കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി

ബെംഗളുരു | കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. ധരിക്കുന്ന വസ്ത്രത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതു ബി ജെ പി നയമാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.

സ്ത്രീകള്‍ക്ക് ഹിജാബ് അടക്കം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ഹജാഹ് നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അതില്‍ എതിര് പറയാന്‍ താനാരെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാന്‍ അറിയണം എന്നു സിദ്ധരാമയ്യ പ്രതികരിച്ചു.

കര്‍ണാടകയിലെ ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ഫെബ്രുവരി 2022 ല്‍ കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിച്ചു. പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ കര്‍ണാടകയില്‍ അരങ്ങേറി. ശിവമോഗയില്‍ 144 വരെ പ്രഖ്യാപിച്ചിരുന്നു.

വിഷയം ഹൈക്കോടതി വരെയെത്തി. പിന്നാലെ 2022 മാര്‍ച്ച് 15ന് ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു.

 



source https://www.sirajlive.com/chief-minister-siddaramaiah-has-directed-to-withdraw-the-ban-on-hijab-in-karnataka.html

Post a Comment

Previous Post Next Post