ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് 2013ൽ ഇസ്‌റാഈൽ പ്രസിഡന്റ് ഷിമോൺ പെരസിന് എഴുതിയ കത്തിൽ നിന്ന് ഇങ്ങനെ വായിക്കാം: ഇസ്‌റാഈൽ ജറൂസലമിൽ സംഘടിപ്പിക്കുന്ന പ്രസിഡൻഷ്യൽ കോൺഫറൻസിൽ പങ്കെടുക്കാനുള്ള ക്ഷണം ഞാൻ സ്വീകരിച്ചത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്ന്, സമാധാനപരമായ ഇസ്‌റാഈൽ- ഫലസ്തീൻ സഹവർത്തിത്വത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമായി ഞാൻ അതിനെ കാണുന്നു. രണ്ട്, വെസ്റ്റ് ബാങ്കിൽ പോകാനുള്ള ആഗ്രഹം. ഇസ്‌റാഈലിലേക്ക് പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം. അപ്പോഴാണ് ഫലസ്തീനിലെ അക്കാദമിക് സമൂഹം എന്റെ മുന്നിൽ അവരുടെ അഭ്യർഥന വെച്ചത്. ഞാൻ ആ പരിപാടിയിൽ പങ്കെടുക്കരുതെന്നും ഇസ്‌റാഈൽ കവർന്നെടുത്ത മണ്ണിലാണ് അത് നടക്കുന്നതെന്നും അവരെന്നെ ഓർമിപ്പിച്ചു. അവിടെ പോയാൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന എല്ലാ അതിക്രമങ്ങളെയും പിന്തുണക്കലായിപ്പോകുമെന്ന് ഞാൻ മനസ്സിലാക്കി. ആ പരിപാടി ഞാൻ ബഹിഷ്‌കരിച്ചു. ഇസ്‌റാഈൽ സർക്കാറിന്റെ നയം ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്’ – 2013 ജൂൺ എട്ടിന് ജറൂസലമിലെ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന “ഫേസിംഗ് ടുമാറോ’ എന്ന സമ്മേളനത്തിനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് സ്റ്റീഫൻ ഹോക്കിംഗ് ഈ കത്തെഴുതിയത്. ധീരമായ ബഹിഷ്‌കരണമായിരുന്നു അത്. നിവർന്ന് നിൽക്കാൻ ശേഷിയില്ലാത്ത ആ ശാസ്ത്ര പ്രതിഭ ആകാശം മുട്ടെ നട്ടെല്ല് നിവർത്തി നിന്ന നിമിഷമായിരുന്നു അത്. ലോകത്തെ ഏറ്റവും ക്രൂരമായ അധിനിവേശം അനുഭവിക്കുന്ന ഒരു ജനതക്ക് വേണ്ടിയുള്ള അമൂല്യമായ ഐക്യദാർഢ്യം.
ബി ഡി എസ് പ്രക്ഷോഭകരാണ് ഹോക്കിംഗിനെ ഈ തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. അവരാണ് അദ്ദേഹത്തെ വസ്തുതകൾ ധരിപ്പിച്ചത്. ഫലസ്തീൻ രാഷ്ട്രത്തിനായുള്ള ചോര ചിന്താത്ത പോരാട്ടത്തിന്റെ പേരാണ് ആ മൂന്നക്ഷരം. ബോയ്‌കോട്ട്, ഡിവെസ്റ്റ്, സാംക്ഷൻ. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക, അവിടേക്കുള്ള നിക്ഷേപം തടയുക, ഉപരോധിക്കുക. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി കലാകാരൻമാരും വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യകാരൻമാരും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഇസ്റാഈലിനെ ബഹിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ, ഹോക്കിംഗിന്റെ വിസമ്മതം ഈ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു.
ഹീബ്രു സർവകലാശാലയിലായിരുന്നു ഫേസിംഗ് ടുമാറോ സമ്മേളനം നടന്നത്. ഇസ്‌റാഈലിന്റെ വലിപ്പത്തരങ്ങൾ ലോകത്തിന് മുമ്പിൽ വിളമ്പുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ശിമോൺ പെരസ് തന്നെയായിരുന്നു മുഖ്യ സംഘാടകൻ. ബിൽ ക്ലിന്റണും ടോണി ബ്ലെയറും നിക്കോളാസ് സർക്കോസിയുമൊക്കെ വന്നു. ബി ഡി എസ് പ്രവർത്തകർ ഹോക്കിംഗിനോട് അഭ്യർഥിച്ചു: അങ്ങ് ഫേസിംഗ് ടുമാറോക്ക് വരരുത്. ഫലസ്തീൻ ജനതയോട് ജൂതരാഷ്ട്രം കാണിക്കുന്ന ക്രൂരതകൾ അവർ ഹോക്കിംഗിന് മുന്നിൽ വെച്ചു. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനതയുടെ വേദന അവർ പങ്കുവെച്ചു. ഈ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്റർ പണിതിരിക്കുന്നത് തന്നെ അധിനിവേശ ഭൂമിയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കും മുമ്പ് സ്റ്റീഫൻ ഹോക്കിംഗ് പലതും പരിഗണിച്ചിട്ടുണ്ടാകണം. ഇസ്റാഈൽ ഇന്ന് ശക്തമായൊരു രാഷ്ട്രമാണെന്ന വർത്തമാനവും നാടില്ലാത്ത ജനതയുടെ നാടാണെന്ന ചരിത്രപരമായ നുണയും അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടാകണം. ലോകത്താകെ നടക്കുന്ന ശാസ്ത്രഗവേഷണങ്ങളിലെല്ലാം ഇസ്റാഈലിന്റെ അപ്രതിരോധ്യമായ മുൻകൈ ഉണ്ടെന്നും അദ്ദേഹത്തിനറിയാം. തന്റെ ബഹിഷ്‌കരണത്തിന് വലിയ മാനങ്ങളും പ്രഹരശേഷിയുമുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ഇസ്റാഈലിലേക്ക് പോകേണ്ടെന്നാണ് അന്നദ്ദേഹം തീരുമാനിച്ചത്. ശാസ്ത്ര ലോകത്ത് നിന്നുള്ള ഈ പ്രഹരമേറ്റ് ഇസ്റാഈൽ അക്ഷരാർഥത്തിൽ പ്രകോപിതമായി. ബഹിഷ്‌കരണം സംവാദത്തിന്റെ നേർ വിപരീതമാണെന്നും കാടത്തമാണെന്നും സിയോണിസ്റ്റ് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇത്ര വലിയൊരു ശാസ്ത്ര പ്രതിഭയോട് കാണിക്കേണ്ട മര്യാദയുടെ കണിക പോലും ആ പ്രതികരണങ്ങളിലില്ലായിരുന്നു. സംസാരിക്കാൻ ധൈര്യമില്ലാത്തവരാണ് ബഹിഷ്‌കരിക്കുന്നതെന്ന് അവർ കെറുവിച്ചു.
സത്യത്തിൽ ഹോക്കിംഗിനെ സയണിസ്റ്റ് രാഷ്ട്രം ഇങ്ങനെ ആക്ഷേപിക്കുന്നത് ശുദ്ധ നന്ദികേടാണ്. മുമ്പ് നാല് തവണ ഇസ്‌റാഈൽ സന്ദർശിച്ചയാളാണ് ഹോക്കിംഗ്. അവരുടെ വോൾഫ് പ്രൈസ് സ്വീകരിച്ചിട്ടുമുണ്ട്. 2006ൽ കിംഗ് ഡേവിഡ് ഹോട്ടലിൽ നടന്ന ഇസ്‌റാഈൽ അക്കാദമി ഓഫ് സയൻസസ് പ്രത്യേക കോൺക്ലേവിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
ഇതൊക്കെയായ ഹോക്കിംഗ് തന്റെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വിപരീത നിലപാടെടുത്തപ്പോൾ അത് അംഗീകരിച്ചു കൊടുക്കാനുള്ള ഹൃദയ വിശാലതയൊന്നും ഇസ്‌റാഈൽ ഭരണാധികാരികൾക്കില്ലല്ലോ. ഹോക്കിംഗിന്റെ വിപ്ലകരമായ നിലപാടിൽ നോം ചോംസ്‌കിയുടെ ഇടപെടൽ കൂടി നിർണായകമായിരുന്നു.
ഹോക്കിംഗിന്റെ വിസമ്മതം വലിയ സംവാദത്തിന് തിരികൊളുത്തി. ഇസ്റാഈലിന്റെ നിഗൂഢ ലക്ഷ്യങ്ങളും ബന്ധവും അജൻഡയും ചർച്ചയായി. ഇസ്റാഈലിന്റെ “സുന്ദര മുഖം’ പ്രദർശിപ്പിക്കാനുള്ള പരസ്യപ്പലകയായി എന്തിന് നിന്ന് കൊടുക്കണമെന്ന് ശാസ്ത്ര ലോകത്ത് നിന്നടക്കം കൂടുതൽ പേർ ചിന്തിച്ചു തുടങ്ങി. ഹോക്കിംഗിന്റെ നിശബ്ദമായ പ്രതികരണം കൂടുതൽ പേരെ പ്രചോദിപ്പിച്ചു. ഇസ്റാഈലിന്റെ ശാസ്ത്ര പുരോഗതി പ്രത്യേകം വിശകലനവിധേയമായെന്നതാണ് ഹോക്കിംഗിന്റെ ബഹിഷ്‌കരണ തീരുമാനത്തിന്റെ മറ്റൊരു തലം. ജൂതരാഷ്ട്രത്തിന്റെ ശാസ്ത്ര നേട്ടങ്ങളിൽ നല്ല പങ്കും സൈനിക ശേഷിയുമായി ബന്ധപ്പെട്ടതാണെന്ന് ലോകം തിരിച്ചറിഞ്ഞു. നിരപരാധികളെ കൊന്നൊടുക്കാൻ അമേരിക്ക ഉപയോഗിക്കുന്ന ആളില്ലാവിമാനങ്ങൾ നിർമിക്കുന്നത് ഇസ്റാഈലിലാണ്. സിറിയൻ വിമതരുടെ കൈയിൽ എത്തിയിരിക്കുന്ന മാരക രാസായുധങ്ങൾ മുഴുവൻ ഇസ്ഈലിന്റെ “മഹത്തായ നേട്ട’ങ്ങളാണ്. ഫലസ്തീൻ പ്രക്ഷോഭത്തെ എങ്ങനെ നേരിടാമെന്ന ഗവേഷണത്തിലാണ് അവിടുത്തെ സോഷ്യോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും. ഇസ്റാഈൽ ഡിഫൻസ് ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് അധിനിവേശ തന്ത്രങ്ങൾ ഉപദേശിക്കലാണ് ഇവരുടെ പ്രധാന ചുമതല. വിധ്വംസക പ്രവർത്തനത്തിന് ശാസ്ത്രജ്ഞരെ ഉപയോഗിക്കുന്നതിൽ അമേരിക്കക്കും മുമ്പിലാണ് ഇസ്റാഈൽ. ഇത്തരം കാര്യങ്ങളൊക്കെ ചർച്ചയിലേക്ക് കൊണ്ടുവരാൻ ആ ഒരൊറ്റ ബഹിഷ്‌കരണത്തിന് സാധിച്ചു. ഇസ്റാഈലിനകത്തും ചെറു ചലനങ്ങൾ നടന്നു. കുപ്രസിദ്ധ സയണിസ്റ്റ് സൈദ്ധാന്തികൻ ഡേവിഡ് ബെൻഗൂറിയന്റെ പേരിലുള്ള രാഷ്ട്രതന്ത്ര സ്ഥാപനം പുറത്തിറക്കിയ പ്രബന്ധ സമാഹാരത്തിൽ രാജ്യത്ത് ശക്തമായ വംശവിവേചനം നിലനിൽക്കുന്നുവെന്നും തീർത്തും ജനാധിപത്യവിരുദ്ധമാണ് രാഷ്ട്രീയ ഘടനയെന്നും വിശദമായി പ്രതിപാദിച്ചു. സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയാണ് ഇതിനോട് ഇസ്റാഈൽ ഭരണകൂടം പ്രതികരിച്ചത്. ഉത്തരവിനെതിരെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ രംഗത്തെത്തിയതോടെ തീരുമാനം പിൻവലിക്കേണ്ടിവന്നു.
മാനസികമായ ആക്രമണമാണ് ബഹിഷ്‌കരണവും നിസ്സഹകരണവും. ശക്തമായ ഒരു സംവിധാനത്തോടാകുമ്പോൾ അത് ശ്രമകരമാണ്. അത്തരമൊരു വലിയ ദൗത്യമാണ് തന്റെ നിലപാടിലൂടെ സ്റ്റീഫൻ ഹോക്കിംഗ് നിർവഹിച്ചത്. ഹോക്കിംഗ് അവിടെ നിന്നില്ല. ഫലസ്തീനിലെ മിടുക്കരായ ശാസ്ത്ര പ്രതിഭകൾക്ക് പിന്തുണയേകാനായി എൻഡോവ്‌മെന്റ് ഏർപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫിസിക്‌സ് ലക്ചർ സീരീസ് നടത്താനായി ക്രൗഡ് ഫണ്ടിംഗിന് നേതൃത്വം നൽകി. 2016ൽ ഗ്ലോബൽ ടീച്ചർ അവാർഡ് നേടിയ ഫലസ്തീനിയൻ വനിത ഹനാൻ അൽ ഹറൂബിനെ അഭിനന്ദിച്ച് വീഡിയോയിറക്കി. 2018ൽ ഹോക്കിംഗ് അന്തരിച്ചപ്പോൾ ഫലസ്തീൻ ജനതയൊന്നാകെ കണ്ണീരണിഞ്ഞ് ആദരമർപ്പിച്ചു.
ഇന്ന് ഫലസ്തീനിലെ സ്‌കൂളുകളും ആശുപത്രികളും അഭയാർഥി ക്യാമ്പുകളും തകർത്ത് കുഞ്ഞുങ്ങളെയും ഉമ്മമാരെയും ഗർഭിണികളെയും കൊല്ലുമ്പോൾ, പലായനം ചെയ്യുന്നവർക്ക് മേൽ പോലും ബോംബിടുമ്പോൾ ഒരിക്കൽ കൂടി ബഹിഷ്‌കരണത്തിനും നിക്ഷേപ നിഷേധത്തിനും ഉപരോധത്തിനുമുള്ള ആഹ്വാനമുയരുകയാണ്. 2005ൽ ഔപചാരികമായി നിലവിൽ വന്ന ബി ഡി എസ് പ്രസ്ഥാനം തുടക്കത്തിൽ ഫലസ്തീൻ കേന്ദ്രീകരിച്ചുള്ള പൗര സംഘടനകളുടെ കൂട്ടായ്മയായിരുന്നു. ശക്തമായ സംഘടനാ സംവിധാനമൊന്നും ഈ കൂട്ടായ്മക്കുണ്ടായിരുന്നില്ല. ഇന്നുമില്ല. ദക്ഷിണാഫ്രിക്കയിലെ വംശവെറിക്കെതിരായ സമരത്തിലെ ഐതിഹാസകമായ ബഹിഷ്‌കരണ പ്രസ്ഥാനമാണ് ബി ഡി എസിന്റെ രൂപവത്കരണത്തിന് പ്രചോദനമായത്. ആർച്ച് ബിഷപ് ഡെസ്മണ്ട് ടുടുവാണ് ആശയാവേശം.
വിവിധ രാജ്യങ്ങളിലെ ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നു. ഉദാഹരണത്തിന് ദി ജ്യൂയിഷ് ഫോർ പീസ് എന്ന യു എസ് സന്നദ്ധ സംഘടന ബി ഡി എസിലെ സജീവ പങ്കാളിയാണ്. ഇസ്‌റാഈൽ സൈന്യവുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ബഹിഷ്‌കരണം കൊണ്ടുവരാൻ ഒരു പരിധി വരെ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ജൂത കൈയേറ്റ സ്ഥലങ്ങളിൽ നിരീക്ഷണ സംവിധാനങ്ങളും ബയോ മെട്രിക് തിരിച്ചറിയൽ സങ്കേതങ്ങളും തയ്യാറാക്കിയ എച്ച് പിക്കെതിരെ ബി ഡി എസ് ബഹിഷ്‌കരണ ആഹ്വാനം നൽകിയിരുന്നു. പണി പാളുമെന്ന് വന്നതോടെ, മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് കമ്പനിക്ക് വിശദീകരണം ഇറക്കേണ്ടി വന്നു. ബ്രിട്ടീഷ് ഗായകൻ സാം സ്മിത്ത് ജറൂസലമിൽ നടത്താനിരുന്ന ഷോയിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയത് ഇസ്‌റാഈൽ സാംസ്‌കാരിക വകുപ്പിന് വലിയ നാണക്കേടായിരുന്നു. 2010ൽ എൽവിസ് കാസ്റ്റലോയും 2015ൽ ലോറിൻ ഹില്ലും 2018ൽ ലെന ഡെൽ റെയും ഇത്തരത്തിൽ പ്രതിഷേധത്തിൽ പങ്കുചേർന്നു. ലക്‌സംബർഗ്, നോർവേ, ന്യൂസിലാൻഡ് എന്നിവ ഇസ്‌റാഈലിൽ നിക്ഷേപിച്ച പെൻഷൻ ഫണ്ട് ഡിവെസ്റ്റ് ക്യാമ്പയിനിന്റെ ഭാഗമായി പിൻവലിച്ചതും ബി ഡി എസിന്റെ വിജയമായിരുന്നു.
യു എസിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ബി ഡി എസിനെതിരെ ഉത്തരവിറക്കിയത് സംഘടനയുടെ വിജയമായാണ് കാണുന്നത്. നിസ്സാരമെന്ന് ഇസ്‌റാഈൽ പുച്ഛിച്ചു തള്ളിയ ഒരു ജനകീയ പരിശ്രമത്തെ അമേരിക്കക്ക് ഗൗനിക്കേണ്ടി വന്നുവല്ലോ. ചില അമേരിക്കൻ സ്റ്റേറ്റുകൾ ഇസ്‌റാഈൽ സർക്കാറുമായുണ്ടാക്കിയ കരാറുകളിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ട്രംപിന് പൊള്ളിയത്.
മുമ്പൊരിക്കലുമില്ലാത്ത വിധം ഫലസ്തീനികൾക്കായി ലോകത്താകെ ശബ്ദമുയരുന്നുണ്ട്. ബോളീവിയ പോലെയുള്ള രാജ്യങ്ങൾ സയണിസ്റ്റ് രാഷ്ട്രവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ചിലിയും കൊളംബിയയും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു. ബഹ്‌റൈൻ പാർലിമെന്റ് ബന്ധവിച്ഛേദന പ്രമേയം പാസ്സാക്കി. യു എൻ പൊതു സഭയിൽ വൻ ഭൂരിപക്ഷത്തിനാണ് ഫലസ്തീൻ അനുകൂല പ്രമേയം പാസ്സായത്. കളിക്കളങ്ങളിൽ വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. പാശ്ചാത്യ ഭരണകൂടങ്ങൾ ഇസ്‌റാഈലിന്റെ നിരുപാധിക സംരക്ഷകരായി ഇന്നും നിലകൊള്ളുന്നുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ജനങ്ങൾ മാറി ചിന്തിക്കുന്നുണ്ട്. പ്രക്ഷോഭഭരിതമാകുന്ന തെരുവുകൾ അതാണ് സാക്ഷ്യം വഹിക്കുന്നത്. ഫലസ്തീൻ ഐക്യദാർഢ്യത്തിനായി നിലകൊള്ളുന്ന മുഴുവൻ പേരുടെയും ശ്രദ്ധ പതിയേണ്ട രക്തരഹിത വിപ്ലവ കൂട്ടായ്മയാണ് ബോയ്‌കോട്ട്, ഡിവെസ്റ്റ്, സാംക്ഷൻ.
source https://www.sirajlive.com/stephen-hawking-has-a-role-model.html
Post a Comment