ഗസ്സയില്‍ ആണവ ബോംബിടാമെന്ന് ഇസ്‌റാഈല്‍ മന്ത്രി; ഒടുവില്‍ സസ്‌പെന്‍ഷന്‍

ടെല്‍ അവീവ് | ഗസ്സയില്‍ ആണവ ബോംബിടാം എന്നു പറഞ്ഞ ഇസ്‌റാഈല്‍ മന്ത്രിക്കു സസ്പെന്‍ ഷന്‍. ഇസ്‌റാഈല്‍ ജറൂസലം-പൈതൃക വകുപ്പു മന്ത്രി അമിഹൈ ഏലിയാഹു വിനെതിരെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപടി സ്വീകരിച്ചത്. മുഖം രക്ഷിക്കാനുള്ള നടപടിയാണിതെന്ന വിമര്‍ശനവും ഉയര്‍ന്നു.

മന്ത്രിസഭാ യോഗങ്ങളില്‍നിന്നു മന്ത്രിക്ക് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. ഒരു പ്രാദേശിക റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഏലിയാഹുവിന്റെ വിവാദ പരാമര്‍ശം. ഗസ്സ മുനമ്പില്‍ ആണവബോംബിട്ട് എല്ലാവരെയും കൊന്നുകളഞ്ഞാല്‍ എങ്ങനെയുണ്ടാകുമെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതൊരു സാധ്യതയാണെന്നായിരുന്നു ഇതിനോട് എലിയാഹുവിന്റെ പ്രതികരണം. ഗസ്സയില്‍ പോരാളികള്‍ മാത്രമാണുള്ളതെന്നും അങ്ങോട്ടേക്ക് മാനുഷിക സഹായം അയക്കുന്നത് പരാജയമാകുമെന്നും അഭിമുഖത്തില്‍ ഏലിയാഹു പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ഭാവിയെക്കു റിച്ചു ചോദിച്ചപ്പോള്‍ അവര്‍ ഏതെങ്കിലും മരുഭൂമിയിലേക്കു പോയ്ക്കൊ ള്ളട്ടെയെന്നായിരുന്നു മറുപടി. ഗസ്സക്കാര്‍ നാസികളാണെന്നും അവര്‍ക്കു മാനുഷികസഹായം നല്‍കരുതെന്നും ഏലിയാഹു തുടരുന്നുണ്ട്.

പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ മുഖംരക്ഷിക്കാനായി നെതന്യാഹു തന്നെ രംഗത്തെത്തി. യാഥാര്‍ഥ്യവുമായി നിരക്കാത്തതാണ് ഏലിയാഹുവിന്റെ പ്രസ്താവനയെന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്തിയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഇസ്‌റാഈല്‍ ആക്രമണമെന്നും നിരപരാധികളെ ഒഴിവാക്കിയിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.



source https://www.sirajlive.com/israeli-minister-says-he-can-drop-nuclear-bomb-on-gaza-finally-the-suspension.html

Post a Comment

أحدث أقدم