കൊണ്ടോട്ടി | 2024 വര്‍ഷത്തെ ഹജ്ജ് ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വഹിക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 14 നകം ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും യോഗ്യതയുള്ളവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ മുമ്പ് ഹജ്ജ് കര്‍മം നിര്‍വഹിച്ചവരായിരിക്കണം.
(ഹജ്ജ് കര്‍മം നിര്‍വഹിച്ചതിനുള്ള രേഖ സമര്‍പ്പിക്കണം). കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇന്റര്‍നെറ്റ്, ഇ-മെയില്‍, വാട്‌സ്ആപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം.
ചുമതലകള്‍
ഹജ്ജ് അപേക്ഷകര്‍ക്ക് വേണ്ടുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കല്‍, ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നല്‍കല്‍, ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കല്‍, രേഖകള്‍ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കുന്നതിനും മറ്റും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകള്‍ നല്‍കുകയും മെഡിക്കല്‍ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക. ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും ഫ്‌ളൈറ്റ് ഷെഡ്യൂളിനനുസരിച്ച് ക്യാമ്പില്‍ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.
തിരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് ട്രെയിനര്‍മാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലിങ്ക്: tthps://keralahajcommittee.org/application2024.php.
source https://www.sirajlive.com/applications-invited-for-hajj-trainers.html
Post a Comment