വംശീയ ദേശീയതയിലേക്ക് ഉണരുന്ന മിസോറാം

ജുനൈദ് ടി പി തെന്നല
junaidthennala@gmail.com

ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമായ മിസോറാം നവംബര്‍ ഏഴിന് അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. 40 അസംബ്ലി സീറ്റുള്ള മിസോറാമില്‍ ഒരു ലോക്‌സഭാ മണ്ഡലം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഫലം എന്ത് തന്നെയായാലും 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കോ കോണ്‍ഗ്രസ്സിനോ അനുകൂലമെന്ന് പറയാന്‍ പാകത്തില്‍ കാര്യമായ ഓളമുണ്ടാക്കാനുള്ള ശേഷിയും ഈ തിരഞ്ഞെടുപ്പിനില്ല. പക്ഷേ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ മിസോറാമിലെ വിധി നിര്‍ണായകമാകും എന്നിടത്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.
മണിപ്പൂര്‍, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം വംശീയ ദേശീയതയുടെ വിളനിലമാണ്. 87 ശതമാനമുള്ള ക്രിസ്ത്യാനികളാണ് വലിയ മതസമൂഹം. ഒമ്പത് ശതമാനത്തോളം വരുന്ന ബുദ്ധിസ്റ്റുകളും 2.75 ശതമാനം വരുന്ന ഹിന്ദുക്കളും 1.35 ശതമാനം മാത്രമുള്ള മുസ്‌ലിംകളുമാണ് മറ്റു ജനവിഭാഗങ്ങള്‍. ഈ ജനസംഖ്യാ അനുപാതം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ഇതുവരെ ഇടം കിട്ടാതിരുന്നതിലെ പ്രധാന വസ്തുത.
ബി ജെ പിയുടെ ഹിന്ദുത്വ ഫ്രെയിമിനോ കോണ്‍ഗ്രസ്സിന്റെ സെക്യുലര്‍ ദേശീയതക്കോ അത്ര പെട്ടെന്ന് വഴിപ്പെടാന്‍ കഴിയുന്ന രാഷ്ട്രീയമല്ല മിസോകളുടേത്. ഇന്ത്യന്‍ യൂനിയന്‍ എന്ന ഐഡന്റിറ്റിയിലേക്ക് പോലും അവര്‍ എത്ര കണ്ട് ചേർന്നുനില്‍ക്കുമെന്നത് ഒരു പ്രശ്‌നമാണ്. ഈ വംശീയ ദേശീയതയുടെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്നത് സോ ജനവിഭാഗത്തിന്റെ സാംസ്‌കാരിക സവിശേഷതകളാണ്. ചിന്‍, കുക്കി, സോമി, മിസോ തുടങ്ങിയ പേരുകളില്‍ ഒരു വംശീയ ഗോത്രമായി അറിയപ്പെടുന്ന ഇവര്‍ കുക്കി-ചിന്‍ ഭാഷകള്‍ സംസാരിക്കുന്നവരാണ്. ബംഗ്ലാദേശ്, മ്യാന്മര്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന ജനസമൂഹത്തിന്റെ രാഷ്ട്രീയ ഐക്യമാണ് ഇവരുടെ സ്വപ്‌നം. ഈ രാഷ്ട്രീയമാണ് ഭരണപാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് (എം എന്‍ എഫ്) മുന്നോട്ട് വെക്കുന്നതും. അതുകൊണ്ട് തന്നെ മ്യാന്മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. 30,000ത്തിലധികം മ്യാന്മര്‍ പൗരന്മാര്‍ മിസോറാമില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
മ്യാന്മര്‍, ബംഗ്ലദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കുടിയിറക്കപ്പെട്ടവരുടെ അഭയാര്‍ഥി പ്രശ്‌നം അഭിസംബോധന ചെയ്തുകൊണ്ടാണ് ഇപ്പോള്‍ എം എന്‍ എഫ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നത്. മണിപ്പൂരിലെ കലാപവും മിസോറാമില്‍ തൊട്ടാല്‍ പൊള്ളുന്ന തിരഞ്ഞെടുപ്പ് വിഷയമാണ്. പന്ത്രണ്ടായിരത്തിലധികം പേരാണ് മണിപ്പൂര്‍ കലാപത്തോടെ മിസോറാമിലേക്ക് പലായനം ചെയ്ത് എത്തിയിരിക്കുന്നത്. എന്നിട്ടും ഇതുവരെയും അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കാര്യമായ അളവില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. പക്ഷേ, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വിത്തിറക്കാന്‍ പാകത്തില്‍ മിസോറാമിനെ പാകപ്പെടുത്താനാണ് ബി ജെ പി ഇപ്പോള്‍ തന്ത്രപരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ അപകടാവസ്ഥയാണ് മിസോറാമിനെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.
1972ല്‍ കേന്ദ്ര ഭരണ പ്രദേശമായി നിലവില്‍ വന്ന മിസോറാമില്‍ കോണ്‍ഗ്രസ്സും മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സും മിസോ നാഷനല്‍ ഫ്രണ്ടുമാണ് ഇതുവരെയായി അധികാരം കൈയാളിയത്. അതില്‍ തന്നെ 1987ല്‍ സംസ്ഥാനം രൂപവത്കൃതമായ ശേഷം 1989 മുതല്‍ കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ടും മാത്രമാണ് ഭരണത്തിലിരുന്നത്. ഒരു പതിറ്റാണ്ട് വീതം മാറി മാറി ഭരിക്കുക എന്നതാണ് 2018 വരെയുള്ള അവസാന മൂന്ന് പതിറ്റാണ്ടിലെ ചരിത്രം. എന്നാല്‍ മിസോറാമിന്റെ രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന നല്‍കിയ തിരഞ്ഞെടുപ്പായിരുന്നു 2018ലേത്. 1993 മുതല്‍ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ നിലം തൊടാതെ തോറ്റ ബി ജെ പി ആദ്യമായി അക്കൗണ്ട് തുറക്കുകയും ഒരു ശതമാനം വോട്ട് പോലും നേടാന്‍ കഴിയാതിരുന്നിടത്ത് നിന്ന് 8.9 ശതമാനത്തിലേക്ക് വോട്ടിംഗ് ശതമാനം ഉയര്‍ത്തി അതുവഴി ഭരണത്തില്‍ പങ്കാളിയാകുകയും ചെയ്തു. ഇതിന് ബി ജെ പിയെ സഹായിച്ചത് ഹിമന്ത് ബിസ്വ ശര്‍മയെ മുന്‍നിര്‍ത്തിയുള്ള ബി ജെ പിയുടെ വടക്ക് കിഴക്കന്‍ പദ്ധതിയായിരുന്നു. വംശീയപരമായ ദേശീയതയിലും വിഘടന വാദത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന വടക്ക് കിഴക്കന്‍ രാഷ്ട്രീയത്തെ ബി ജെ പിയുടെ രാഷ്ട്രീയ ഹിന്ദുത്വ ഫ്രെയിമില്‍ പകര്‍ത്തി എഴുതുക വലിയ വെല്ലുവിളിയായിരുന്നു. ഈ പ്രതിസന്ധിയെ അതിജീവിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സ്മുക്ത ഭാരതം എന്ന ലക്ഷ്യത്തിലെ ബി ജെ പിയുടെ മുന്നിലുണ്ടായ പ്രധാന തടസ്സം. കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രവും സംഘടനാ സ്വഭാവവും എന്തിനെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതുമാണ്. ഈ വെല്ലുവിളികള്‍ ഒക്കെയും മറികടക്കുക എന്ന ലക്ഷ്യത്തിലാണ് അവഗണനകളുടെ നീണ്ട ചരിത്രം പറഞ്ഞ് മോദിയും അമിത് ഷായും നോര്‍ത്ത് ഈസ്റ്റ് പിടിക്കാനിറങ്ങിയത്.
കോണ്‍ഗ്രസ്സിന് ഹിന്ദി ബെല്‍റ്റില്‍ ചെലവഴിക്കുന്നതിന്റെ പകുതി ഊര്‍ജം മാത്രം മതിയാകുമായിരുന്നിട്ടും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് വീഴ്ചയുണ്ടായിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് ബി ജെ പി നോര്‍ത്ത് പിടിച്ചത്. ഇന്ന് നോര്‍ത്ത് ഈസ്റ്റിലെ എട്ട് സംസ്ഥാനങ്ങളില്‍ നാലിടത്തും ഭരണത്തില്‍ ബി ജെ പി മുഖ്യമന്ത്രിമാരാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണസഖ്യത്തിന്റെ ഭാഗമാകാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ നേട്ടമല്ല.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ആശയധാരയോട് ഒരിക്കലും ചേര്‍ന്ന് പോകാന്‍ സാധ്യതയില്ലാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പര്‍ട്ടികളെ ഒരുമിപ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരില്‍ 2016ല്‍ ബി ജെ പി പുതിയ സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ്സിനെ ഈ മേഖലയില്‍ നിന്ന് തുടച്ചുനീക്കുന്നതില്‍ വലിയ പങ്കുവഹിക്കാനും ഈ സഖ്യത്തിനായിട്ടുണ്ട്. ക്രിസ്ത്യന്‍ ആധിപത്യമുള്ള മിസോറാമില്‍ പോലും ബി ജെ പി അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ അടിത്തറ വിപുലപ്പെടുത്തുന്നതുമായിരുന്നു ഇതുവരെയുണ്ടായിരുന്ന ചിത്രം. കഴിഞ്ഞ ഏപ്രില്‍ മാസം മാറ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് (എം എ ഡി സി) നടന്ന തിരഞ്ഞെടുപ്പില്‍ 99 വില്ലേജ് കൗണ്‍സിലുകളില്‍ 41 എണ്ണം ബി ജെ പി തൂത്തുവാരിയെന്നത് ഇതിന്റെ നേര്‍സാക്ഷ്യം കൂടിയാണ്. എന്നാല്‍ മണിപ്പൂര്‍ കലാപത്തോടെ സ്ഥിതി കാര്യമായി മാറിയിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ അപകടങ്ങളെ അയല്‍ സംസ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ച് വിശദീകരിക്കാന്‍ പാകത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നു എന്നതാണ് ഒന്നാമത്തെ കാരണം. അതിനാല്‍ പാര്‍ട്ടി ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് പ്രതിപക്ഷത്തിന് ആരോപിക്കുക ഇപ്പോള്‍ അത്ര പ്രയാസമുള്ള ജോലിയല്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ മിസോറാമിലെ ജനങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
മണിപ്പൂരിലെ ദുരന്ത മുഖത്ത് ആദ്യമെത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. ഇപ്പോഴും തിരഞ്ഞെടുപ്പ് റാലികളിലെല്ലാം മണിപ്പൂരിനെ കുറിച്ചാണ് രാഹുല്‍ കാര്യമായി സംസാരിക്കുന്നത്. നേട്ടമായി ഒന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത എം എന്‍ എഫ് ഭരണത്തിന്റെ പോരായ്മകളെ കൂടി കോണ്‍ഗ്രസ്സിന് അഡ്രസ്സ് ചെയ്യാന്‍ കഴിഞ്ഞാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത വിദൂരത്തല്ല. പക്ഷേ, അതിന് വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ സോറം പീപ്പിള്‍ മൂവ്‌മെന്റിന്റെ മുന്നേറ്റം. 2017ല്‍ സ്ഥാപിതമായ പാര്‍ട്ടി ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലുംഗ്‌ലെയ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 49.31 ശതമാനം വോട്ട് നേടി എം എന്‍ എഫിനും കോണ്‍ഗ്രസ്സിനും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വികസന രാഷ്ട്രീയം സംസാരിക്കുന്ന പാര്‍ട്ടിക്ക് ഭരണവിരുദ്ധ വികാരം മുതലെടുക്കാനാകും എന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാൽ ശക്തമായ ത്രികോണ മത്സരത്തിലാകും പോരാട്ടം കലാശിക്കുക.
നിലവില്‍ 40 അംഗ അസംബ്ലിയില്‍ 27 സീറ്റുകളോടെ എം എന്‍ എഫും ആറ് സീറ്റുകളോടെ സോറം പീപ്പിള്‍സ് ഫ്രണ്ടും അഞ്ച് സീറ്റോടെ കോണ്‍ഗ്രസ്സും ഒരു സീറ്റുമായി ബി ജെ പിയുമാണുള്ളത്. ത്രികോണ മത്സരം നടന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലൊന്നും ആര്‍ക്കും കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടുമില്ല. ഇതാണ് മിസോറാമിനെ ആകാംക്ഷയില്‍ നിലനിര്‍ത്തുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം മിസോറാം, മണിപ്പൂര്‍ സര്‍ക്കാറുകളോട് അവരുടെ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രത്തിന്റെ ഉത്തരവ് സംസ്ഥാനം അവഗണിച്ചു. ഡാറ്റ ശേഖരിക്കുന്നത് നമ്മുടെ രക്തബന്ധുക്കളായ സഹോദരീ സഹോദരന്മാരോടുള്ള വിവേചനത്തിന് തുല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സോറംതംഗ ഇതിനെ പരസ്യമായി തള്ളിയത്. ഇത് എം എന്‍ എഫിന്റെ ജനപിന്തുണ വലിയ രീതിയില്‍ ഉയര്‍ത്താനും സോറംതംഗക്ക് വീരപരിവേഷം നല്‍കാനും സഹായിച്ചിട്ടുണ്ട്.
മണിപ്പൂര്‍ കലാപത്തോടെ വടക്ക് കിഴക്കന്‍ മേഖലയില്‍ സോ വിഭാഗത്തിന് സ്വന്തമായി ഒരു ഭരണ പ്രദേശം വേണമെന്ന വാദം വീണ്ടും സജീവമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനെ സോറംതംഗയുടെ മിസോ നാഷനല്‍ ഫ്രണ്ടും (എം എന്‍ എഫ്) ലാല്‍ദുഹോമയുടെ സോറം പീപ്പിള്‍സ് മൂവ്‌മെന്റും പിന്തുണക്കും. അങ്ങനെ വന്നാല്‍ മണിപ്പൂര്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ജനവിധി നോര്‍ത്ത് ഈസ്റ്റിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാകും.



source https://www.sirajlive.com/mizoram-awakening-to-ethnic-nationalism.html

Post a Comment

Previous Post Next Post