മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ ദൗത്യം

സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിനെ മാറ്റണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി നടപടി. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ്, കലക്ടറെ മാറ്റരുതെന്ന കോടതി ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഹരജി കോടതി ഇന്നലെ തള്ളിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്തവരില്‍ ഷീബാ ജോര്‍ജ് കൂടി ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞാണ് അവരെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ ഷീബാ ജോര്‍ജിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്.
തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പന്‍കുത്ത്, കെ ഡി എച്ച് വില്ലേജ് എന്നിവിടങ്ങളിലായി 300ലധികം കൈയേറ്റങ്ങള്‍ കണ്ടെത്തിയെന്നാണ് കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. ഒരു മുന്‍ മന്ത്രിയുടെ സഹോദര പുത്രനുമുണ്ട് കൈയേറ്റക്കാരുടെ പട്ടികയില്‍. റോഡ് പുറമ്പോക്ക് കൈയേറിയാണ് മന്നാംകണ്ടത്ത് ഒരു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവ ഒഴിപ്പിക്കാനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, റവന്യൂ ഡിവിഷനല്‍ ഓഫീസര്‍, അസി. കമ്മീഷണര്‍, രണ്ട് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദൗത്യ സംഘം നടപടി സ്വീകരിച്ചു വരികയാണ്. പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്. ദൗത്യ സംഘം ഇന്നലെ ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഏല കൃഷി നടത്തിയ സ്ഥലം ഒഴിപ്പിക്കുകയുണ്ടായി. കോടതിയില്‍ സമര്‍പ്പിച്ച കൈയേറ്റങ്ങളുടെ പട്ടികയിലുള്ള സ്ഥലമാണിത്. എതിര്‍പ്പ് വരാനുള്ള സാധ്യത മുന്നില്‍ കണ്ട് അതിരാവിലെയാണ് ദൗത്യ സംഘം സ്ഥലത്തെത്തി അഞ്ചര ഏക്കര്‍ സ്ഥലം പിടിച്ചെടുത്ത് അതിലെ കെട്ടിടങ്ങള്‍ സീല്‍ ചെയ്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.

ഭരണകക്ഷിയുടെ ഒരു പ്രമുഖ ജില്ലാ നേൃതൃത്വം അനധികൃത ഭൂമി ഒഴിപ്പിക്കലിനെതിരെ ശക്തമായി രംഗത്തുണ്ട്. കൈയേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യ സംഘം രൂപവത്കരിച്ച സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ട്ടി നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നാറില്‍ നിലവില്‍ ദൗത്യസംഘത്തിന്റെ ആവശ്യമൊന്നുമില്ല, ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്. കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടെയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയും മേക്കിട്ട് കയറാന്‍ ദൗത്യ സംഘത്തെ അനുവദിക്കില്ലെന്നും ദൗത്യ സംഘം അതിനു മുതിര്‍ന്നാല്‍ അവരെ തുരത്തുമെന്നും മുന്‍ മന്ത്രി കൂടിയായ ഒരു പ്രമുഖ നേതാവ് ഭീഷണി മുഴക്കുകയും ചെയ്തു. ഒഴിപ്പിക്കാന്‍ തീരുമാനിച്ചവയില്‍ അനധികൃതമായി കൈയേറി സ്ഥാപിച്ച പാര്‍ട്ടി ഓഫീസുകളും രാഷ്ട്രീയ നേതാക്കളുടെയും സ്വന്തക്കാരുടെയും ഭൂമിയുമുണ്ടെന്നതാണ് പ്രശ്‌നം.

മൂന്നാറില്‍ ഹെക്ടര്‍ കണക്കിനു സ്ഥലമാണ് ചില കമ്പനികളും സ്വകാര്യ വ്യക്തികളും അനധികൃതമായി പിടിച്ചടക്കിയത്. കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള 44.72 ഏക്കര്‍ സ്ഥലമാണ് ടാറ്റ ടി ലിമിറ്റഡ്, ഹാരിസണ്‍ മലയാളം വന്‍കിട കമ്പനികള്‍ കൈയടക്കിയത്. ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കാന്‍ ദൗത്യ സംഘങ്ങള്‍ പലതും നിയോഗിക്കപ്പെട്ടു. എന്നാല്‍ ദൗത്യ സംഘം കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു പകരം കുടിയേറ്റക്കാര്‍ ദൗത്യ സംഘങ്ങളെ ആട്ടിയോടിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിലൊക്കെയും. 2007ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്താണ് കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യ സംഘം മൂന്നാറിലെത്തിയത്. ചട്ടവിരുദ്ധമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കി ദൗത്യ സംഘം പല അനധികൃത കെട്ടിടങ്ങളും ഇടിച്ചു നിരത്തി. കൂട്ടത്തില്‍ മൂന്നാര്‍ ദേവികുളം റോഡില്‍ ദൂരപരിധി ലംഘിച്ച് നിര്‍മിച്ച ഒരു പ്രമുഖ ഭരണകക്ഷി ഓഫീസും പൊളിച്ചു. അതോടെ വിവാദമായി. പാര്‍ട്ടി നേതൃത്വം ദൗത്യ സംഘത്തിനെതിരെ രംഗത്തു വന്നു. താമസിയാതെ സുരേഷ് കുമാറിനും സംഘത്തിനും മടങ്ങേണ്ടി വന്നു.

പിന്നീട് 2007ല്‍ തന്നെ വി എം ഗോപാലമേനോന്‍, കെ എം രാമാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും 2011ല്‍ യു ഡി എഫ് ഭരണകാലത്ത് മൂന്നാമതൊരു സംഘവും ഒഴിപ്പിക്കല്‍ ദൗത്യവുമായി മൂന്നാറിലെത്തിയെങ്കിലും രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയക്ക് മുമ്പില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകാതെ നിരാശരായി തിരിച്ചു പോരേണ്ടി വന്നു. ഫലഭൂയിഷ്ടവും ആദായകരമായ കൃഷി നടത്തി ലാഭം കൊയ്യാന്‍ പറ്റുന്നവയുമാണ് പാട്ടവ്യവസ്ഥയുടെ നൂലാമാലകളിലും സര്‍വേ രേഖകളുടെ അവ്യക്തതയിലും കിടക്കുന്ന മൂന്നാറിലെ ഭൂമി. റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ സൗകര്യപ്രദമായ സ്ഥലങ്ങളുമുണ്ട് കൂട്ടത്തില്‍. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ ഇരുപത്തിയഞ്ചോളം അനധികൃത നിര്‍മാണം നടന്നെന്നും ഇതില്‍ ചിലതില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.

പ്രാദേശിക രാഷ്ട്രീയ നേതാക്കളോ അവരുടെ സ്വന്തക്കാരോ ആണ് ഭൂമി കുടിയേറി കൃഷി നടത്തുകയും റിസോര്‍ട്ട് നിര്‍മിക്കുകയും ചെയ്തവരില്‍ നല്ലൊരു പങ്കും. കള്ളപ്പട്ടയം നല്‍കാനും അതേ പട്ടയരേഖ പരിശോധനയുടെ പേരില്‍ മുക്കാനും പ്രാപ്തമായ ഉദ്യോഗസ്ഥ വൃന്ദവുമുണ്ട് അവരുടെ കൂട്ടിന്. ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് ഇടുക്കിയില്‍ കുടിയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളെല്ലാം വിഫലമാക്കുന്നത്. ഇപ്പോള്‍ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തിന് രാഷ്ട്രീയ മേലാളന്മാരുടെ എതിര്‍പ്പിനെ മറികടന്ന് എത്രത്തോളം മുന്നോട്ട് പോകാനാകുമെന്ന് കണ്ടറിയണം.



source https://www.sirajlive.com/another-evacuation-mission-in-munnar.html

Post a Comment

أحدث أقدم