ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഡല്‍ഹി പോലീസിന്റെ റെയ്ഡ്.
ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് .
ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫണ്ട് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികളും കേന്ദ്ര ഏജന്‍സി കണ്ടുകെട്ടിയിരുന്നു. ചൈനയില്‍ നിന്നും ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
അതേ സമയം ഡല്‍ഹി പോലീസ് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റെയ്ഡ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണത്തില്‍, ചൈനീസ് പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്ന യുഎസ് കോടീശ്വരന്‍ നെവില്‍ റോയ് സിംഗാമുമായി ബന്ധമുള്ള ഒരു നെറ്റ്വര്‍ക്ക് ധനസഹായം നല്‍കിയ സ്ഥാപനങ്ങളിലൊന്നാണ് ന്യൂസ്‌ക്ലിക്ക് എന്ന് ആരോപിച്ചിരുന്നു.
ന്യൂസ് പോര്‍ട്ടലും അതിന്റെ ഫണ്ടിംഗ് സ്രോതസ്സുകളും സംബന്ധിച്ച് 2021 ല്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. അതേ സമയം ന്യൂസ്‌ക്ലിക്ക് പ്രൊമോട്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. നികുതി വെട്ടിപ്പ് കേസില്‍ 2021ല്‍ ന്യൂസ് പോര്‍ട്ടലിന്റെ ഓഫീസുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
വിവിധ ഏജന്‍സികളുടെ ഈ അന്വേഷണങ്ങളും ഈ ആരോപണങ്ങളും, ന്യൂസ്‌ക്ലിക്ക് ഉള്‍പ്പെടെയുള്ള മാധ്യമ സംഘടനകളുടെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകയസ്ത പ്രതികരിച്ചിരുന്നു
source https://www.sirajlive.com/widespread-raids-by-delhi-police-on-journalists-39-homes-in-delhi-phones-were-also-seized.html
Post a Comment