തുണയാകേണ്ടത് നീതിപീഠങ്ങളാണ്‌

പിന്നാക്കക്കാരെ ചേര്‍ത്തുപിടിക്കുന്ന നിയമ വ്യവസ്ഥ രാജ്യത്തുണ്ടാകണമെന്ന അടുത്തിടെയുള്ള ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തികച്ചും സ്വാഗതാര്‍ഹമാണ്. അദ്ദേഹം പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, നിലവിലുള്ള നിയമ വ്യവസ്ഥ പിന്നാക്കക്കാരെ ചേര്‍ത്തുപിടിക്കാന്‍ പര്യാപ്തമല്ല.

പാര്‍ശ്വവത്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ സംരക്ഷണം പോലും ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. അത് തിരുത്താന്‍ ബാധ്യസ്ഥരായ ഭരണാധികാരികള്‍ ഈ വിഭാഗങ്ങളെ എല്ലാ നിലയിലും അവഗണിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഈ ജനവിഭാഗങ്ങള്‍ക്ക് ഭരണത്തിലുള്ള വിശ്വാസവും നിയമനിര്‍മാണ സഭകളിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. എക്‌സിക്യൂട്ടീവും ലെജിസ്ലേറ്റീവും ഈ വിഭാഗങ്ങളോട് നീതിപുലര്‍ത്താത്ത സാഹചര്യത്തിലാണ് അത്യുന്നത നീതിപീഠങ്ങളെ സമീപിക്കുന്നത്. പക്ഷേ, ഭരണഘടന വ്യക്തമായി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല. ഭരണഘടനയെ പോലും വികൃതമാക്കുന്ന നിയമനിര്‍മാണങ്ങളാണ് നിയമനിര്‍മാണ സഭകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളില്‍ പ്രകടിപ്പിക്കുന്ന സ്‌നേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ വിഭാഗങ്ങളോട് ഭരണകൂടങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ട് ഭരണഘടനയെ പോലും വികൃതമാക്കുന്ന നിയമനിര്‍മാണങ്ങള്‍ ഭരണകൂടങ്ങള്‍ പാസ്സാക്കിയാലും അതിനെ ഒരു കാരണവശാലും നീതിപീഠങ്ങള്‍ അംഗീകരിക്കരുത് എന്ന അഭിപ്രായമാണ് ഈ ജനവിഭാഗങ്ങള്‍ക്കുള്ളത്. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്നുള്ള കാരണത്താല്‍ ഭരണഘടനയെ പോലും മാറ്റിമറിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് നിയമനിര്‍മാണ സഭകള്‍ പാസ്സാക്കുന്നത്. അതെല്ലാം തന്നെ ഈ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ദ്രോഹകരമായിട്ടുള്ളതുമാണ്. ഇത്തരം നിയമങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യുമ്പോള്‍ ഭരണഘടനയെ വ്യാഖ്യാനിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും അധികാരമുള്ള ഭരണഘടനാ സ്ഥാപനമായ നീതിപീഠങ്ങള്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനത്തിനും നിന്നുകൊടുക്കരുത്. ഈ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കോടതികള്‍ ബാലികേറാമലകളാണ്. ഇന്നത്തെ സാഹചര്യം വിശകലനം ചെയ്താല്‍ കോടതികളില്‍ നിന്ന് പോലും നീതി കിട്ടാത്ത അവസ്ഥയുണ്ട്. തന്നെയുമല്ല കോടതികളെ സമീപിക്കുന്നത് വളരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാല്‍ ഈ വിഭാഗങ്ങള്‍ കോടതിയെ പോലും സമീപിക്കാന്‍ സാധിക്കാതെ മാറിനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മണിക്കൂറിന് ഫീസ് നിശ്ചയിക്കുന്ന അഭിഭാഷകര്‍ ഉള്ളിടത്തോളം കാലം ഈ വിഭാഗങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കുകയില്ല.

സുപ്രീം കോടതി അടക്കമുള്ള കോടതികളിലെ ജഡ്ജിമാരുടെ നിയമനങ്ങളില്‍ ഭരണകൂടങ്ങള്‍ അനാവശ്യമായി ഇടപെടുന്നത് മൂലം നിയമിക്കപ്പെടുന്ന ജഡ്ജിമാര്‍ക്ക് ഭരണകൂടങ്ങളോടുള്ള കടപ്പാട് ഏറിവരുന്നതിനാല്‍ ഭരണകൂടങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു പരിധിവരെ അവര്‍ നിര്‍ബന്ധിതരാകാറുണ്ട്. അത് ഒഴിവാക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി അടക്കമുള്ള കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ബാഹ്യ ഇടപെടലുകള്‍ക്കു വശംവദരാകാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെ കണ്ടെത്താന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങളോടുള്ള അമിതമായ കടപ്പാട് ഒഴിവാക്കാനും സാധിക്കും. ജഡ്ജിമാര്‍ സര്‍വീസില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക് അവരുടേതായ മാന്യമായ സ്ഥാനം ജനഹൃദയങ്ങളില്‍ ഉണ്ട്. എന്നാല്‍ റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്ക്‌ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനം ലഭിക്കും എന്ന കാരണത്താല്‍ ഭരണകൂടങ്ങളോട് കടപ്പെടാന്‍ ജഡ്ജിമാര്‍ നിര്‍ബന്ധിതരാകുന്നു. റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്ക് മാന്യമായ ആനുകൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. ജഡ്ജിമാരുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സ്ഥാപനങ്ങളില്‍ റിട്ടയര്‍മെന്റിന് ശേഷം ജഡ്ജിമാര്‍ വരാതിരിക്കാന്‍ സുപ്രീം കോടതിയും അതുപോലെതന്നെ ജഡ്ജിമാരും നിലപാടുകള്‍ സ്വീകരിക്കണം. ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചതു പോലെ പിന്നാക്കക്കാരെ ചേര്‍ത്തുപിടിക്കുന്നതിന് കോടതി വിധികള്‍ ഉണ്ടാകുമ്പോള്‍ ആ വിധികളെല്ലാം തന്നെ ഭരണഘടനാധിഷ്ഠിതവും അതോടൊപ്പം തന്നെ സാമൂഹിക വീക്ഷണവും ഉള്ളതായിരിക്കണം. ഭരണഘടനാപരമായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടെങ്കിലും അത് കോടതികളിലെ ജഡ്ജിമാരുടെ നിയമനങ്ങളില്‍ പാലിക്കാറില്ല. അതുകൊണ്ട് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനങ്ങളില്‍ ഇവര്‍ക്ക് ഭരണഘടനാനുസരണമായ സംവരണം ലഭിക്കാനുള്ള നടപടികളുണ്ടാകണം. എങ്കില്‍ മാത്രമേ ഈ വിഭാഗങ്ങളെ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചത് പോലെ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

നച്ചിയപ്പന്‍ ചെയര്‍മാനായി ഉണ്ടായിരുന്ന പാര്‍ലിമെന്ററി സമിതി പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനങ്ങളില്‍ സംവരണം വേണമെന്ന് ശിപാര്‍ശ ചെയ്യുകയും ആ റിപോര്‍ട്ട് അന്നത്തെ പാര്‍ലിമെന്റ് അംഗീകരിക്കുകയും ചെയ്തുവെങ്കിലും അതനുസരിച്ചുള്ള നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് സംവരണ പ്രശ്‌നത്തില്‍ നീതിപൂര്‍വമായ തീരുമാനം ഉണ്ടാവുക തന്നെ വേണം. ഭരണഘടനാപരമായ സാമുദായിക സംവരണത്തെ സംബന്ധിച്ച് കോടതികളില്‍ വരുന്ന കേസുകളില്‍ സംവരണം സംരക്ഷിക്കുന്ന തരത്തിലുള്ള വിധികളായിരിക്കണം കോടതികളില്‍ നിന്ന് ഉണ്ടാകേണ്ടത്. പാര്‍ലിമെന്റ് പാസ്സാക്കിയ സാമ്പത്തിക സംവരണം സംബന്ധിച്ച നിയമം വസ്തുനിഷ്ഠമായി പരിശോധിച്ച് സാമുദായിക സംവരണം സംരക്ഷിക്കാനുള്ള നടപടികളും കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

അതുപോലെ മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ ആയിരക്കണക്കിന് കേസുകള്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ഇത് സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉചിതമായ നിര്‍ദേശമുണ്ടാകണം. ചില കേസുകള്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ വാദം കേള്‍ക്കാതെ നീട്ടിവെക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ. അതുപോലെ തന്നെ ഭരണകൂടങ്ങളില്‍ നിന്ന് നീതി കിട്ടാതെ വരുമ്പോള്‍ കോടതിയെ സമീപിക്കുന്ന അവസരത്തില്‍ അത്തരം കേസുകളില്‍ ഭരണകൂടങ്ങള്‍ തീരുമാനമെടുക്കട്ടെ എന്ന തരത്തിലുള്ള വിധികള്‍ ഉണ്ടാകുന്നതും ആശാസ്യമല്ല. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള വിധികള്‍ സാമൂഹിക -കുടുംബ ബന്ധങ്ങളെ ബാധിക്കും എന്നുള്ളതിനാല്‍ അത്തരം വിധികള്‍ ജനഹിതം മാനിച്ച് പുനഃപരിശോധിക്കാനും ഉന്നത നീതിപീഠങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതുപോലെ കോടതികളില്‍ നിന്ന് യോജിച്ച വിധികള്‍ ഉണ്ടാകുന്നതിന് പകരം ഭൂരിപക്ഷ ജഡ്ജിമാരുടെ നിഗമനം അനുസരിച്ച് വിധി ഉണ്ടാകുന്നതും ആശാസ്യമല്ല.

കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകള്‍ പരിശോധിച്ചാല്‍ സിംഹഭാഗവും സാധാരണ ജനങ്ങളെ ബാധിക്കുന്ന കേസുകളാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കോടതികളില്‍ ആവശ്യത്തിന് ജഡ്ജിമാര്‍ ഇല്ലാത്ത അവസ്ഥയുണ്ട്. അത് പരിഹരിക്കുന്നതിനും നടപടി അനിവാര്യമാണ്.



source https://www.sirajlive.com/courts-should-help.html

Post a Comment

أحدث أقدم