വയോസാന്ത്വനം കേന്ദ്രങ്ങളുടെ പ്രസക്തി

“വയോസാന്ത്വനം’ കേന്ദ്രങ്ങള്‍ സ്ഥാപിതമാകുകയാണ് കേരളത്തില്‍. നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യം. കിടപ്പിലായ 60 വയസ്സിന് മുകളിലുള്ളവരെ ഉദ്ദേശിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ താമസവും ചികിത്സയും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. ഡോക്ടര്‍, നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കും. പരിചരണത്തിനാവശ്യമായ തുകയുടെ 80 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. വയോജനങ്ങള്‍ക്കുള്ള സേവന ഹെല്‍പ് ലൈനായ എല്‍ഡര്‍ ലൈനിലേക്കെത്തുന്ന പരാതികളുടെ പെരുപ്പമാണ് “വയോസാന്ത്വനം’ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പ്രേരകമെന്ന് സാമൂഹികനീതി വകുപ്പ് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തിനിടെ 33,290 വയോധികരാണ് എല്‍ഡര്‍ ലൈനുമായി ബന്ധപ്പെട്ടത്. ഇവരില്‍ ഗണ്യമായൊരു വിഭാഗവും ആരും സംരക്ഷിക്കാനില്ലാത്ത നിരാശ്രയരും കിടപ്പിലായവരും അനാരോഗ്യത്താല്‍ തുടര്‍ച്ചയായ വൈദ്യപരിചരണം ആവശ്യമുള്ളവരുമാണ്.

“വയോസാന്ത്വനം’ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. അതേസമയം പ്രബുദ്ധരെന്നും സാംസ്‌കാരിക സമ്പന്നരെന്നും അഭിമാനിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം നാണക്കേടുമാണ് വൃദ്ധസദനങ്ങളുടെ പെരുപ്പവും അതിലേക്ക് നയിക്കുന്ന സാഹചര്യവും. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ധാര്‍മികമായും നിയമപരമായും മക്കള്‍ക്കാണ്. ഇക്കാര്യം മതഗ്രന്ഥങ്ങളും ധാര്‍മിക പ്രസ്ഥാനങ്ങളും ഉത്‌ബോധിപ്പിക്കുന്നതിനു പുറമെ കോടതികളും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തങ്ങളുടെ യൗവന കാലത്ത് ചോര നീരാക്കി കഠിനാധ്വാനം ചെയ്താണ് മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത്. തലയില്‍ വെച്ചാല്‍ പേനരിക്കും നിലത്തുവെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍, അത്രയും സ്‌നേഹ വായ്‌പോടെ കുട്ടിക്കാലത്തു വളര്‍ത്തുന്ന മക്കളെ ആവശ്യമായ വിദ്യാഭ്യാസം നല്‍കി നല്ല ജോലിയിലോ ബിസിനസ്സിലോ എത്തിക്കുന്നതും മാതാപിതാക്കളാണ്. മക്കള്‍ നല്ല നിലയിലെത്തുന്നതിനൊപ്പം വാര്‍ധക്യത്തില്‍ അവര്‍ തങ്ങള്‍ക്കൊരു തുണയാകണമെന്ന ചിന്തയിലും പ്രതീക്ഷയിലുമാണ് സ്വന്തം സുഖസൗകര്യങ്ങള്‍ വേണ്ടെന്നു വെച്ച് ജീവിതം മക്കള്‍ക്കായി ഉഴിഞ്ഞു വെക്കുന്നത്.

എന്നാല്‍ ആയകാലത്ത് മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കള്‍ ഒന്ന് നടുനിവര്‍ത്തി ആശ്വസിക്കാന്‍ തുടങ്ങുമ്പോഴേക്കും മക്കള്‍ ഉപജീവനം തേടി ലോകത്തിന്റെ നാനാ കോണുകളിലേക്ക് പറന്നകലുകയായി. മാത്രമല്ല, മാതാപിതാക്കളുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നവരും അവരെ വീട്ടില്‍ നിന്ന് ഏതെങ്കിലും വിധേന പുറന്തള്ളുന്നവരുമാണ് ആധുനിക സമൂഹത്തില്‍ നല്ലൊരു പങ്കും. ഉന്നത വിദ്യാഭ്യാസം നേടിയ, സ്വദേശത്തും വിദേശത്തുമായി മികച്ച ഉദ്യോഗങ്ങളില്‍ കഴിയുന്ന സമ്പന്നരായ മക്കളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. വൃദ്ധസദനത്തില്‍ മരണപ്പെട്ട മാതാവിന്റെ മൃതദേഹം ഒരു നോക്കു കാണാന്‍ പോലും ജോലിത്തിരക്ക് കാരണം സമയമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയ വിദ്യാസമ്പന്നരായ മക്കള്‍ വരെയുണ്ട് ഈ ഗണത്തില്‍. അല്ലെങ്കിലും ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കേള്‍ക്കുന്ന സ്ഥിരം വാചകമാണല്ലോ “സമയമില്ല’ എന്നത്. പ്രത്യേകിച്ചും മൊബൈല്‍ ഫോണിന്റെ വരവോടെ ആര്‍ക്കും ആരെയും നോക്കാന്‍ നേരമില്ല. മിണ്ടാന്‍ സമയമില്ല. കേള്‍ക്കാന്‍ സമയമില്ല. അമേരിക്കയിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഹെന്റി വാര്‍ഡ് ബീച്ചര്‍ പറഞ്ഞതുപോലെ “നമുക്ക് സന്താനങ്ങളുണ്ടാകുമ്പോഴാണ് മാതാപിതാക്കളുടെ സ്‌നേഹം നാം തിരിച്ചറിയുന്നത്. മാതാപിതാക്കള്‍ കടന്നുപോയ ആയാസമേറിയ നാളുകള്‍, നമ്മള്‍ ആ സ്ഥാനത്തെത്തുമ്പോഴാണ് തിരിച്ചറിയുക’.
നിരാലംബരും മക്കള്‍ ഉപേക്ഷിച്ചവരുമായ വയോധികരുടെ സംരക്ഷണം ഭരണകൂടത്തിന്റെ ബാധ്യതയാണ്. ആരോഗ്യാവസ്ഥയുടെ വിഭിന്ന സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കാലമാണ് വാര്‍ധക്യം. വിട്ടുമാറാത്ത രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങി മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഘട്ടം. വയോജനങ്ങള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുക മാത്രമല്ല, അവരുടെ ആരോഗ്യ പ്രശ്‌നങ്ങളും ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വയോധികരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. 1961ല്‍ മൊത്തം ജനസംഖ്യയുടെ 5.1 ശതമാനമായിരുന്ന കേരളത്തിലെ വാര്‍ധക്യ കാല ജനസംഖ്യ 2011ഓടെ 12.7 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് ഏകദേശം 16.7 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത മൂന്ന് ദശകങ്ങളില്‍ പ്രായമായവരുടെ (60 വയസ്സോ അതില്‍ കൂടുതലോ) എണ്ണം ഇരട്ടിയും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം മൂന്നിരട്ടിയും ആകുമെന്നാണ് യുനൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ പ്രൊജക്‌ഷന്‍സിന്റെ നിഗമനം. അതോടെ വയോജന പരിപാലനത്തിലും സംരക്ഷണത്തിലും സര്‍ക്കാറിനും ഒപ്പം സമൂഹത്തിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ 16 വൃദ്ധസദനങ്ങള്‍ അടക്കം 743 വൃദ്ധസദനങ്ങള്‍

പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കിടപ്പുരോഗികള്‍ക്ക് അവയിലൊന്നും സൗകര്യമില്ല. ഗുരുതര രോഗം ബാധിച്ച അന്തേവാസികളെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതോടെ അവര്‍ കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. വികസിത രാജ്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വൃദ്ധസദനങ്ങളില്‍ അവരുടെ ശാരീരിക മാനസിക ആരോഗ്യത്തിനുതകുന്ന സജ്ജീകരണങ്ങള്‍ക്കു പുറമെ രോഗചികിത്സക്കും മികച്ച സംവിധാനങ്ങളുണ്ട്. ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിലും ഇത്തരം സംവിധാനങ്ങള്‍ സജ്ജമാകേണ്ടതാണ്. ഇതിലേക്കുള്ള ചുവടുവെപ്പാകട്ടെ വയോസാന്ത്വന കേന്ദ്രങ്ങള്‍.



source https://www.sirajlive.com/importance-of-respite-centers.html

Post a Comment

أحدث أقدم