യോഗി സര്‍ക്കാര്‍ പിന്നെയും മദ്‌റസകള്‍ക്കു പിന്നാലെ

മുസ്‌ലിംകളെ സാംസ്‌കാരികമായും കായികമായും തകര്‍ക്കാനുള്ള ശ്രമം അധികാരത്തിലേറിയ അന്നു തൊട്ടേ തുടങ്ങിയിട്ടുണ്ട് ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്‌റസകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. മദ്‌റസകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ചും രജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത മദ്‌റസകള്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി കഴിഞ്ഞ ദിവസം യോഗി സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാളിന്റെ നേതൃത്വത്തില്‍ പോലീസ് സൈബര്‍ സെല്‍ സൂപ്രണ്ട് ത്രിവേണി സിംഗ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ജെ റീബ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക അന്വേഷണ സംഘ(എസ് ഐ ടി)മാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം മദ്‌റസകള്‍ക്ക് എത്തുന്ന ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് എസ് ഐ ടിക്ക് നിര്‍ദേശം. മദ്‌റസകള്‍ക്ക് ലഭിക്കുന്ന ഫണ്ട് തീവ്രവാദ പ്രവര്‍ത്തനം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം.

ഇതുകൂടാതെ മുസഫര്‍ നഗറില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് ദിനംപ്രതി 10,000 രൂപ വീതം പിഴ ചുമത്തുമെന്ന് നോട്ടീസ് നല്‍കിയിട്ടുമുണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. അംഗീകാരമോ രജിസ്‌ട്രേഷനോ ഇല്ലാതെ ജില്ലയില്‍ നൂറോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ന്യൂനപക്ഷ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് മുസഫര്‍ നഗര്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ ആരോപിക്കുന്നത്. സാമ്പത്തികമായി അതീവ പിന്നാക്കമാണ് സംസ്ഥാനത്തെ മുസ്‌ലിം സമൂഹം പൊതുവെ. മാത്രമല്ല, സൗജന്യ വിദ്യാഭ്യാസമാണ് സംസ്ഥാനത്തെ മദ്‌റസകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്നതും. പ്രതിദിനം 10,000 രൂപ പിഴ ചുമത്തിയാല്‍ ഈ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയും ചെയ്യും. അതാണ് സര്‍ക്കാറിന്റെ ലക്ഷ്യവും.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ യു പിയിലെ അംഗീകാരമില്ലാത്ത മദ്റസകളുടെ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്തിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍വേയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

മദ്റസയുടെ എണ്ണം, പേര്, മദ്റസ നടത്തുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, പഠിപ്പിക്കുന്ന സിലബസ്, മദ്റസ സ്വകാര്യ കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കു പുറമെ മദ്റസയുടെ ഫണ്ടിന്റെ ഉറവിടം, ഏതെങ്കിലും സര്‍ക്കാര്‍ ഇതര സംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാനായിരുന്നു നിര്‍ദേശം. സംസ്ഥാനത്ത് മൊത്തം 24,000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 16,000 എണ്ണത്തിനേ അംഗീകാരമുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഇതര മതവിഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി മതവിദ്യാഭ്യാസത്തിന് ആസൂത്രിതവും ചിട്ടയാര്‍ന്നതുമായ പദ്ധതികളും സംവിധാനങ്ങളുമുണ്ട് മുസ്‌ലിംകള്‍ക്ക്. സമുദായത്തിന്റെ ഓജസ്സും തേജസ്സും ഈ മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതു തിരിച്ചറിഞ്ഞാണ് വിരോധികള്‍ ഒളിഞ്ഞും തെളിഞ്ഞും മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു വരുന്നത്. മദ്‌റസകളില്‍ തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നു, വിദേശ തീവ്രവാദ സംഘടനകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നു, മദ്‌റസകളില്‍ അധ്യാപകരെന്ന വ്യാജേന ഭീകരര്‍ താമസിച്ചു വിധ്വംസക പ്രവര്‍ത്തനം നടത്തുന്നു തുടങ്ങിയ കല്ലുവെച്ച നുണകള്‍ ഇതിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിശിഷ്യാ അവരുടെ സൈബര്‍ വിഭാഗം നിരന്തരം ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് മദ്‌റസകള്‍ക്ക് തീവ്രവാദ സംഘടനകളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടോ, ഫണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാനുള്ള യോഗി സര്‍ക്കാറിന്റെ തീരുമാനം. സര്‍ക്കാറിന്റെ കീഴിലെ കറകളഞ്ഞ തീവ്രഹിന്ദുത്വ വാദികളായ ഉദ്യോഗസ്ഥ മേധാവികളടങ്ങുന്ന സംഘം അന്വേഷിച്ചാല്‍, മദ്‌റസകള്‍ക്കെത്തുന്ന സംഭാവനകളില്‍ “തീവ്രവാദ ബന്ധം’ നിഷ്പ്രയാസം കണ്ടെത്താവുന്നതേയുള്ളൂ. മദ്‌റസകള്‍ അടച്ചുപൂട്ടുകയോ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കുകയോ ആയിരിക്കും സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള തുടര്‍ നടപടികള്‍.
രാജ്യത്തെ മുസ്‌ലിം സ്ഥാപനങ്ങള്‍ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നത് രഹസ്യമല്ല.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍സ് ആക്ട് (എഫ് സി ആര്‍ എ) വ്യവസ്ഥകള്‍ക്കു വിധേയമായി സുതാര്യ മാര്‍ഗേണ സ്വീകരിക്കുന്ന ഈ സംഭാവനകള്‍ മത, ഭൗതിക വിദ്യാഭ്യാസം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മുസ്‌ലിംകളാദി മതന്യൂനപക്ഷ സംഘടനകളേക്കാളുപരി വിദേശ ഫണ്ട് സ്വീകരിക്കുന്നത് ആര്‍ എസ് എസ് ഉള്‍പ്പെടെ രാജ്യത്തെ ഹിന്ദുത്വ സംഘടനകളാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന ഈ ഫണ്ടുകള്‍ ഇവര്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന കാര്യം അവ്യക്തം. രാജ്യത്ത് ഹിന്ദുത്വര്‍ നിരന്തരം നടത്തി വരുന്ന വര്‍ഗീയ കലാപങ്ങളുടെയും വംശീയഹത്യകളുടെയും സാമ്പത്തിക സ്രോതസ്സ് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ വഴിയെത്തുന്ന ഫണ്ടാണെന്ന ആരോപണം ശക്തമാണ്. ഇന്ത്യ റിലീഫ് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന ഏജന്‍സി വഴി അമേരിക്കന്‍ കോര്‍പറേറ്റുകളും ഫൗണ്ടേഷനുകളും എത്തിച്ചു കൊടുത്ത ഡോളറുകളായിരുന്നു ഗുജറാത്തിലെ വംശഹത്യക്ക് ഉപയോഗിച്ചതെന്ന് മാധ്യമങ്ങളും സ്വതന്ത്ര അന്വേഷണ ഏജന്‍സികളും റിപോര്‍ട്ട് ചെയ്തിരുന്നു. മദ്‌റസകള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും എത്തുന്ന ഫണ്ടിന്റെ ഉറവിടങ്ങള്‍ തിരയുന്നതിന് പകരം ഹിന്ദുത്വ സംഘടനകള്‍ക്കെത്തുന്ന ഫണ്ടിന്റെ ഉറവിടവും അതിന്റെ ഉപയോഗ രീതിയും അന്വേഷിക്കുന്നത് നന്നായിരിക്കും.



source https://www.sirajlive.com/yogi-sarkar-is-again-after-madrasahs.html

Post a Comment

Previous Post Next Post