വൈസ് ചാന്‍സലര്‍ പോലുള്ള ഉന്നതവും സുപ്രധാനവുമായ തസ്തികകളുടെ നിയമനത്തില്‍ ചാന്‍സലര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങുന്നതിനെതിരെയുള്ള കനത്ത താക്കീതാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി. പുനര്‍നിയമന ഉത്തരവ് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാറിന്റെ സമ്മര്‍ദമുണ്ടായെന്നാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങിയതിലൂടെ ചാന്‍സലര്‍ നിയമപരമായ തന്റെ അധികാരം അടിയറവെച്ചതായും കോടതി കുറ്റപ്പെടുത്തി.
60 വയസ്സ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് 2021 നവംബര്‍ 23നാണ് നാല് വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിക്കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവുണ്ടായത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി സിക്ക് അതേ പദവിയില്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. രാഷ്ട്രീയ താത്പര്യവും സമ്മര്‍ദവുമാണ് പുനര്‍നിയമനത്തിനു പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നു. രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണറും തുറന്നടിച്ചു. പിന്നാലെ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും കണ്ണൂര്‍ വി സിയായി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്തും പുറത്തു വന്നു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഇതൊരു കൊടുങ്കാറ്റായി. തുടര്‍ന്നാണ് പ്രശ്‌നം കോടതി കയറുന്നത്.
കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ 2017ലെ ആദ്യ നിയമനവും ചട്ടം പാലിക്കാതെയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. യു ജി സി മാനദണ്ഡം അനുസരിച്ച് സെലക്‌ഷന്‍ കമ്മിറ്റി മൂന്ന് പേര്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റായിരിക്കണം ചാന്‍സലര്‍ക്ക് സമര്‍പ്പിക്കേണ്ടത്. അതില്‍ നിന്നാണ് ചാന്‍സലര്‍ ആളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ 2017ലെ നിയമന വേളയില്‍ ഗോപിനാഥ് രവീന്ദ്രന്റെ ഒരു പേര് മാത്രമാണ് സര്‍ക്കാര്‍ ചാന്‍സലര്‍ മുമ്പാകെ സമര്‍പ്പിച്ചത്. അതേസമയം യു ജി സി ആക്ടില്‍ വി സി നിയമനത്തെക്കുറിച്ച് പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ യു ജി സി തയ്യാറാക്കിയ ചട്ടം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥമല്ലെന്ന വാദവും ഉയര്‍ന്നു വന്നു. പാര്‍ലിമെന്റ് പാസ്സാക്കിയ യു ജി സി ആക്ടില്‍ വി സി നിയമനത്തെക്കുറിച്ച് പരാമര്‍ശമില്ല. യു ജി സി തയ്യാറാക്കിയ ചട്ടങ്ങളിലാണ് വി സി നിയമനത്തിന് പാനല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പറയുന്നത്. എങ്കിലും യു ജി സി ചട്ടത്തിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടാത്തിടത്തോളം അതനുസരിച്ചുള്ള വ്യാഖ്യാനങ്ങളും ഉത്തരവുകളുമാണ് കോടതികളില്‍ നിന്നുണ്ടാകുകയെന്നാണ് കേരള സാങ്കേതിക സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും വി സി നിയമനം റദ്ദാക്കിയതടക്കം ഇതുസംബന്ധിച്ച പല കോടതി വിധികളും വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന തസ്തികയാണ് വൈസ് ചാന്‍സലര്‍. തികച്ചും അര്‍ഹരായിരിക്കണം ഈ തസ്തികയില്‍ നിയമിതരാകുന്നത്. പ്രൊഫസര്‍ തസ്തികയില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അക്കാദമീഷ്യന്മാരെ മാത്രമേ വി സിയായി നിയമിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. അതു പോലെ വി സി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്താന്‍ രൂപവത്കരിക്കുന്ന സെലക്‌ഷന്‍ സമിതിയില്‍, ബന്ധപ്പെട്ട സര്‍വകലാശാലയുമായോ അതിനു കീഴിലെ കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരായിരിക്കണം ഉള്‍ക്കൊള്ളേണ്ടതെന്നും ചട്ടം അനുശാസിക്കുന്നു. ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യത്തില്‍ പലപ്പോഴും ഈ ചട്ടം ലംഘിക്കാറുണ്ട്. ഇതാണ് പലപ്പോഴും കേരളത്തിലെ വി സി നിയമനം വിവാദമാകാന്‍ കാരണം. രാഷ്ട്രീയ താത്പര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യം വിസ്മരിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ സമ്പത്തിന്റെ അടിത്തറയാണ് സര്‍വകലാശാലകളെന്നും ബാഹ്യ താത്പര്യങ്ങളാല്‍ അവയുടെ പ്രാധാന്യം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുതെന്നും 2018ല്‍ എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ഉണര്‍ത്തിയതാണ്. അതേസമയം ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി വന്ന ശേഷമാണ് സംസ്ഥാനത്ത് വി സി നിയമനം തുടര്‍ച്ചയായി വിവാദമായതെന്ന കാര്യവും വിസ്മരിക്കുന്നില്ല. ഗവര്‍ണറുടെ ബി ജെ പി വിധേയത്വമാണ് ഇതിനു കാരണം.
കേരളത്തിലെ സര്‍വകലാശാലകളുടെ വര്‍ധിതമായ എണ്ണത്തിനു പിന്നിലും മാറിമാറി വന്ന സര്‍ക്കാറുകളുടെ രാഷ്ട്രീയ താത്പര്യമുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ പതിമൂന്ന് സര്‍വകലാശാലകളും രണ്ട് സര്‍ക്കാര്‍ അംഗീകൃത ഡ്രീംഡ് യൂനിവേഴ്‌സിറ്റികളും കൂടാതെ കേന്ദ്ര സര്‍വകലാശാലയുമുണ്ട്. കേരളത്തിലെ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇത്രയധികം സര്‍വകലാശാലകളുടെ ആവശ്യമില്ലെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ പക്ഷം. സര്‍വകലാശാലകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളര്‍, സിന്‍ഡിക്കേറ്റ് തുടങ്ങിയ തസ്തികകളുടെ എണ്ണവും ഉയരും. ഇവര്‍ക്കൊക്കെ അനുബന്ധ സ്റ്റാഫുകളെയും ഓഫീസ് സംവിധാനവും ഒരുക്കണം. സര്‍ക്കാറിന് ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. സര്‍ക്കാറുകള്‍ പുതിയ സര്‍വകലാശാലകള്‍ സൃഷ്ടിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിലുപരി തങ്ങള്‍ക്ക് താത്പര്യമുള്ളവരെ പ്രമുഖ തസ്തികകളില്‍ നിയമിക്കുന്നതിനു വേണ്ടിയാണെന്ന് സന്ദേഹിക്കപ്പെടുന്നു. സര്‍വകലാശാലകള്‍ ധാരാളം പിറവിയെടുത്തിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്ത് അതിനനുസൃതമായ ഗുണമേന്മ കൈവന്നിട്ടില്ലെന്ന് സംസ്ഥാനത്ത് നിന്ന് ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 35,000 പേര്‍ വിദേശത്തെത്തുന്നുണ്ടെന്നാണ് വിദ്യാഭ്യാസ കണ്‍സള്‍ട്ടര്‍മാരുടെ സംഘടനയായ “ഇന്റര്‍നാഷനല്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അസ്സോസിയേഷന്‍’ 2021ല്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നത്.
source https://www.sirajlive.com/vc-appointments-are-so-controversial.html
Post a Comment