ഇരട്ട ശതകവുമായി മാക്‌സ്വെല്‍ നയിച്ചു; അഫ്ഗാനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ആസ്‌ത്രേലിയ

മുംബൈ | മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും ആസ്‌ത്രേലിയയുടെ ഏഴ് വിക്കറ്റുകള്‍ ചുരുങ്ങിയ റണ്‍സ് മാത്രം വഴങ്ങി പിഴുതെടുത്തിട്ടും തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. മൂന്ന് വിക്കറ്റിനാണ് ആസ്‌ത്രേലിയ ജയം തട്ടിയെടുത്തത്. 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഓസീസിന്റെ തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 292 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിന് മുമ്പാകെ വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയത്തിലെത്തി. 19 പന്തുകള്‍ ശേഷിക്കെയാണ് ആസ്‌ത്രേലിയ ലക്ഷ്യം കണ്ടത്.

ഈ ലോകകപ്പില്‍ ആദ്യമായി ഇരട്ട ശതകം പിറക്കുന്നതിനും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായി. ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഡബിള്‍ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ഏകദിനത്തില്‍ ഒരു ആസ്‌ത്രേലിയന്‍ താരം ഡബിള്‍ സെഞ്ച്വറി നേടുന്നതും ഇതാദ്യമാണ്. 128 പന്തില്‍ പുറത്താകാതെ 201 റണ്‍സാണ് മാക്‌സ്വെല്‍ അടിച്ചുകൂട്ടിയത്. 21 ഫോറും 10 സിക്‌സറും മാക്‌സ്വെലിന്റെ ഇന്നിംഗ്‌സിന് തൊങ്ങല്‍ ചാര്‍ത്തി. ഔട്ടായ മറ്റ് ബാറ്റ്‌സ്മാന്മാരില്‍ ഡേവിഡ് വാര്‍ണര്‍ (18), മിഷേല്‍ മാര്‍ഷ് (24), മാര്‍നസ് ലബുഷാനെ (14), പാറ്റ് കമ്മിന്‍സ് (12) എന്നിവര്‍ക്ക് മാത്രമേ ഇരട്ട അക്കത്തിലെത്താനായുള്ളൂ.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉല്‍ ഹഖ്, അസ്മതുല്ല ഒമര്‍സായി, റഷീദ്ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഇബ്‌റാഹിം സദ്‌റാന്റെ ശതകത്തിന്റെ (പുറത്താകാതെ 129) ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ 291 ല്‍ എത്തിയത്. റഹ്മാനുല്ല ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (30), ഹഷ്മത്തുല്ല ഷാഹിദി (26), അസ്മതുല്ല ഒമര്‍സായി (22), മുഹമ്മദ് നബി (12), റാഷിദ് ഖാന്‍ (പുറത്താകാതെ 35) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഓസീസ് ബോളര്‍മാരില്‍ ജോഷ് ഹേസല്‍വുഡ്, രണ്ട് വിക്കറ്റെടുത്തു. മിഷേല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 



source https://www.sirajlive.com/maxwell-led-with-a-double-century-australia-defeated-afghanistan-by-three-wickets.html

Post a Comment

أحدث أقدم