ചുരത്തില്‍ അഴിയാക്കുരുക്ക്; എന്ന് വരും ബദല്‍ പാത? പാതയോട് മുഖം തിരിച്ച് അധികാരികള്‍

കല്‍പ്പറ്റ | താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുമ്പോഴും ബദല്‍ പാതയെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് അധികാരികള്‍. കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ബദല്‍ പാതയുടെ ആവശ്യകതയിലേക്കാണ് വീണ്ടും ശ്രദ്ധക്ഷണിച്ചത്. മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിയവര്‍ ചുരം ബദല്‍ റോഡ് ഒരുക്കുന്നതില്‍ അധികാരികള്‍ കാട്ടുന്ന നിസ്സംഗതയെ ശപിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. പിന്നാക്ക ജില്ലയായ വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണ് താമരശ്ശേരി ചുരം. ദിവസേന ശരാശരി 20,000 മുതല്‍ 30,000 വരെ വാഹനങ്ങളാണ് ചുരം റോഡിലൂടെ കടന്നുപോകുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

വിനോദ സഞ്ചാര ജില്ല കൂടിയായ വയനാട്ടിലേക്ക് വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയോ സംവിധാനങ്ങളോ ചുരം പാതക്കില്ലെന്നതാണ് വസ്തുത. വയനാട്ടിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്ന് ഉപയോഗിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണ് മൈസൂര്‍ കൊല്ലഗല്‍ ഹൈവേ. താമരശ്ശേരി, കുറ്റ്യാടി, പേര്യ ചുരങ്ങളില്‍ ഉള്‍പ്പെടെ മഴക്കാലം ശക്തമായാല്‍ മണ്ണിടിച്ചിലോ മറ്റ് അപകടങ്ങളോ സംഭവിച്ചാല്‍ വയനാട് ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി തളിപ്പുഴ- മരുതിലാവ്- ചിപ്പിലിത്തോട്, താമരശ്ശേരി ചുരം ബൈപാസ് റോഡും, പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരമില്ലാ ബദല്‍ റോഡും നിയമ തടസ്സങ്ങള്‍ നീക്കി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

എങ്ങുമെത്താതെ പദ്ധതികള്‍
താമരശ്ശേരി ചുരം ഒഴിവാക്കി വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതയുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നുപോലും എങ്ങുമെത്തിയിട്ടില്ല. ചുരത്തിനു ബദലായി ചിപ്പിലിത്തോട്- മരുതിലാവ്- തളിപ്പുഴ, ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി, പെരുവണ്ണാമൂഴി- പൂഴിത്തോട്- പടിഞ്ഞാറത്തറ, കുഞ്ഞോം- വിലങ്ങാട്, മേപ്പാടി- ചൂരല്‍മല- പോത്തുകല്ല്- നിലമ്പൂര്‍ പാതകളുടെ നിര്‍ദേശമാണ് ആദ്യം ഉയര്‍ന്നത്.

ഏറ്റവും ഒടുവില്‍ ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത വരെ എത്തിയ ചുരം ബദല്‍ മാര്‍ഗങ്ങള്‍ ആശയങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്. ഇവയിലൊന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്നതില്‍ വ്യക്തതയില്ല. തുരങ്കപാത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെതിരായ ചരടുവലികളും അണിയറയില്‍ സജീവമാണ്.

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ചുരമില്ലാ പാതയായ പടിഞ്ഞാറത്തറ- പൂഴിത്തോട് ബദല്‍ പാതക്ക് പുതിയ പ്രതീക്ഷ നല്‍കിയാണ് സംയുക്ത പരിശോധന കഴിഞ്ഞ മാസം നടന്നത്. പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് രണ്ട് പതിറ്റാണ്ടിലധികമായി ചര്‍ച്ചാവിഷയമാണ്. ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനം 1994ല്‍ നടത്തിയെങ്കിലും ഇതുവരെ പൂര്‍ത്തിയായില്ല. വനഭൂമി ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് റോഡ് യാഥാര്‍ഥ്യമാകുന്നതിന് തടസ്സമായത്. റോഡ് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭൂമിക്ക് പകരം ഭൂമി വനം വകുപ്പിന് വര്‍ഷങ്ങള്‍ മുമ്പ് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായിട്ടുണ്ട്.

 



source https://www.sirajlive.com/untie-the-knot-in-the-pass-what-would-be-the-alternative-path-authorities-turn-their-backs-on-the-path.html

Post a Comment

أحدث أقدم