ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; കോണ്‍ഗ്രസ്സ് റാലിക്ക് അനുമതിയില്ല, നടത്തുമെന്ന് നേതാക്കള്‍

കോഴിക്കോട് | കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 23ന് നടത്താനിരുന്ന റാലിക്കാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി ടി പി സി) അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണം.

റാലി കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

അരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം നിശ്ചയിച്ചിരുന്നത്. എല്ലാ മതേതര- ജനാധിപത്യ വിശ്വാസികളെയും റാലിയില്‍ അണിനിരത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചിരുന്നു. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറെ ഉള്‍പ്പെടെ പലതവണ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് റാലിയുടെ ഏകോപനച്ചുമതലയുള്ള സമിതി ചെയര്‍മാന്‍ എം കെ രാഘവന്‍ എം പിയും കണ്‍വീനര്‍ കൂടിയായ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറും അറിയിച്ചു. ബീച്ചില്‍ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി ഡി ടി പി സി സെക്രട്ടറി വാക്കാല്‍ നല്‍കിയിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. 25ന് നവകേരള സദസ്സ് ഉള്ളതിനാല്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

റാലി സംഘടിപ്പിക്കുന്നതിനോട് ആദ്യം അനുകൂല നിലപാടെടുത്ത കലക്ടര്‍ പിന്നീട് പ്രതികരിക്കാതായെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കുറ്റപ്പെടുത്തി. ഫലസ്തീന്‍ വിഷയത്തില്‍ സി പി എമ്മിന്റെ കാപട്യമാണ് പുറത്തുവന്നതെന്നും നവകേരള സദസ്സിന് റാലി തടസ്സമാകില്ലെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് ഇരട്ടത്താപ്പാണെന്ന സി പി എം ആരോപണത്തിന്റെ മുനയൊടിക്കുക കൂടി ലക്ഷ്യമിട്ടാണ് ഐക്യദാര്‍ഢ്യ റാലി കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നത്.

 



source https://www.sirajlive.com/palestinian-solidarity-no-permission-for-congress-rally-leaders-say-it-will-be-held.html

Post a Comment

Previous Post Next Post