ശ്രീലങ്കയുടെ വഴിയേ പാകിസ്താനും

പാകിസ്താന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഴിഞ്ഞ വാരത്തില്‍ പുറത്തുവന്ന ലോകബേങ്ക് റിപോര്‍ട്ട്. പാകിസ്താനിലെ ദാരിദ്ര്യനിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 39.4 ശതമാനം വര്‍ധനവുണ്ടായെന്നും ഒന്നരക്കോടിയിലധികം പേര്‍ പുതുതായി ദാരിദ്ര്യ രേഖക്ക് താഴെയെത്തിയതായും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

ദക്ഷിണേഷ്യയില്‍ ഏറ്റവും കുറവ് പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യവും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനമുപേക്ഷിക്കുന്ന രാജ്യവും പാകിസ്താനാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി.1980കളില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള രാജ്യമായിരുന്നു പാകിസ്താന്‍. 2000ത്തിനു ശേഷമാണ് സാമ്പത്തികമായി കൂപ്പുകുത്താന്‍ തുടങ്ങിയതെന്നും ലോകബേങ്ക് ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതും പാപ്പരായതും അടുത്തിടെയാണ്. പാകിസ്താന്റെയും ഗതി ഇതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. രാഷ്ട്രീയ അസ്ഥിരത, ഊര്‍ജ ഇറക്കുമതിയിലെ താങ്ങാനാകാത്ത ചെലവ്, വിദേശ കരുതല്‍ ശേഖരത്തിലെ കുറവ്, നാണയപ്പെരുപ്പം, വര്‍ധിച്ചുവരുന്ന കടബാധ്യത, കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം, നീണ്ടുപോകുന്ന യുക്രൈന്‍ യുദ്ധം തുടങ്ങി പാക് സമ്പദ്ഘടനയുടെ തകര്‍ച്ചക്ക് കാരണങ്ങള്‍ പലതാണ്.

1999ല്‍ ജനറല്‍ മുശര്‍റഫ് ഭരണത്തിന്റെ തുടക്കത്തില്‍ 3.06 ബില്യണ്‍ ആയിരുന്നു രാജ്യത്തിന്റെ പൊതുകടം. 2022ല്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാറിന്റെ അവസാനത്തില്‍ 62.5 ബില്യണായി ഇതു ഉയര്‍ന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഓരോ അഞ്ച് വര്‍ഷത്തിലും കടം ഇരട്ടിയായി. കടം പ്രതിവര്‍ഷം ശരാശരി 14 ശതമാനം കൂടിയപ്പോള്‍, ജി ഡി പി പ്രതിവര്‍ഷം ശരാശരി മൂന്ന് ശതമാനം മാത്രമാണ് വളര്‍ന്നത്. ജി ഡി പിയുടെ 85 ശതമാനം വരും പൊതുകടമെന്നാണ് ഐ എം എഫ് സൂചിക കാണിക്കുന്നത്. ലോകബേങ്ക് റിപോര്‍ട്ട് പ്രകാരം 2018ല്‍ വിദേശകടം 115 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2022ല്‍ അത് 130 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 1,551.18 യു എസ് ഡോളറാണ് 2021 ജൂണ്‍ മാസത്തെ രാജ്യാന്തര അവലോകന പ്രകാരം പാകിസ്താന്റെ പ്രതിശീര്‍ഷ വരുമാനം. ഇന്ത്യയുടെത് 7,130.00 ഡോളറും.

ഡോളറിനെതിരെ പാകിസ്താന്‍ കറന്‍സിയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും പട്ടിണി രൂക്ഷമാക്കി. ചാരിറ്റി സംഘടനകള്‍ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാനുള്ള തിക്കിലും തിരക്കിലും നിരവധി പേര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്ത സംഭവവും കുറഞ്ഞ വിലക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും ഗോതമ്പുമായെത്തിയ ട്രക്കിനു പിന്നാലെ ഓടുകയും ചെയ്യുന്ന പാക് ജനതയുടെ ചിത്രവും രാജ്യം അഭിമുഖീകരിക്കുന്ന പട്ടിണിയുടെ രൂക്ഷതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന്‍ എല്ലാക്കാലവും നേരിടുന്ന പ്രതിസന്ധി. കാലാവധിക്കു മുമ്പേ ഭരണാധികാരികള്‍ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നു. സൈനിക അട്ടിമറിയാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ തകര്‍ച്ചക്ക് പലപ്പോഴും കാരണം. സിവിലിയന്‍- സൈനിക ഗവണ്‍മെന്റുകള്‍ക്കിടയിലെ ചാഞ്ചാട്ടമാണ് രാജ്യത്തിന്റെ ചരിത്രത്തിലുടനീളം കാണാനാകുന്നത്. ഭരണമാറ്റത്തോടെ നയംമാറ്റം കൂടിയാകുമ്പോള്‍ അത് സാമ്പത്തിക മേഖലയെ ബാധിക്കുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറുകള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ് പാകിസ്താന്‍. സൈന്യത്തിന്റെ ഇടപെടലുകളും അവിടെ എല്ലാ കാലത്തും വെല്ലുവിളിയാണ്. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ള സാമ്പത്തിക പിന്‍ബലമാണ് ഭരണത്തില്‍ കൈകടത്താന്‍ പാക് സൈന്യത്തിനു ധൈര്യം നല്‍കുന്നത്. രാജ്യത്തിനുള്ളില്‍ ബിസിനസ്സ് സാമ്രാജ്യം സ്വന്തമായുള്ള ലോകത്തിലെ ഏക സൈന്യമാണ് പാകിസ്താനിലേത്. രാഷ്ട്രീയ കിടമത്സരത്തിനിടെ ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ വാരിക്കോരി സൗജന്യങ്ങളും സബ്‌സിഡികളും നല്‍കിയതും സമ്പദ്വ്യവസ്ഥയെ ബാധിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യവും കൊവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചക്കിടെയാണ് കഴിഞ്ഞ വര്‍ഷം പ്രളയം പാകിസ്താനെ വിഴുങ്ങിയത്. 1,700 പേരുടെ മരണത്തിനും ദശലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരാകാനും ഇടയായ പ്രളയം 80,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. 2019ല്‍ ഐ എം എഫുമായി രാജ്യം ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ഏഴ് ബില്യണ്‍ ഡോളര്‍ വരെയുള്ള സഹായം ഇതിന്റെ ഭാഗമായി ലഭിക്കുകയും ചെയ്തിരുന്നു. തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തുകയും നിര്‍ണായക മേഖലകളില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വേണമെന്ന് അന്ന് ഐ എം എഫ് നിര്‍ദേശിച്ചിരുന്നു. മഹാപ്രളയത്തെ തുടര്‍ന്ന് ആ നിബന്ധനകളൊന്നും പാലിക്കാനായില്ല.

മുന്‍കാലങ്ങളില്‍ അമേരിക്ക കൈയയച്ചു സഹായിച്ചിരുന്നു പാകിസ്താനെ. അമേരിക്കയുടെ ഉപഗ്രഹ രാഷ്ട്രമായിരുന്നു അന്ന് പാകിസ്താന്‍. ശീതയുദ്ധം അവസാനിച്ചതോടെ അമേരിക്കക്ക് പാകിസ്താനെ അത്ര ആവശ്യമില്ലാതായി. അതോടെ സാമ്പത്തിക സഹായവും കുറച്ചു. കടമെടുപ്പ് മാത്രമാണ് നിലവില്‍ സര്‍ക്കാറിന്റെ മുമ്പിലുള്ള മാര്‍ഗം. സഊദി അറേബ്യ, ചൈന തുടങ്ങിയ സുഹൃദ് രാഷ്ട്രങ്ങളിലാണ് പ്രതീക്ഷ.

അതേസമയം, നേരത്തേ എടുത്ത കടത്തിന്റെ തിരിച്ചടവ് മുടങ്ങുന്നത് മൂലം വിദേശ രാജ്യങ്ങളും രാജ്യാന്തര ഏജന്‍സികളും പാക്കിസ്താന് കടം കൊടുക്കാന്‍ വിമുഖത കാണിക്കുകയാണ്. ‘ഭിക്ഷക്കാരെ പോലെയാണ് സുഹൃദ് രാഷ്ട്രങ്ങള്‍ പോലും ഞങ്ങളെ കാണുന്നത്. ഏതെങ്കിലും രാജ്യത്ത് ചെല്ലുമ്പോഴോ, ഫോണ്‍ വിളിക്കുമ്പോഴോ പണത്തിന് വേണ്ടി യാചിക്കാനാണെന്നാണ് അവര്‍ വിചാരിക്കുന്നതെ’ന്ന പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ തുറന്നുപറച്ചിലില്‍ ഇത് ഏറെക്കുറെ വ്യക്തവുമാണ്.

 



source https://www.sirajlive.com/pakistan-through-sri-lanka.html

Post a Comment

أحدث أقدم