ഡോ. ഷഹനയുടെ മരണം; സ്ത്രീധനം ചോദിച്ച ഡോ. റുവൈസ് കസ്റ്റഡിയില്‍

തിരുവനന്തപുരം | മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച പ്രതി ഡോ. റുവൈസ് കസ്റ്റഡിയില്‍. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കും.

ഇന്നലെ റുവൈസിനെ പ്രതി ചേര്‍ത്തിരുന്നു. മെഡിക്കല്‍ പി ജി വിദ്യാര്‍ഥിയായ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നല്‍കി. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്നു റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പരാതി നല്‍കിയിരുന്നു. ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ. റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പോലീസ് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണു പരാതി. മെഡിക്കല്‍ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദ മായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. പിന്നാലെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാര്‍ത്താക്കു റിപ്പിറക്കി. മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ പിന്തുണയും സംഘടന ഉറപ്പ് നല്‍കി.

റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നു ഷഹനയുടെ കുടുംബം. എന്നാല്‍ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയര്‍ന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്നു വ്യക്തമായതിനു പിന്നാലെ റുവൈസും വിവാഹത്തില്‍ നിന്നു പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്.

ഇക്കാര്യം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയോടടക്കം ഷഹനയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പില്‍ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല. സംഭവത്തില്‍ ഡോ. റുവൈസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എം ബി ബി എസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന പിതാവ് മാസങ്ങള്‍ക്ക് മുമ്പു മരിച്ചിരുന്നു.
”എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹ്ന ജീവനൊടുക്കിയതെന്നു മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.



source https://www.sirajlive.com/dr-death-of-shahna-dr-asked-for-milk-ruwais-in-custody.html

Post a Comment

Previous Post Next Post