തിരുവനന്തപുരം | സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുഴുവന്‍ കെ എസ് ആര്‍ ടി സി ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ യാത്രക്കുള്ള അനുമതി നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. പത്താം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌െൈറ്റപന്‍ഡ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കും. ഇതോടൊപ്പം റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതിദരിദ്ര പട്ടികയില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവന്‍ പേര്‍ക്കും അവകാശ രേഖകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി വരെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്രയാണ്. കോളജ് തലത്തില്‍ മാനദണ്ഡങ്ങള്‍ പരിഗണിച്ച് കണ്‍സഷന്‍ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും ഈ കണ്‍സഷന്‍ നിരക്ക് ലഭ്യമാക്കിയിട്ടുണ്ട്. 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകള്‍. ഓരോ വിഭാഗത്തില്‍ നിന്നും എത്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന് പ്രത്യേകം പ്രഖ്യാപിക്കും.
ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം തുടങ്ങി നാല് ക്ലേശ ഘടകങ്ങളാണ് അതിദരിദ്ര നിര്‍ണയത്തിലുള്ളത്. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികള്‍ ഉള്‍പ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങള്‍, ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമുണ്ട്. അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ മന്ത്രിസഭയില്‍ പരിഗണിച്ച ആദ്യ വിഷയമായിരുന്നു അതിദരിദ്ര നിര്‍മാര്‍ജനം. തുടര്‍ന്ന് ഇത്തരം കുടുംബങ്ങളുടെ വിവരം ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
source https://www.sirajlive.com/bus-travel-is-free-for-children-from-very-poor-families.html
Post a Comment