വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ്: മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലാര്‍ക്കുമാരെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

തിരുവനന്തപുരം | വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ട് ക്ലാര്‍ക്കുമാരെ തിരുവനന്തപുരം വിജിലന്‍സ് കോടതി കഠിന തടവിനു ശിക്ഷിച്ചു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ക്ലാര്‍ക്കുമാരായിരുന്ന ടി സെല്‍വരാജിനെയും എന്‍ അജിത്കുമാറിനെയുമാണ് ശിക്ഷിച്ചത്. സെല്‍വരാജിന് മൂന്നു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും അജിത്കുമാറിന് നാല് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് വിജിലന്‍സ് കോടതി വിധിച്ചത്.

ശ്രീകുമാര്‍ എന്ന വ്യക്തിക്ക് വായ്പയെടുക്കുന്നതിലേക്ക് തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്. എസ് ബി ഐയുടെ എ കെ ജി സെന്റര്‍ ശാഖയില്‍ നിന്നും 4,10,000 രൂപ വായ്പ തരപ്പെടുത്തുന്നതിനായിരുന്നു ഇത്.

കേസിലെ മറ്റു പ്രതികള്‍ മരണപ്പെട്ടു പോയതിനാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ശ്രീകുമാറിനെ വെറുതെ വിട്ടു. തിരുവനന്തപുരം യൂണിറ്റ് മുന്‍ ഡി വൈ എസ് പി. എസ് സുരേഷ്ബാബു രജിസ്റ്റര്‍ ചെയ്ത് പോലീസ് സൂപ്രണ്ട് ആര്‍ ഡി അജിത്, മുന്‍ ഡി വൈ എസ് പി. ടി അജിത് കുമാര്‍ എന്നിവര്‍ അന്വേഷിച്ച് മുന്‍ പോലീസ് സൂപ്രണ്ട് എസ് രാജേന്ദ്രന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. കേസില്‍ വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ എല്‍ ആര്‍ രഞ്ജിത് കുമാര്‍ ഹാജരായി.

 



source https://www.sirajlive.com/fake-salary-certificate-vigilance-court-convicted-two-clerks-of-animal-husbandry-department.html

Post a Comment

Previous Post Next Post