പെന്‍ഷന്‍ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി| അഞ്ച് മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരായ അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.

പെന്‍ഷന്‍ കുടിശ്ശിക എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി കൊടുക്കും. ഏപ്രില്‍ മുതല്‍ കേന്ദ്ര പെന്‍ഷന്‍ വിഹിതം ലഭിക്കുന്നില്ലെന്നും ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 78 വയസുള്ള സ്ത്രീയാണ് മറിയക്കുട്ടി. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാം. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വി ഐ പിയാണെന്നും അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

 

 

 

 

 



source https://www.sirajlive.com/today-the-high-court-will-consider-maryakutty-39-s-plea-against-suspension-of-pension.html

Post a Comment

Previous Post Next Post