ഷാര്‍ജ | 22-ാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭാ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ അമ്പലത്തിലകത്തിനെ തിരഞ്ഞെടുത്തു. എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ. എസ് അഹ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 11 ന് തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിക്കും.
കണ്ണൂര്‍ ജില്ലയില്‍ പരേതനായ ചിറക്കല്‍ കെ.പി അബ്ദുള്‍ ഖാദര്‍ ഗുരുക്കളുടേയും ഖദീജ അമ്പലത്തിലകത്തിന്റെയും മകളായ ജാസ്മിന്‍ 2019 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയാണ്.
വൈകി വീശിയ മുല്ലഗന്ധം, മകള്‍ക്ക്-കാവ്യസമാഹാരം, കാത്തുവെച്ച പ്രണയമൊഴികള്‍ , ആലമീ (അയ്യപ്പന്‍ അടൂര്‍ എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ ‘എന്റെ ലോകം’ എന്ന കവിതാ സമാഹാരത്തിന്റെ അറബിക് തര്‍ജമ, ശൂന്യതയില്‍ നിന്നും ഭൂമി ഉണ്ടായ രാത്രി, രാക്കിളിപ്പേച്ച് , സൈകതഭൂവിലെ അക്ഷരോത്സവം എന്നിവയാണ് പ്രധാന രചനകള്‍.
പ്രേം നസീര്‍ സാഹിത്യ പുരസ്‌കാരം, യൂനിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം-യങ് ഓഥര്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ഷാര്‍ജ യുവകലാസാഹിതി-സി കെ ചന്ദ്രപ്പന്‍ സ്മാരക പുരസ്‌കാരം, പാം അക്ഷരത്തൂലികാ പുരസ്‌കാരം, യു എഫ് കെ അസ്മോ പുത്തഞ്ചിറ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി കഥാരചന മത്സരത്തില്‍ പ്രത്യേക സമ്മാനം 2015 ,കണ്ണൂര്‍ ആകാശവാണി അങ്കണം പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അഞ്ചോളം മലയാള ഗാന-ആല്‍ബങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ് സമീര്‍ ദുബൈയില്‍ എന്‍ജിനീയറാണ്. മക്കള്‍: ഷഹ്സാദ്, ജന്നത്ത്.
source https://www.sirajlive.com/pravasi-bharti-pratibha-puraskar-to-jasmin-ambalatilakam.html
Post a Comment