരണങ്ങളെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്നത്.
ഹൃദ്രോഗ(സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്)മാണ് ലക്ഷണങ്ങളില്ലാത്ത, അപ്രതീക്ഷിത മരണങ്ങളുടെ പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഹൃദയാഘാതങ്ങളില്‍ 50-80 ശതമാനവും നിശ്ശബ്ദ ഹൃദയാഘാതങ്ങളാണെന്നാണ് വൈദ്യമേഖലയുടെ കണക്ക്. രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്‌ട്രോളിന്റെ ക്രമാതീതമായ ആധിക്യമാണ് ഹൃദയ ധമനികള്‍ അടഞ്ഞ് അപ്രതീക്ഷിത മരണങ്ങള്‍ക്ക് കാരണമാകുന്നത്. ഹൃദയത്തിലേക്കുള്ള ഹൃദയ ധമനികളാണ് അടയുന്നതെങ്കില്‍ ഹൃദയാഘാതവും തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണെങ്കില്‍ പക്ഷാഘാതവും സംഭവിക്കും. വൈകാരികവും മാനസികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. സ്തംഭനം സംഭവിച്ചാല്‍ ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെയും മസ്തിഷ്‌കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കൊന്നും രക്തം ലഭിക്കാതെയും വരുന്നു. ഇതേത്തുടര്‍ന്നാണ് രോഗി കുഴഞ്ഞുവീണ് മരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത പെട്ടെന്നുള്ള സമീപ കാലത്തെ ആകസ്മിക മരണങ്ങളുടെ വര്‍ധനവിന് കൊവിഡുമായോ കൊവിഡ് വാക്‌സീനുമായോ ബന്ധമുണ്ടോ? ഇത്തരമൊരു സംശയവും ചര്‍ച്ചയും സജീവമാണ് സമൂഹത്തില്‍. കൊവിഡ് ബാധിതര്‍ സുഖം പ്രാപിച്ചാലും ഭാവിയില്‍ ഹൃദ്രോ ഗങ്ങള്‍, മസ്തിഷ്‌കാഘാതം, വൃക്കരോഗങ്ങള്‍, രക്തം കട്ടപിടിക്കല്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്. കുട്ടികളിലടക്കം ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍, തലച്ചോര്‍, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്‍ രക്തം കട്ട പിടിക്കാനും മാരകാവസ്ഥ പ്രാപിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൊവിഡ് ബാധിച്ചവരില്‍ മസ്തിഷ്‌കാഘാത രോഗത്തിന് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതായി 2020 ജൂലൈയില്‍ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് ബാധ ശ്വാസകോശ സംബന്ധമായ അസുഖമാണെങ്കിലും തലച്ചോറിനും അത് ക്ഷതം വരുത്തുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ന്യൂറോ സയന്റിസ്റ്റുകളും വിദഗ്ധ ബ്രെയിന്‍ ഡോക്ടര്‍മാരും പറയുന്നത്. 1918ല്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്‌ളൂവിനു സമാനമായ രോഗമായി ഇത് പരിണമിച്ചേക്കാമെന്നും ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇക്കാര്യത്തില്‍ അമിത ഉത്കണ്ഠയോ ആശങ്കയോ വേണ്ടെന്നും ഭക്ഷണത്തിലും ജീവിതക്രമത്തിലും ചില കാര്യങ്ങള്‍ പാലിച്ചാല്‍ രോഗം വരാതെ സൂക്ഷിക്കാനാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ആശ്വസിപ്പിക്കുന്നുണ്ട്. ആവശ്യത്തിന് നാരും വെള്ളവും അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക, വ്യായാമം പതിവാക്കുക, സമ്മര്‍ദം ഒഴിവാക്കുക, ഇടക്കിടെ ശ്വാസകോശം, ഹൃദയം, കരള്‍ എന്നിവ സംബന്ധിച്ച പരിശോധനകള്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അവര്‍ മുന്‍വെക്കുന്നത്.

അതേസമയം കൊവിഡാനന്തരം പെട്ടെന്നുള്ള മരണം വര്‍ധിച്ചുവെന്ന ധാരണ തെറ്റാണെന്നും ചെറുപ്പക്കാര്‍ പൊടുന്നനെ മരിക്കുന്നത് പുതിയ പ്രവണത അല്ലെന്നുമാണ് ഐ എം എയുടെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ദേശീയ കോ-ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്റെ പക്ഷം. “ചരിത്രാതീതകാലത്തേ ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ ഉണ്ടാകാറുണ്ട്. കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇന്നത്തെ അപേക്ഷിച്ച് കുറവായതിനാല്‍ പൊതുസമൂഹം അതേപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു മാത്രം. കേരളീയനായ പ്രഗത്ഭ ഡോക്ടര്‍ സി ആര്‍ സോമന്‍ എണ്‍പതുകളില്‍ തിരുവനന്തപുരത്തെ ഏതാനും ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഒരു പഠനം നടത്തിയിരുന്നു. ആ പ്രദേശത്തുകാരുടെ രോഗങ്ങള്‍, എത്ര പേര്‍ എന്തൊക്കെ കാരണങ്ങളാല്‍ മരണപ്പെടുന്നു, മരണപ്പെടുമ്പോഴുള്ള അവരുടെ പ്രായം തുടങ്ങിയവ അദ്ദേഹം വര്‍ഷങ്ങളോളം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. ചെറുപ്പക്കാരുടെ ഇടയില്‍ പൊടുന്നനെയുള്ള മരണങ്ങള്‍ നടന്നതായി പഠനത്തില്‍ അദ്ദേഹം കണ്ടെത്തി. അത്ര മാത്രമേ ഇപ്പോഴും സംഭവിക്കുന്നുള്ളൂ. പ്രേതങ്ങളെ ഭയക്കുന്നയാള്‍ രാത്രിയില്‍ വഴിനടക്കുമ്പോള്‍ വാഴയില അനങ്ങുന്നത് കണ്ടാല്‍ അത് പ്രേതമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇതിനു സമാനമാണ് നമുക്കറിയാവുന്ന വ്യക്തികള്‍, പ്രത്യേകിച്ചും യുവാക്കള്‍ പെട്ടെന്ന് മരിച്ച വിവരം കേള്‍ക്കുമ്പോള്‍. അത് കൊവിഡ് ബാധയുടെ അനന്തര ഫലമാണെന്ന സംശയം ഉണ്ടാകുകയാണ്’- ഡോ. രാജീവ് ജയദേവന്‍ പറയുന്നു.
യുവാക്കളിലെ ഹൃദയാഘാതത്തിന് കൊവിഡുമായോ കൊവിഡ് വാക്‌സീനുമായോ ബന്ധമുണ്ടോയെന്ന കാര്യം തങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ ജൂണില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കൊവിഡാനന്തരം മരണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ എല്ലാ വീക്ഷണ കോണുകളില്‍ നിന്നും പരിശോധിക്കുന്നുണ്ട്. ഫലം ലഭ്യമായാല്‍ ഉടനെ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ഇക്കാര്യത്തല്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് പ്രതീക്ഷിക്കാം.



source https://www.sirajlive.com/sudden-deaths-and-covid.html

Post a Comment

أحدث أقدم